രാത്രി ലോഡ്‌ ഷെഡ്ഡിങ്‌ പിന്‍വലിച്ചേക്കും

Tuesday 11 October 2011 10:51 pm IST

തിരുവനന്തപുരം : രാത്രികാല ലോഡ്ഷെഡിങ്‌ പിന്‍വലിക്കാന്‍ സാധ്യത. കായംകുളം എന്‍ടിപിസിയില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിച്ച്‌ പ്രതിസന്ധി മറികടക്കാനാണു നീക്കം. 150 മെഗാവാട്ട്‌ വൈദ്യുതി ഇവിടെനിന്നും ഉല്‍പ്പാദിപ്പിക്കാനാണ്‌ തീരുമാനം. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു ധാരണയായത്‌. യൂണിറ്റിന്‌ ഒമ്പതു രൂപയിലധികം ചെലവുണ്ടാകും. ഇപ്പോള്‍ പുറത്തു നിന്നും വാങ്ങുന്ന വൈദ്യുതിയേക്കാള്‍ അധികമാണ്‌ ഈ നിരക്ക്‌. പുറത്തു നിന്നും വാങ്ങുന്ന വൈദ്യുതിക്ക്‌ യൂണിറ്റിന്‌ 7.21 മുതല്‍ 7.30 വരെയാണു നിരക്ക്‌. എന്നാല്‍ ഈ വിലയ്ക്കു കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ കഴിയുന്നില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടായതോടെ പുറത്തു നിന്നും വൈദ്യുതി ലഭിക്കാതെയായി. കഴിഞ്ഞ ആഴ്ചകളില്‍ പുറത്തു നിന്നും കൂടുതല്‍ വൈദ്യുതി വാങ്ങുന്നതിനു ബോര്‍ഡ്‌ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നിരക്ക്‌ ഉയര്‍ന്നതാണെങ്കിലും കായംകുളത്തു നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ തീരുമാനിച്ചത്‌.
തെലുങ്കാന സമരം തുടരുന്നതാണ്‌ താച്ചര്‍, നെയ്‌വേലി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം പ്രതിസന്ധിയിലാണ്‌. കല്‍ക്കരി ലഭിക്കാത്തതിനെത്തുടര്‍ന്ന്‌ ഇവിടെ ഉല്‍പ്പാദനം കുറച്ചിട്ടുണ്ട്‌. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 400 മെഗാവാട്ടിന്റെ കുറവുവന്നതാണ്‌ പകല്‍ സമയത്തും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമാക്കിയത്‌. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര വൈദ്യുതി വിഹിതത്തിന്റെ 50% ലഭിച്ചിരുന്നു.
ആന്ധ്രയിലെ രാമഗുണ്ടത്ത്‌ വൈദ്യുതി ഉത്പാദനം കുറയുന്നതും തമിഴ്‌നാട്ടില്‍ കാറ്റാടിയന്ത്രങ്ങളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം ഏറെക്കുറെ നിലച്ചതുമാണ്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കിയത്‌. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ രണ്ടരമണിക്കൂര്‍ ലോഡ്ഷെഡ്ഡിങ്‌ ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. 2000 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ഇവിടെ കാറ്റാടിയന്ത്രത്തില്‍ നിന്ന്‌ ഉത്പാദിപ്പിച്ചിരുന്നത്‌. ഇടുക്കിയില്‍ നാല്‌ ജനറേറ്ററില്‍ നിന്ന്‌ മാത്രമേ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്നുള്ളു. അറ്റകുറ്റപ്പണി നടക്കുന്ന മൂന്നാം നമ്പര്‍ ജനറേറ്ററും പൊട്ടിത്തെറിയിലൂടെ തകരാറിലായ അഞ്ചാം നമ്പര്‍ ജനറേറ്ററും പ്രവര്‍ത്തിക്കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.