കോഴിക്കോട്: സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ള എല്ലാ കത്തിടപാടുകളിലും ഫോണ്‍ നമ്പരും ഉദ്യോഗസ്ഥന്റെ പേരും പിന് കോഡും വെയ്ക്കാന്‍ കര്‍ശന നിര്‍ദ്ദേശം. ഓഫീസുകളുടെ പേരുള്ള ബോര്‍ഡുകളിലും പിന് കോഡ് നിര്‍ബന്ധമാണ്. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അവ്യക്തതയും ആശയക്കുഴപ്പവും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഓഫീസിന്റെയും ഉദ്യോഗസ്ഥന്റെ പദവിയേയും സൂചിപ്പിക്കുന്ന സീലുകള്‍, ലറ്റര്‍ ഹെഡ് എന്നിവയിലും പ്രദേശത്തെ തപാല്‍ കോഡ് കാണിച്ചിരിക്കണം. അയയ്ക്കുന്ന എല്ലാ കത്തുകളിലും ഇ മെയില്‍ വിലാസം, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ എന്നിവയും ഉണ്ടായിരിക്കണം.
നിലവില്‍ , ഒറ്റ സര്‍ക്കാര്‍ ഓഫീസിന്റെയും ബോഡുകളില്‍ പിന്കോഡില്ല. സ്ഥലപ്പേര് വെയ്ക്കണമെന്നത് നേരത്തെ തന്നെ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും അത് പാലിക്കാത്തത് അനവധിയാണ്. ഓഫീസുമായി ബന്ധപ്പെടുന്നവര്ക്കുള്ള കത്ത്/ ഉത്തരവ്/നിര്‍ദ്ദേശം/ അറിയിപ്പ് തുടങ്ങിയവയല്ലാം പലപ്പോഴും അവ്യക്തതയുണ്ടാക്കുന്നതുമാണ്.
ഇതിലെല്ലാം കൃത്യമായ വിവരണമില്ലാത്തതിനാല് ഏത് ഓഫീസില്‍, ആരുമായി ബന്ധപ്പെടണമെന്ന് സംശയമുണ്ടാകാറുണ്ട്. ഓഫീസ് തപ്പിപ്പിടിച്ചെത്തുന്നവര്ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാനും ജീവനക്കാര്‍ വിമുഖത കാണിക്കാറുണ്ട്. ഉദ്യോഗസ്ഥന്റെ പേരും ഫോണ്നമ്പരുമെല്ലാം വെയ്ക്കുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: