യതി സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുന്നു

Wednesday 12 October 2011 10:50 am IST

മോസ്കോ: ഭാരതീയര്‍ യതിയെന്നും പാശ്ചാത്യര്‍ ബിഗ്ഫൂട്ട്‌ എന്നും വിളിക്കുന്ന ഭീമന്‍ ഹിമമനുഷ്യന്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്നത്‌ പഴങ്കഥയാകുന്നു. യതിയുടെ സാന്നിധ്യം തെളിയിക്കുന്ന രേഖകളുമായി റഷ്യക്കാരായ ഒരു സംഘം ഗവേഷകരാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌.
റഷ്യയിലെ കെമറോവ പ്രവിശ്യയിലുള്ള ഫോറിയ മലനിരകളില്‍ താമസിക്കുന്നവര്‍ ഏഴടിയിലധികം ഉയരമുള്ള മഞ്ഞുജീവി വളര്‍ത്തുമൃഗങ്ങളെ പിടിച്ചുകൊണ്ടുപോകുന്നുവെന്ന്‌ നിരന്തരം പരാതിയുയര്‍ത്തിയ സാഹചര്യത്തിലാണ്‌ നരവംശ ശാസ്ത്രജ്ഞനായ ഇഗോര്‍ ബര്‍സ്താപിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഷോറിയ മലനിരകളിലെത്തിയത്‌. തുടര്‍ന്ന്‌ ഇവര്‍ നടത്തിയ അന്വേഷണത്തില്‍ യതി താമസിച്ചിരുന്നുവെന്ന്‌ കരുതപ്പെടുന്ന ഗുഹയും ഇതിന്റെ കൂറ്റന്‍ കാല്‍പ്പാടുകളും രോമങ്ങളും കണ്ടെത്തുകയായിരുന്നു. നിയാണ്ടര്‍ത്താല്‍ മനുഷ്യനില്‍നിന്നും ആധുനിക മനുഷ്യനിലേക്കുള്ള പ്രവാഹത്തിനിടയില്‍ വേര്‍പിരിഞ്ഞ ഒരു കണ്ണിയാണ്‌ യതിയെന്ന്‌ ഡോ.ഇഗോര്‍ അഭിപ്രായപ്പെടുന്നു. ഹിമ മനുഷ്യനെ സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ക്കായി റഷ്യന്‍ സര്‍ക്കാര്‍ സംഘത്തിന്‌ ധനസഹായവും നല്‍കിയിരുന്നു. രോമാവൃതമായ കുറുകിയ കഴുത്തുമുള്ള നീണ്ട കരങ്ങളുമുള്ള ഭീമനാണ്‌ യതിയെന്ന്‌ ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടത്തിവരുന്ന ഗവേഷണങ്ങള്‍ക്കിടയില്‍ യതിയുടെ ഏറ്റവും വ്യക്തമായ ദര്‍ശനം ലഭിച്ചത്‌ 2007ലായിരുന്നുവെന്നും ഇവര്‍ ഓര്‍മിച്ചു. മോസ്കോയില്‍ നടത്തിയ ഒരു മാധ്യമ സമ്മേളനത്തിലാണ്‌ യതിയുടേതെന്ന്‌ കരുതപ്പെടുന്ന ചില വസ്തുക്കള്‍ ഗവേഷക സംഘം പ്രദര്‍ശിപ്പിച്ചത്‌. അസാകായ മേഖലയിലെ ഒരു ഗുഹയില്‍നിന്നും ലഭിച്ച ഏഴു സെ.മീ. നീളമുള്ള യതിയുടെ രോമമാണ്‌ ഇവയില്‍ ഏറ്റവും ശ്രദ്ധേയം. ഇതിന്റെ ഡിഎന്‍എ ഘടന മനുഷ്യന്റേതിന്‌ തുല്യമാണെന്ന്‌ പിന്നീട്‌ തെളിയിക്കപ്പെട്ടു. ഇതിനിടെ റഷ്യയിലെ മഞ്ഞുമലകളില്‍ പിക്നിക്കിന്‌ പോയിരുന്നപ്പോള്‍ ചില ഭീമന്‍ ഹിമമനുഷ്യരെ കാണാനിടയായിട്ടുണ്ടെന്ന്‌ സമ്മേളനത്തിനെത്തിയ ചില സഞ്ചാരികളും അവകാശപ്പെട്ടു.
ഭാരതത്തിലെ ഹിമാലയന്‍ മലനിരകളിലും യതിയുടെ സാന്നിധ്യമുണ്ടെന്ന വാദം ശക്തമാണ്‌. വിദേശീയരായ പര്‍വതാരോഹകരില്‍ പലരും ഇവയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്‌. എന്നാല്‍ മാംസഭുക്കുകളല്ലാത്ത ഹിമമനുഷ്യരാണ്‌ ഹിമാലയത്തിലുള്ളതെന്നാണ്‌ നിഗമനം. യതിയെക്കുറിച്ചുള്ള പഠനത്തിനായി ഹിമാലയത്തിലെത്തിയ ഗവേഷകര്‍ക്കും അവയുടേതെന്ന്‌ കരുതപ്പെടുന്ന കാല്‍പ്പാടുകള്‍ ദൃശ്യമായിരുന്നു. എന്നാല്‍ യതി, ബിഗ്ഫുട്ട്‌ എന്നീ പേരുകളില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോകളിലും ചിത്രങ്ങളിലും മുക്കാലും വ്യാജമാണെന്ന്‌ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.