ഏറെപേരും ലൈസന്‍സ്‌പോലുമില്ലാത്ത ബസ് ഡ്രൈവര്‍മാര്‍ സ്വകാര്യ ബസുകള്‍ നഗരത്തെ വീണ്ടും ചോരക്കളമാക്കുന്നു

Saturday 8 November 2014 11:00 pm IST

കൊച്ചി: നഗരത്തിലെ സ്വകാര്യബസുകളുടെ അമിത വേഗതയും ജീവനക്കാരുടെ അശ്രദ്ധയും കാരണം അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇന്നലെ നോര്‍ത്ത് ജംങ്ഷനില്‍ ബസ്‌കാത്തു നിന്ന എരമല്ലൂര്‍ പുതുവനഴികത്ത് പറമ്പ് ഹൗസില്‍ വേലായുധന്‍(61) മരിച്ചതാണ് അവസാന സംഭവം.  ബസുകളുടെ മത്സരയോട്ടത്തിനിടെ ഇടതു വശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. വലതുവശത്ത് നിര്‍ത്തിയ മറ്റൊരു ബസിനെമറികടക്കാന്‍ അമിതവേഗത്തില്‍ ബസ് മുന്നോട്ടെടുക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടതുവശത്തെ ലവ്‌ലി കോര്‍ണര്‍ മൊബൈല്‍ കടയുടെ മുകളിലെ ബോര്‍ഡ് തകര്‍ത്ത് മുന്നോട്ടുപാഞ്ഞബസ്‌യാത്രക്കാരനുമേല്‍ കയറിയിറങ്ങുകയായിരുന്നു.ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങിയ യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു. അപകടം ഉണ്ടാകുമ്പോള്‍ മാത്രം രംഗത്തെത്തുന്ന ഗതാഗത വകുപ്പ് പിന്നീട് മൗനം പാലിക്കുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണം. നോര്‍ത്ത് മേല്‍പ്പാലത്തില്‍ പോലും ബസുകള്‍ ഓവര്‍ ടേക്കിങ് നടത്താറുണ്ട്. എന്നാല്‍ യാതൊരു തരത്തിലുള്ള പരിശോധനകളും പോലീസോ, ഗതാഗത വകുപ്പോ നടത്താറില്ല. മതിയായ രേഖകള്‍ പോലുമില്ലാതെയാണ് നഗരത്തില്‍ സ്വകാര്യ ബസുകളില്‍ മിക്കവയും സര്‍വീസ് നടത്തുന്നത്. ലൈസന്‍സ്‌പോലുമില്ലാത്തവരാണ് ബസ് ഡ്രൈവര്‍മാരില്‍ ഏറെയും. നഗരത്തില്‍ ബസുകളുടെ വേഗപരിധി മണിക്കൂറില്‍ 35 കിലോമീറ്ററാണ്.ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍പോലും മോട്ടോര്‍ വാഹനവകുപ്പും ട്രാഫിക് പോലീസും ശ്രമിക്കാറില്ല. സഞ്ചാരയോഗ്യമല്ലാത്ത റോഡുകളും മെട്രൊ നിര്‍മാണവും അപകട ഭീഷണി സൃഷ്ടിക്കുന്നതിനിടെയാണ് ഇത്തരം മരണപ്പാച്ചിലും നഗരത്തെ ഭീതിയിലാഴ്ത്തുന്നത്. രണ്ടു മാസം മുമ്പ് ഫോര്‍ഷോര്‍ റോഡില്‍ അമിത വേഗത്തിലെത്തിയ ബസ് വഴിയോരത്തു നിന്ന രണ്ടു സ്ത്രീകളെ ഇടിച്ചു തെറിപ്പിച്ചിരുന്നു. അപകടത്തില്‍ ഒരാള്‍ തല്‍ക്ഷണവും ഒരാള്‍ പിന്നീടും മരിച്ചു. തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ബസുകളുടെ ഓവര്‍ ടേക്കിങ് രണ്ടു മാസത്തേക്ക് ഹൈക്കോടതി നിരോധിച്ചിരുന്നു. എന്നാല്‍ അതു മറികടന്നും ബസുകള്‍ ഓവര്‍ ടേക്കിങ് തുടര്‍ന്നു. ഇതിനിടെ നഗരത്തിലെ സ്വകാര്യ ബസുകളുടെ ഓവര്‍ ടേക്കിങ് ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിച്ചു കൊണ്ട്  ഹൈക്കോടതി ഉത്തരവുമിട്ടു. എന്നാല്‍ നഗരത്തില്‍ ബസുകളുടെ ഓവര്‍ ടേക്കിങും മത്സരയോട്ടവും നിര്‍ബാധം തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.