വൈകല്യമുള്ളവരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തും

Tuesday 11 October 2011 10:40 pm IST

കൊച്ചി: വൈകല്യമുള്ളവരുടെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പൊതുസ്ഥലങ്ങളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതിനും നടപടിയെടുക്കുമെന്ന്‌ കളക്ടര്‍ പി.ഐ. ഷേയ്ക്ക്‌ പരീത്‌ പറഞ്ഞു. ഇത്തരക്കാരുടെ പ്രശ്നങ്ങള്‍ പഠിച്ച്‌ പരിഹാരം കാണുന്നതിനായി ഏകോപനസമിതിക്കു രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുയാത്രാവാഹനങ്ങളും കെട്ടിടങ്ങളും വൈകല്യമുള്ളവര്‍ക്കുകൂടി പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ ന്യൂദല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ അക്സസിബിള്‍ എന്‍വയോണ്‍മെന്റ്സിനു കീഴിലെ 'സാമര്‍ഥ്യം' സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെട്രോ റെയില്‍ പദ്ധതിയിലും ജലഗതാഗതപദ്ധതികളിലും എല്ലാവിഭാഗത്തിനും സൗകര്യമൊരുക്കുമെന്നും കളക്ടര്‍ പറഞ്ഞു. ബസുകള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബോട്ട്ജെട്ടി എന്നിവിടങ്ങളിലും പൊതു കെട്ടിടങ്ങളിലും എത്തിപ്പെടുന്ന വികലാംഗര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ശില്‍പശാലയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതു പരിഗണിച്ചാണ്‌ ജില്ലയില്‍ വൈകല്യമുള്ളവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത്‌ പരിഹരിക്കുന്നതിന്‌ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ കളക്ടര്‍ തീരുമാനിച്ചത്‌.
വിനോദസഞ്ചാരരംഗത്ത്‌ വൈകല്യമുള്ളവര്‍ നേരിടുന്ന പ്രശ്നങ്ങളും ശില്‍പശാല ചര്‍ച്ച ചെയ്തു. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കൊച്ചിയില്‍ എത്തുന്ന വികലാംഗര്‍ക്ക്‌ പല കാഴ്ചകളും അപ്രാപ്യമാണെന്ന്‌ സാമര്‍ഥ്യം പ്രതിനിധി അഞ്ജലി അഗര്‍വാള്‍ പറഞ്ഞു. ബസിലോ ബോട്ടിലോ കയറാന്‍ ഇത്തരക്കാര്‍ക്കാവില്ല. ഈ സ്ഥിതിക്ക്‌ മാറ്റം വരേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അവര്‍ പറഞ്ഞു. മിത്രജ്യോതി, സിബിഎം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്‍പശാല ഇന്ന്‌ സമാപിക്കും.