കുട്ടനാട്ടില്‍ പുഞ്ചക്കൃഷിക്ക് ഒരുക്കങ്ങള്‍ തുടങ്ങി

Sunday 9 November 2014 9:22 pm IST

കുട്ടനാട്: കുട്ടനാട്ടില്‍ പുഞ്ചക്കൃഷിക്കായുള്ള ഒരുക്കങ്ങള്‍ വീണ്ടും സജീവമായി. ചമ്പക്കുളം, പുളിങ്കുന്ന് കൃഷിഭവന്‍ പരിധിയിലെ ഓരോ പാടശേഖരങ്ങളിലും രാമങ്കരിയിലെ രണ്ട് പാടശേഖരത്തും വിത നടത്തി. നേരത്തെ പുഞ്ചക്കൃഷിക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ ശക്തമായ മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും മൂലം ജലനിരപ്പുയര്‍ന്നപ്പോള്‍ പമ്പിങ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നത് കാര്‍ഷികമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായിരുന്നു. മഴ കുറയുകയും ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതോടെയാണ് ഒരുക്കങ്ങള്‍ പുനഃരാരംഭിച്ചത്. ചമ്പക്കുളം കൃഷിഭവന്‍ പരിധിയിലെ 110 ഏക്കറുള്ള എടക്കാട്, പുളിങ്കുന്നിലെ 95 ഏക്കറുള്ള മണപ്പള്ളി, രാമങ്കരിയിലെ 70 ഏക്കറുള്ള പുതുക്കരി പുതിയകരി, 85 ഏക്കര്‍ വരുന്ന ചെറിയാഞ്ചേരി കട്ടച്ചന്‍പാക്ക എന്നീ പാടശേഖരങ്ങളിലാണ് വിത നടന്നത്. ചമ്പക്കുളം, രാമങ്കരി എഡിഎയുടെ കീഴിലെ വിവിധ കൃഷിഭവന്‍ പരിധിയിലായി 18,000ത്തോളം ഹെക്ടര്‍ പാടത്താണ് പുഞ്ചക്കൃഷി ചെയ്യുന്നതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. രണ്ടാംകൃഷി വിളവെടുപ്പ് ഇനിയും നടക്കാത്ത പാടശേഖരങ്ങളിലും പുഞ്ചക്കൃഷിക്കായി പമ്പിങ് ആരംഭിച്ചപ്പോള്‍ മടവീണ പാടശേഖരങ്ങളിലും കൃഷി വൈകാനാണ് സാധ്യത. കൈനകരിയിലെ കൂലിപ്പുരയ്ക്കല്‍, ചേന്നങ്കരി, ഇരുമ്പനം, പുളിങ്കുന്നിലെ വടക്കേക്കരി പാടശേഖരങ്ങളിലെ വിളവെടുപ്പാണ് ഇനിയും നടക്കാനുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.