മനുഷ്യാവകാശം, മണ്ണാങ്കട്ട!

Tuesday 11 October 2011 10:22 pm IST

കേരളത്തിലെ ജനങ്ങളുടെ ധാരണ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും മനുഷ്യാവകാശങ്ങളെയും സ്ത്രീയുടെ അവകാശ-സുരക്ഷിതത്വത്തെയും ഉറപ്പാക്കുമെന്നാണ്‌. ഈ ധാരണയിലാണ്‌ പലരും കോടതിയെ സമീപിക്കാതെ തങ്ങളുടെ പരാതിയുമായി ഈ സ്ഥാപനങ്ങളെ സമീപിക്കുന്നതും ഒടുവില്‍ നീതി ലഭ്യമാകാതെ കേസ്‌ കൊടുക്കേണ്ടതിന്റെ കാലാവധി തീര്‍ന്നുപോകുകയും ചെയ്യുന്നത്‌.
മനുഷ്യവകാശ കമ്മീഷന്റെ ലക്ഷ്യം മനുഷ്യാവകാശലംഘനത്തെപ്പറ്റി അന്വേഷിക്കുകയും മനുഷ്യാവകാശലംഘനങ്ങള്‍ തടയുകയുമാണ്‌. കമ്മീഷന്‌ പരാതി കിട്ടിയാല്‍ സാക്ഷികളെ വിസ്തരിക്കാനും തെളിവ്‌ ശേഖരിക്കാനും സര്‍ക്കാരില്‍നിന്നും ബന്ധപ്പെട്ട രേഖകള്‍ ചോദിക്കാനും അവകാശമുണ്ട്‌. പക്ഷെ ഈ സ്ഥാപനങ്ങള്‍ക്ക്‌ സര്‍ക്കാരിലേക്ക്‌ ശുപാര്‍ശ സമര്‍പ്പിക്കാനല്ലാതെ ശിക്ഷയോ നഷ്ടപരിഹാരമോ വാങ്ങിക്കൊടുക്കുവാന്‍ അവകാശമില്ല.
മനുഷ്യാവകാശ ലംഘനത്തില്‍ പോലീസ്‌ പീഡനം, ലോക്കപ്പ്‌ പീഡനം, കസ്റ്റഡിമരണം, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശലംഘനം മുതലായവ അന്വേഷിക്കാം. മനുഷ്യവകാശ സംരക്ഷണ നിയമപ്രകാരം കമ്മീഷനുകള്‍ രൂപീകരിക്കാന്‍ 1993 ല്‍ നിയമം പാസായെങ്കിലും കേരളത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍വന്നത്‌ 1998 ല്‍ മാത്രമാണ്‌. 2004 ഏപ്രില്‍ മുതല്‍ മാര്‍ച്ച്‌ 2005 വരെ 2648 പരാതികള്‍ ലഭിച്ചിട്ടും 78 കേസുകളില്‍ മാത്രമാണ്‌ സ്വമേധയാ നടപടിയെടുത്തത്‌. ഏപ്രില്‍ 2005 മുതല്‍ മാര്‍ച്ച്‌ 2006 വരെ കമ്മീഷന്‌ മുമ്പിലുള്ള പെന്റിംഗ്‌ കേസുകള്‍ 5515 ആണ്‌. 4218 കേസുകള്‍ പുതിയതായി ലഭിച്ചിട്ടുണ്ട്‌. ഈ 9733 കേസുകളില്‍ കമ്മീഷന്‍ ശുപാര്‍ശ നല്‍കിയത്‌ വെറും 34 കേസുകളിലായിരുന്നു. മൂന്ന്‌ കേസുകളില്‍ നടപടിയെടുക്കാനും എട്ട്‌ കേസുകളില്‍ 4,85,000 രൂപ നഷ്ടപരിഹാരം നല്‍കാനുമുള്ള ശുപാര്‍ശ. കമ്മീഷന്റെ കാര്യക്ഷമത ഇതില്‍നിന്ന്‌ വ്യക്തമാണ്‌.
