കോണ്‍ഗ്രസ് നേതാവിന്റെ പുത്രന്‍ ബിജെപിയില്‍

Monday 10 November 2014 1:44 am IST

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഡോ. കരണ്‍സിങ്ങിന്റെ മകന്‍ അജാത ശത്രുസിംഗ് ബിജെപിയില്‍. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നടക്കുന്ന ജമ്മുകശ്മീരില്‍ ബിജെപിക്ക് എതിര്‍കക്ഷികളില്‍ മേല്‍കൈ നേടാനിടയാക്കി. മുമ്പ് ബിജെപിയില്‍ നിന്ന് മാറ്റിനിര്‍ത്തിയ മുതിര്‍ന്ന നേതാവ് ചമന്‍ലാല്‍ ഗുപ്തയെയും പാര്‍ട്ടിയിലെടുത്തിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്രപ്രധാന്‍, ജിതേന്ദ്ര സിംഗ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവ് എന്നിവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു അംഗത്വം നല്‍കല്‍. ജമ്മുകശ്മീരില്‍ പാര്‍ട്ടി ചുമതലയുള്ള അവിനാഷ് റായ് ഖന്നയും സന്നിഹിതനായിരുന്നു. പാര്‍ട്ടി ഓഫീസില്‍ നടന്ന ചടങ്ങില്‍ സിംഗിന്റെ ഭാര്യ റിതു സിംങ്, മകന്‍ രണ്‍വിജയ് സിംങ് എന്നിവര്‍ക്കുപുറമെ പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു. വരാനിരിക്കുന്ന ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് അംഗത്വ സ്വീകരണത്തിനുശേഷം അജാത് ശത്രു സിങ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഏതു മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി രഹിത സര്‍ക്കാരിനെ വാര്‍ത്തെടുക്കുക, രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് ജമ്മുകശ്മീരിനെ കൊണ്ടുവരിക എന്നതാണ് സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും എല്ലാവരും ബിജെപിയില്‍ ചേരാന്‍ താന്‍ അഭ്യര്‍ത്ഥിക്കുന്നതായും അമിത് ഷാ പറഞ്ഞു. അജാത ശത്രു ഡോ. കരണ്‍സിംഗിന്റെ ഇളയമകനും അന്തരിച്ച കശ്മീര്‍ മഹാരാജാ ഹരിസിങ്ങിന്റെ ചെറുമകനുമാണ്. നിലവില്‍ നാഷണല്‍ കോണ്‍ഫ്രന്‍സില്‍ അംജാത ശത്രു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. നിലവില്‍ നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ എംഎല്‍എയാണ്. കരണ്‍സിംഗിന്റെ മൂത്തമകന്‍ വിക്രമാദിത്യ സിങ് അടുത്തിടെ പിഡിപിയില്‍ ചേര്‍ന്നിരുന്നു. പണ്ഡിറ്റ് നെഹൃവിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ മുഖ്യ ചുമതലക്കാരില്‍ ഒരാളായി മോദി സര്‍ക്കാര്‍ ഡോ. കരണ്‍ സിങ്ങിനെ നിയോഗിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.