ഹൈദരാബാദ്: ദക്ഷിണ മേഖലാ ഏകദിന മത്സരത്തില്‍ കേരളത്തിന് തോല്‍വി. ഗോവയാണ് രണ്ട് വിക്കറ്റിന് കേരളത്തെ കീഴടക്കിയത്. ആദ്യംബാറ്റ് ചെയ്ത കേരളം ക്യാപ്റ്റന്‍ സച്ചിന് ബേബിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗോവ സെഞ്ച്വറി നേടിയ അമോഖ് ദേശായിയുടെയും 69 റണ്‍സ് നേടിയ ദര്ശന് മിഷാലിന്റെയും മികച്ച പ്രകടനത്തോടെ 49.1 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി.
ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളം ഒരുഘട്ടത്തില്‍ 97ന് നാല് എന്ന നിലയില്‍ നിന്നാണ് 283 റണ്‍സ് അടിച്ചുകൂട്ടിയത്. 90 പന്തില്‍ നിന്ന് 100 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സച്ചിന് ബേബിക്ക് പുറമെ അമിത് വെര്‍മ 56 റണ്‍സും റൈഫി വിന്‍സന്റ് ഗോമസ് 43 റണ്‍സും നേടി മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു.
തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഗോവ 64 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയശേഷമാണ് വിജയത്തിലേക്ക് കുതിച്ചത്. കേരളത്തിന് വേണ്ടി ബാസിത് തമ്പി 10 ഓവറില്‍ 51 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: