വധശ്രമക്കേസുകളിലെ പ്രതികള്‍ക്ക് പത്തൊമ്പതര വര്‍ഷം തടവും പിഴയും

Friday 7 November 2014 9:29 pm IST

ചാവക്കാട്: വധശ്രമകേസില്‍ പ്രതികള്‍ക്ക് പത്തൊമ്പര വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയടക്കാനും കോടതിവിധി. കടപ്പുറം പുതുരുത്തി ബ്ലാങ്ങാട് തൊട്ടുവീട്ടില്‍ വേലായുധന്റെ മക്കളായ മകന്‍ വിബീഷ് (24), രാജു (28), ഞാവേലിപ്പറമ്പില്‍ റാഫി (29) എന്നിവരെ മാരകായുധങ്ങളുമായി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ കടപ്പുറം തോട്ടാപ്പ് അച്ചിവീട്ടില്‍ ഉപേന്ദ്രന്‍ (29), ബ്ലാങ്ങാട് തെക്കെപ്പുറത്ത് ദിറാര്‍ (24) എന്നിവരെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എം.പി.ജയരാജ് ശിക്ഷിച്ചത്. 2006ലാണ് കേസിനാസ്പദമായ സംഭവം. കേസിലെ ഒന്നാംപ്രതി വിചാരണക്കിടെ മരണമടഞ്ഞിരുന്നു. തോട്ടാപ്പ് നെടിയിരിപ്പില്‍ വിബീഷാണ് മരിച്ചത്. നാലാംപ്രതി സൂരജിനെ കോടതി വെറുതെവിട്ടു. അഞ്ചാംപ്രതി അനീഷ് ഒളിവിലാണ്. മരിച്ച ഒന്നാം പ്രതി വിബീഷിന്റെ സഹോദരന്‍ വിനീഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കണ്ടെത്തി. ബൈക്കില്‍ വരികയായിരുന്ന വിബീഷ്, രാജു, റാഫി എന്നിവരെ അഞ്ചംഗസംഘം ആക്രമിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു, അഭിഭാഷകരായ കെ.എം.ശ്രീജിത്ത്, ഐശ്വര്യപ്രകാശ് എന്നിവര്‍ ഹാജരായി. ചാവക്കാട് സിഐമാരായിരുന്ന ഡിവൈഎസ്പിമാരായ വി.അജയകുമാര്‍, പി.എ.ശിവദാസന്‍ എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പതിനേഴ് സാക്ഷികളെയും 21 രേഖകളും 15 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.