ഇപ്പോള്‍ പാലക്കാട്‌ ഇല്ലിക്കലില്‍ അറസ്റ്റ്‌ രേഖപ്പെടുത്താതെ കസ്റ്റഡിയില്‍ എടുത്ത്‌ പീഡനത്തിനിരയായി സജീവന്‍ എന്നയാള്‍ മരിച്ച കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ്‌ ഏറ്റെടുക്കുകയും പോലീസിന്റെയും ജില്ലാ അധികൃതരുടെയും റിപ്പോര്‍ട്ട്‌ ശേഖരിക്കുകയും ചെയ്യും എന്നാണ്‌ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജ: ജെ.ബി. കോശി പ്രഖ്യാപിച്ചിരിക്കുന്നത്‌.
കോളേജ്‌ ഡ്രോപ്പ്‌ ഔട്ടായ സജീവന്‍ ഫോണില്‍ ഒരു പെണ്‍കുട്ടിയെ മൊബെയിലില്‍ ശല്യം ചെയ്തതിനാണ്‌ കസ്റ്റഡിയിലെടുത്തത്‌. അറസ്റ്റ്‌ രേഖപ്പെടുത്താതെ പീഡിപ്പിച്ച്‌ അവശനിലയിലായ സജീവനെ ആശുപത്രിയിലേക്ക്‌ ആംബുലന്‍സില്‍ കൊണ്ടുപോകുകയും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന്‌ ഗുരുതരാവസ്ഥയിലായപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റുകയുമായിരുന്നു. കസ്റ്റഡി മരണങ്ങള്‍ കേരളത്തില്‍ സാധാരണ സംഭവമായി മാറുകയാണ്‌. സുപ്രീംകോടതിയുടെ ഡി.കെ. ബാസുവും വെസ്റ്റ്‌ ബംഗാളും തമ്മിലുള്ള കേസിലെ വിധിന്യായപ്രകാരം ഒരു വ്യക്തിയെ അറസ്റ്റുചെയ്യുമ്പോള്‍ പാലിക്കേണ്ട പതിനൊന്ന്‌ കല്‍പ്പനകളുണ്ട്‌. ഈ കല്‍പ്പനകള്‍ നടപ്പാക്കുന്നുണ്ടോയെന്ന്‌ പരിശോധിച്ച്‌ സുപ്രീംകോടതിക്ക്‌ നേരിട്ട്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉപസമിതികള്‍ രൂപീകരിക്കണമെന്ന ഉത്തരവ്‌ നടപ്പായിട്ടില്ല.
ഈ കല്‍പ്പനകള്‍ മാതൃഭാഷയിലെഴുതി പോലീസ്സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്ന്‌ സമിതി പരിശോധിക്കേണ്ടതാണ്‌. ഇങ്ങനെ ചെയ്തിട്ടുണ്ടോ എന്ന്‌ മനുഷ്യാവകാശ കമ്മീഷന്റെ ഇന്‍വെസ്റ്റിഗേറ്റിംഗ്‌ ഓഫീസറായിരുന്ന ഇന്നത്തെ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ എല്ലാ പോലീസ്സ്റ്റേഷനിലേക്കും കത്തയച്ചപ്പോള്‍ പാലക്കാട്‌, ആലത്തൂര്‍ സ്റ്റേഷനുകളിലെ അന്നത്തെ എസ്‌ഐ നല്‍കിയ മറുപടി "സര്‍, ഡി.കെ. ബസു ഢെ‍ വെസ്റ്റ്ബംഗാള്‍ എന്നയാളിനെ അറസ്റ്റുചെയ്തിട്ടില്ല" എന്നായിരുന്നു എന്ന്‌ വിവരാവകാശപ്രവര്‍ത്തകനായ അഡ്വ. ഡി.ബി. ബിനു പറയുന്നു. പാലക്കാടാണ്‌ കസ്റ്റഡി പീഡന മരണങ്ങളുടെ തലസ്ഥാനം.
