ശബരിമല പ്രസാദങ്ങള്‍ ഇനി ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

Saturday 8 November 2014 9:28 pm IST

പത്തനംതിട്ട: ശബരിമലയിലെ അരവണ, ഉണ്ണിയപ്പം തുടങ്ങിയവ ഓണ്‍ലൈനില്‍ ബുക്കുചെയ്യുന്ന ഭക്തര്‍ക്ക് കിറ്റുകളായി വിതരണം ചെയ്യാനുള്ള സംവിധാനം ഈ തീര്‍ത്ഥാടനക്കാലത്ത് ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍. പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ ശബരിമല സുഖദര്‍ശനം ചര്‍ച്ചാപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്പം, അരവണ കൗണ്ടറുകളിലെ തിരക്ക് നിയന്ത്രിക്കാനാണ് പുതിയ രീതി. ദേവസ്വം വെബ്‌സൈറ്റിലൂടെ പ്രസാദം ബുക്ക് ചെയ്യാം. ഇതോടൊപ്പം വിഭൂതി അടക്കമുള്ളവയും നല്‍കും. ഇതിനായി പ്രത്യേക വിതരണ കൗണ്ടറുകള്‍ ആരംഭിക്കും. നെയ്യഭിഷേക ടിക്കറ്റും, താമസ സൗകര്യവും ഓണ്‍ലൈനായി ബുക്കുചെയ്യാം. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കാന്‍ ശബരിമല എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തീര്‍ത്ഥാടനക്കാലത്ത് ക്രമീകരിക്കും. തീര്‍ത്ഥാടകര്‍ നില്‍ക്കുന്ന സ്ഥലത്തുനിന്നും പ്രധാന കേന്ദ്രങ്ങളിലേക്ക് എത്താനുള്ള വിശദാംശങ്ങളും എസ്എംഎസ് ആയി ലഭിക്കും. പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ പൂങ്കാവനത്തില്‍ ഒഴിവാക്കാന്‍ ഭക്തരെ ബോധവല്‍ക്കരിക്കും. ഇതിന് വിവിധ ഭാഷകളിലുള്ള പരിപാടികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ സംപ്രേക്ഷണം ചെയ്യും. പമ്പാമലിനീകരണം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. സ്വാമി അയ്യപ്പന്‍ റോഡില്‍ വാട്ടര്‍ അതോറിറ്റി ഒരു പൈപ്പ്‌ലൈന്‍കൂടി സ്ഥാപിച്ച് ശുദ്ധജല വിതരണം കാര്യക്ഷമമാക്കും. കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ എബിസി ലൈന്‍ സ്ഥാപിക്കും. ഇതിന് വൈദ്യുതി ബോര്‍ഡിലേക്ക് ഒരു കോടി ഏഴ് ലക്ഷം രൂപാ ദേവസ്വം ബോര്‍ഡ് നല്‍കി. ദര്‍ശനത്തിനായി ക്യൂനില്‍ക്കുന്നവര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യുന്നത് കൂടുതല്‍ കാര്യക്ഷമമാക്കും. ഔഷധ കുടിവെള്ളം പൈപ്പുലൈനിലൂടെ വിതരണം ചെയ്യും. സന്നിധാനത്തെ അയ്യപ്പന്മാര്‍ക്ക് 24 മണിക്കൂറും അന്നദാനം നല്‍കുമെന്നും പറഞ്ഞ കമ്മീഷണര്‍ എന്നാല്‍ അതിന് പ്രാപ്തമായ അന്നദാനമണ്ഡപങ്ങള്‍ ഇപ്പോള്‍ സന്നിധാനത്തില്ലെന്ന കാര്യവും സമ്മതിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.