സംസ്ഥാനത്ത് അനധികൃത നിര്‍മ്മാണം വ്യാപകമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

Saturday 8 November 2014 7:27 pm IST

ഇടുക്കി: സംസ്ഥാനത്ത് വ്യാപകമായി അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വിഭാഗത്തിലെ വിജിലന്‍സ് റിപ്പോര്‍ട്ട്. നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാതെവന്നതോടെ ഒക്ടോബര്‍ അവസാനം തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കുലര്‍ ഇറക്കി. അനധികൃത നിര്‍മ്മാണപവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാലും നടപടിയെടുക്കുന്നില്ലെന്നാണ് തദ്ദേശ സ്വയംഭരണവകുപ്പിന്റെ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അനധികൃത നിര്‍മ്മാണവുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ സൂക്ഷിച്ചിട്ടില്ല. രജിസ്റ്റര്‍ സൂക്ഷിച്ചിരിക്കുന്നവര്‍ തന്നെ ശരിയായ വിവരങ്ങള്‍ രേഖപ്പെടുത്തുകയോ രേഖപ്പെടുത്തിയ വിവരങ്ങള്‍ക്കനുസരിച്ച് നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഗുരുതരമായ ചട്ടലംഘനത്തോടെ നിര്‍മ്മാണം നടത്തിയിരിക്കുന്ന കെട്ടിടങ്ങളും യുഎ നമ്പരിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ഇപ്രകാരം യുഎ നമ്പര്‍ ലഭിച്ച കെട്ടിടങ്ങള്‍ നിയമാനുസൃതമാക്കുന്നതിനുള്ള നടപടികള്‍ മരവിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച നടപടികള്‍ എടുക്കുന്നില്ല എന്നതാണ് വാസ്തവം. യുഎ നമ്പരിട്ടിട്ട് ഒരു വര്‍ഷമായ എല്ലാ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിച്ചതായുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.