മനുഷ്യാവകാശ നിയമപ്രകാരം മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണമെന്ന്‌ സെക്ഷന്‍ 30 നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും അത്‌ ഇവിടെ ഇതുവരെ നടപ്പാക്കിയിട്ടില്ല. അതുകാരണം തന്നെ ശുപാര്‍ശകള്‍ അയക്കുന്ന പോസ്റ്റാഫീസായി കമ്മീഷന്‍ മാറി. ഭരണകക്ഷിയുടെ പ്രീണനത്തിന്‌ പാത്രീഭൂതരായവരെ അവരോധിക്കാനുള്ള വിവിധ സ്ഥാപനങ്ങളില്‍ ഒന്നായി മനുഷ്യാവകാശ കമ്മീഷനും മാറുന്നുവോ? സാധാരണ കോടതികള്‍ക്ക്‌ പകരമുള്ള, വക്കീലന്മാരുടെ സാന്നിധ്യമുള്ള ഒരു സംവിധാനം നിലവില്‍വന്നിട്ടും പോലീസും മറ്റും നിരന്തരം മനുഷ്യാവകാശലംഘനങ്ങള്‍ തുടരുന്നു എന്നത്‌ ഇവിടെ ഒരു യാഥാര്‍ത്ഥ്യമാണ്‌.
ഈ ആശങ്ക ഉയര്‍ന്നത്‌ ഹ്യൂമന്‍റൈറ്റ്സ്‌ ലോ നെറ്റ്‌വര്‍ക്ക്‌ എന്ന സംഘടന ഇത്‌ പരിശോധിക്കാന്‍ വിളിച്ചുചേര്‍ത്ത ഒരു യോഗത്തിലാണ്‌. അഡ്വ. സന്ധ്യാ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘടനയുടെ സിറ്റിംഗില്‍ ജ: ഷംസുദ്ദീന്‍, സി.ആര്‍. നീലകണ്ഠന്‍, അഡ്വ. ഡി.ബി. ബിനു എന്നിവര്‍ സന്നിഹിതരായിരുന്നു. മനുഷ്യാവകാശ സംഘടനയ്ക്കയച്ച പരാതിയിന്മേല്‍ ഒരു നടപടിയും സ്വീകരിക്കപ്പെടാതെ ഇന്നും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന ഒട്ടനവധി പേര്‍ അന്ന്‌ സംഘടനക്ക്‌ മുമ്പില്‍ വന്ന്‌ പരാതികള്‍ ബോധിപ്പിച്ചു. സാധാരണ ദൃശ്യമാധ്യമങ്ങളില്‍ കാണുന്ന കാഴ്ചകളും പരാതിയായി വരുന്നു. അതില്‍ ഒന്ന്‌ പൊതുവഴി നിരോധനമായിരുന്നു. സര്‍ക്കാര്‍ വക പുറമ്പോക്ക്‌ ഭൂമി പണസ്വാധീനമുള്ള വ്യക്തി കയ്യേറി അറുപതോളം കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന പൊതുവഴിയുടെ പകുതിഭാഗം തന്റെ പുരയിടത്തിന്റെ ലെവലിലേക്കുയര്‍ത്തിയപ്പോള്‍ ബാക്കി അവശേഷിക്കുന്ന താണപ്രദേശത്തുകൂടി സ്കൂള്‍കുട്ടികള്‍ക്കുപോലും വഴിനടക്കാന്‍ സാധ്യമല്ലാതായി. ഇതിനെതിരെകൊടുത്ത പരാതിയില്‍ കയ്യേറ്റക്കാരന്റെ അടുത്തൂണ്‍ പറ്റുന്ന ആര്‍ഡിഒ, വില്ലേജ്‌ ആഫീസര്‍ മുതലായവര്‍ നിഷ്ക്രിയരായപ്പോഴാണ്‌ അവര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതും കഥ അതുപോലെതന്നെ തുടര്‍ന്നതും.
