പറമ്പിക്കുളം-ആളിയാര്‍ സംയുക്ത ബോര്‍ഡ് യോഗം 13 ന്

Saturday 8 November 2014 11:07 pm IST

പാലക്കാട്: പറമ്പിക്കുളം-ആളിയാര്‍ സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗം 13 ന് രാവിലെ 11 ന്‌സുല്‍ത്താന്‍പേട്ട കെഎസ്ഇബി ഐബിയില്‍ നടക്കും. ചിറ്റൂര്‍പ്പുഴ പദ്ധതി പ്രദേശത്തെ രണ്ടാം വിള ജലസേചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനാണു യോഗം. നേരത്തെ യോഗം വിളിക്കാന്‍ കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയത് ചര്‍ച്ചകളെ ബാധിച്ചു. ഇത്തവണ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം കേരളത്തിനാണ്. നവംബര്‍ 15 മുതല്‍ 2015 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ഓരോ ദൈ്വവാരത്തിലും ആളിയാറില്‍ നിന്നു ചിറ്റൂര്‍പ്പുഴയിലേക്കു ലഭിക്കേണ്ട വെള്ളത്തിന്റെ അളവ് നിശ്ചയിക്കുന്നതും ഈ യോഗത്തിലാണ്. ഇരു സംസ്ഥാനങ്ങളിലെയും ജല, വൈദ്യുതി വകുപ്പ് ചീഫ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെട്ടതാണു ബോര്‍ഡ്. ജൂലൈ ഒന്നു മുതല്‍ ഒക്‌ടോബര്‍ 31 വരെയുള്ള കാലയളവില്‍ പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്നു കേരളത്തിന് 1.5 ടിഎംസി വെള്ളമാണു ലഭിച്ചത്. കരാര്‍ പ്രകാരം ഇക്കാലയളവില്‍ മൂന്നു ടിഎംസി വെള്ളം ലഭിക്കണമെങ്കിലും സംസ്ഥാനത്തു കനത്ത മഴയെത്തുടര്‍ന്നു ബാക്കി വെള്ളം പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ ശേഖരിച്ചുനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് അംഗീകരിച്ചിരുന്നു. ഈ കരുതല്‍ശേഖരം കൂടി വേനല്‍ക്കാലത്ത് ഉപയോഗിക്കാനാണു കേരളത്തിന്റെ പരിപാടി. അതേ സമയം കുടിശിക വെള്ളത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.