ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് ആനന്ദ്-കാള്‍സണ്‍ ആദ്യപോരാട്ടം ഇന്ന്

Friday 7 November 2014 11:50 pm IST

സോച്ചി: ലോക ചെസ്സ് ചാമ്പ്യന്‍ഷിനായുള്ള ആദ്യ കരുനീക്കം ഇന്ന്. നിലവിലെ ലോകചാമ്പ്യനായ നോര്‍വേയുടെ മാഗ്നസ് കാള്‍സണും മുന്‍പ് അഞ്ച് തവണ ലോക കിരീടം സ്വന്തമാക്കിയ ഇന്ത്യയുടെ സ്വന്തം വിശ്വനാഥന്‍ ആനന്ദുമാണ് ലോകകിരീടത്തിനായി കൊമ്പുകോര്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ വിശ്വനാഥന്‍ ആനന്ദിനെ പരാജയപ്പെടുത്തിയാണ് മാഗ്നസ് കാള്‍സണ്‍ ആദ്യമായി ലോകചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടത്. ഇത്തവണ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കാള്‍സണും കഴിഞ്ഞവര്‍ഷം കൈവിട്ട കിരീടം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ വിശ്വനാഥന്‍ ആനന്ദും ഏറ്റുമുട്ടുമ്പോള്‍ ചതുരംഗക്കളത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടമായിരിക്കും ഇത്തവണ അരങ്ങേറുക. 12 റൗണ്ടുകളുള്ള പോരാട്ടത്തില്‍ ആദ്യം ആറര പോയിന്റ് നേടുന്ന താരം ലോകചാമ്പ്യനാവും.  ഈ മാസം 25നാണ് 12 റൗണ്ട് പോരാട്ടത്തിന് അവസാനമാകുക. 12 റൗണ്ടുകളില്‍ ഇരു താരങ്ങള്‍ക്കും തുല്യപോയിന്റ് ലഭിക്കുകയാണെങ്കില്‍ പോരാട്ടം ടൈബ്രേക്കറിലേക്ക് നീളും. 26ന് വിശ്രമദിവസത്തിനുശേഷം 27നാണ് ടൈബ്രേക്കര്‍. ഫിഡെ ചെസ്സ് റാങ്കിങ്ങില്‍ കാള്‍സണ്‍ ഒന്നാമതും ആനന്ദ് ആറാം സ്ഥാനത്തുമാണ്. ലോക ചെസ്സിലെ എട്ട് മുന്‍നിര താരങ്ങള്‍ പങ്കെടുത്ത കാന്‍ഡിഡേറ്റ്‌സ് ചെസ്സില്‍ ഒരു മത്സരവും തോല്‍ക്കാതെ ചാമ്പ്യനായാണ് ആനന്ദ് ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. സെര്‍ജി കര്‍ജാകിന്‍, വ്‌ളാഡിമിര്‍ ക്രാംനിക്ക്, ഷഖരിയാര്‍ മമേദ്യറോവ്, ദിമിത്രി ആന്‍ഡ്രെകിന്‍, ലെവോണ്‍ ആരോണിയന്‍, പീറ്റര്‍ സിഡ്‌ലര്‍, വാസെലിന്‍ ടോപലോവ് എന്നിവരായിരുന്നു കാന്‍ഡിഡേറ്റ് ചെസ്സില്‍ പങ്കെടുത്തത്. റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ മൂന്ന് വിജയങ്ങളടക്കം എട്ടര  പോയിന്റ് നേടിയാണ് ആനന്ദ് ചാമ്പ്യനായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.