മറ്റൊരു പരാതി 'നാഷണല്‍ നെറ്റ്‌വര്‍ക്ക്‌ ഓഫ്‌ പോസിറ്റീവ്‌ പീപ്പിള്‍' എന്ന എച്ച്‌ഐവി ബാധിതരുടെ സംഘടനയുടേതാണ്‌. ഒരു സ്വകാര്യ ആശുപത്രി എച്ച്‌ഐവി ബാധിതരായ ഗര്‍ഭിണികളുടെ പ്രീ-ടെസ്റ്റ്‌, പോസ്റ്റ്‌-ടെസ്റ്റ്‌ എടുത്ത്‌ കൗണ്‍സലിംഗ്‌ കൊടുക്കുന്നില്ല എന്നായിരുന്നു പരാതി. പ്രീ-ടെസ്റ്റില്‍ പോസിറ്റീവ്‌ ആണെന്ന്‌ കണ്ടാല്‍ എടുക്കേണ്ട നടപടികള്‍, ഒറ്റപ്പെടല്‍ നേരിടേണ്ടിവരുന്ന എച്ച്‌ഐവി ബാധിതരുടെ മാനസിക സമ്മര്‍ദ്ദ ലഘൂകരണത്തിനുള്ള കൗണ്‍സലിംഗ്‌ മുതലായവ നല്‍കാത്തത്‌ എച്ച്‌ഐവി ബാധിതരുടെ മനുഷ്യാവകാശലംഘനങ്ങളാണ്‌. പല സ്വകാര്യ ആശുപത്രികളും ഗര്‍ഭിണികളുടെ എച്ച്‌ഐവി ടെസ്റ്റ്‌ നടത്തുന്നത്‌ അവരുടെ സമ്മതം ഇല്ലാതെയാണെന്നും പരാതിയുയര്‍ന്നു. വോളന്ററി ടെസ്റ്റിംഗ്‌ മാത്രമേ പാടുള്ളൂ എന്നാണ്‌ നിയമം. ഇങ്ങനെ ചെയ്യുന്ന മനുഷ്യാവകാശലംഘനവും നീതി കിട്ടാതെ നിലനില്‍ക്കുന്നു.
കേരളത്തില്‍ ഇന്ന്‌ കരിങ്കല്‍ ക്വാറികള്‍ ഉണ്ടാക്കുന്ന പരിസ്ഥിതിനാശം രൂക്ഷമാണ്‌. ജനസാന്ദ്രമായ പ്രദേശത്ത്‌ ക്രഷര്‍ നടത്തുന്നതിന്‌ അനുമതി നല്‍കുന്നതും മനുഷ്യാവകാശലംഘനമാണ്‌. പെരുമ്പായിക്കാട്‌ നട്ടാശ്ശേരിയില്‍ കുമാരനല്ലൂര്‍ പഞ്ചായത്തിലാണ്‌ ക്രഷര്‍ വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ രൂപീകൃതമായത്‌. ക്രഷര്‍ വന്നാല്‍ 60 ഏക്കര്‍ കൃഷി പാറത്തരികള്‍ വീണ്‌ നശിക്കുമെന്നും പാറപ്പൊടി അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുമെന്നും ശ്രവണശേഷി തകര്‍ക്കുമെന്നും ചൂണ്ടിക്കാണിച്ചിട്ടും സെന്റ്‌ മേരീസ്‌ പള്ളിയും മുസ്ലീം സംഘടനകളും എതിര്‍ത്തിട്ടും കളക്ടറുടെ നിര്‍ദ്ദേശപ്രകാരം പരമാധികാരമുള്ള പഞ്ചായത്ത്‌ എതിര്‍ത്തിട്ടും ഹൈക്കോടതിയില്‍നിന്നും വിധി നേടി ക്രഷര്‍ സ്ഥാപിക്കുന്നതിനെതിരെയുള്ള പരാതിയും മനുഷ്യാവകാശ സംഘടനയുടെ ശീതീകരണപ്പെട്ടിയിലാണ്‌.
പള്ളുരുത്തിയിലെ മാനസികവൈകല്യമുള്ള കുട്ടികള്‍ക്കായുള്ള ശില്‍പ്പാ സ്കൂള്‍ രക്ഷിതാക്കളുടെ സംഘടന നിരോധിച്ചതിലും സ്കൂള്‍ നടത്തിപ്പിലേക്ക്‌ സംഭാവന നല്‍കാത്ത മാനസിക വൈകല്യമുള്ള കുട്ടികളെ ക്ലാസില്‍ കയറ്റാതെ, 80 ശതമാനം ഹാജര്‍ ഇല്ലാത്തതിനാല്‍ പഞ്ചായത്ത്‌ സ്കോളര്‍ഷിപ്പ്പോലും തടയുന്ന സ്കൂള്‍ അധികൃതര്‍ക്കെതിരെ നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ല.
കേരളത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിക്കുകയാണ്‌. പെരുമ്പാവൂരിലെ രഘു എന്നയാളെ പോക്കറ്റടിച്ചു എന്ന്‌ ആരോപിച്ച്‌ ബസ്സിലുള്ള മന്ത്രിയുടെ ഗണ്‍മാനുള്‍പ്പെടെയുളളവര്‍ പേപ്പട്ടിയെ തല്ലുന്നപോലെ തല്ലിക്കൊന്നു. യഥാര്‍ത്ഥത്തില്‍ അയാള്‍ പണം അപഹരിച്ചിട്ടില്ലെന്നും അയാളുടെ കയ്യിലുണ്ടായിരുന്ന പണം സ്വര്‍ണം പണയംവെച്ച്‌ കിട്ടിയതായിരുന്നുവെന്നും ഇപ്പോള്‍ തെളിയുന്നു. പക്ഷെ ക്രൂരമായി ഒരു മനുഷ്യനെ, സഹജീവിയെ, തല്ലിക്കൊല്ലുവാന്‍ മാത്രം മലയാളി അധഃപതിച്ചിരിക്കുന്നു.
ഇപ്പോള്‍ കേരളം സാക്ഷിയാകുന്നത്‌ ഭരണം നഷ്ടപ്പെട്ട വിഹ്വലതയില്‍, ഭരണം എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാനുള്ള വ്യഗ്രതയില്‍ യുവജനസംഘടനകളെ സംഘട്ടനപാതയിലേക്ക്‌ വിടുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ ചെയ്തികളും അതിനെ പ്രതിരോധിക്കാനുള്ള ഭരണപക്ഷത്തിന്റെ അനിയന്ത്രിത നടപടികളുമാണ്‌. ബംഗാളില്‍ മമതാ ബാനര്‍ജിയോട്‌ തോറ്റമ്പിയ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രകടിപ്പിക്കാത്ത രോഷമാണ്‌ ഇവിടെ കാണുന്നത്‌. ഈ പരാക്രമത്തില്‍ എത്രയധികം പൊതുസ്വത്ത്‌ നശിപ്പിക്കപ്പെട്ടിട്ടും പൊതുമുതല്‍ നശീകരണത്തെ വിമര്‍ശിച്ച കോടതി പോലും നിശ്ശബ്ദത പാലിക്കുന്നു. ഇവിടെ പോലീസുകാര്‍ തിരിച്ച്‌ അക്രമം അഴിച്ചുവിടുമ്പോള്‍ നിരപരാധികളായ, റിപ്പോര്‍ട്ട്‌ ചെയ്യാന്‍ എത്തുന്ന മാധ്യമപ്രവര്‍ത്തകരും ആക്രമണങ്ങള്‍ക്കിരയാകുന്നു. നീതിനിര്‍വഹണത്തിനെത്തുന്ന പോലീസും പരിക്കേറ്റ്‌ കിടക്കുമ്പോള്‍ ആശുപത്രിയിലേക്ക്‌ മാറ്റുന്നതിനെ പോലും അക്രമികള്‍ തടസപ്പെടുത്തുന്നു.
ഇവിടെ ആര്‍ക്കാണ്‌ അവകാശമുള്ളത്‌? ആരുടെ അവകാശങ്ങളാണ്‌ നിഷേധിക്കപ്പെടുന്നത്‌? പോലീസുകാര്‍ക്ക്‌ മനുഷ്യാവകാശമുണ്ടോ? അവര്‍ക്ക്‌ മനുഷ്യാവകാശലംഘനം നിരുപാധികം നടത്താമോ? ഇവിടെ ചോദിക്കാന്‍ ആരുമില്ലേ? പ്രതികരണം എന്നാല്‍ തല്ലിക്കൊല്ലലാണോ? എല്ലാം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍!
ലീലാമേനോന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.