അറാള്‍ക്കടല്‍ നല്‍കുന്ന പാഠം

Sunday 9 November 2014 10:08 pm IST

ഇരുപതാം നൂറ്റാണ്ടിലെ പരിസ്ഥിതി ദുര്‍വിനിയോഗത്തിന്റെ ഏറ്റവും വലിയ തിക്തഫലമാണ് അറാള്‍ക്കടലിനെ നാശത്തിലെത്തിച്ചത്. അറാള്‍ക്കടലിനെ കടലെന്നു പറയുന്നുണ്ടെങ്കിലും മറ്റ് കടലുകളുമായൊന്നും ഇതിന് ബന്ധമില്ല തിരമാലകള്‍ അടിക്കുന്ന അറാള്‍ക്കടല്‍ പക്ഷേ ഏകദേശം ശുദ്ധജലസ്രോതസ്സായ വന്‍തടാകമായിരുന്നു. 66900 ചതുരശ്ര കി.മീ.ആയിരുന്നു അതിന്റെ വിസ്തീര്‍ണം. മധ്യ ഏഷ്യയിലെ ഇന്നത്തെ കസാക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രണ്ട് റിപ്പബ്ലിക്കുകളിലായാണ് അറാള്‍ക്കടല്‍ സ്ഥിതിചെയ്യുന്നത്. സിര്‍ദാറിയ, അമുദാറിയ എന്നീ രണ്ടു നദികളാണ് അറാള്‍ക്കടലില്‍ ജലം എത്തിച്ചിരുന്നത്.അതില്‍ സിര്‍ദാറിയ പ്രതിവര്‍ഷം 37 ക്യൂബിക് കിലോമീറ്റര്‍ ജലവും അമുദാറിയ 73 ക്യുബിക് കി.മീ.ജലവും അറാള്‍ക്കടലില്‍ എത്തിക്കുന്നു. അഫ്ഗാനിസ്ഥാന്‍, ചൈന, ഇറാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ അറാള്‍ക്കടല്‍ തടത്തിന്റെ പരിധിയിലാണ്. ഉദ്ദേശം 40 ദശലക്ഷം ആളുകള്‍ അറാള്‍ക്കടല്‍ ബേസിനില്‍ (തടത്തില്‍) ജീവിക്കുന്നുണ്ട്. ലോകത്തില്‍ ജനസാന്ദ്രത ഏറെ കൂടിയ പ്രദേശമാണിതെങ്കിലും ജനങ്ങളുടെ പ്രതിമാസ വരുമാനം വളരെ കുറവാണ്. 1920 ന് 1930 നുമിടയില്‍ റഷ്യന്‍ വിപ്ലവത്തിനുശേഷം വിപ്ലവാകാത്മക മാറ്റങ്ങളാണ് സംഭവിച്ചത്. അന്നത്തെ സോവിയറ്റ് യൂണിയന്‍ വന്‍പദ്ധതികളാണ് പഞ്ചവത്സര പദ്ധതികളിലൂടെ നടപ്പാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളരുകയെന്നതായിരുന്നു സോവിയറ്റ് യൂണിയന്റെ ലക്ഷ്യം. 1920-30 കാലഘട്ടത്തില്‍ പരുത്തികൃഷിയില്‍ ലോകത്ത് ഏറ്റവും മുന്‍പന്തിയിലായിരുന്നത് ചൈനയായിരുന്നു. മധ്യറഷ്യയിലെ പരുത്തികൃഷിക്ക് അനുയോജ്യമായ മണ്ണിലേക്ക് വെള്ളമെത്തിച്ച് അറാള്‍ത്തട കൃഷി വ്യാപിപ്പിക്കുവാന്‍ സോവിയറ്റ് യൂണിയന്റെ ആസൂത്രണ വിഭാഗം തീരുമാനിച്ചു. ഇതിനായി സിര്‍ദാറിയ, അമുദാറിയ എന്നീ നദികളെ ഗതിമാറ്റുവാനും നടപടിയായി. ഈ നദികളില്‍ ജലസേചനത്തിനായി 45 അണക്കെട്ടുകള്‍ നിര്‍മിച്ചു. 1937 ഓടെ രാസവളപ്രയോഗവും നൂതനസാങ്കേതിക ഉപകരണങ്ങളും ഉപയോഗിച്ച് റഷ്യ പരുത്തികൃഷിയില്‍ ലോകത്ത് ഒന്നാമതായി തീര്‍ന്നു. 1950 ല്‍ ജലസേചനം നടത്തി കസാക്കിസ്ഥാനില്‍ ഗോതമ്പുകൃഷിയും വ്യാപിച്ചു. 1960 നും 1982 നും ഇടയില്‍ സോവിയറ്റ് യൂണിയനിലെ കാര്‍ഷിക മേഖല ഇരട്ടിയായി വര്‍ധിപ്പിച്ചു. കീടനാശിനി, രാസവളം-കളനാശിനി പ്രയോഗവും പലമടങ്ങായി വര്‍ധിപ്പിച്ചു. അറാള്‍ക്കടല്‍ ബേസനിലെ കസാക്കിസ്ഥാന്‍, തുര്‍ക്ക്മാനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ കൃഷി വന്‍വിജയമായി. 1980 ഓടെ സിര്‍ദാറിയ, അമുദാറിയ നദികളില്‍ നിന്നും അറാള്‍ക്കടലില്‍ വെള്ളം എത്താതായി. അറാള്‍ക്കടല്‍ ക്രമാതീതമായി ചുരുങ്ങുവാന്‍ തുടങ്ങി. തുടര്‍ന്ന് അറാള്‍ക്കടല്‍ രണ്ടായി മുറിഞ്ഞ് രണ്ട് ജലസ്രോതസ്സുകളായി മാറി. രണ്ടിന്റെയും ചേര്‍ന്നുള്ള വീസ്തീര്‍ണം 66900 ചതുരശ്ര കി.മീറ്ററില്‍നിന്നും വെറും 30,000 ചതുരശ്ര കി.മീറ്ററായി ചുരുങ്ങി. 30,000 ചതുരശ്ര കി.മീ. അറാള്‍ക്കടല്‍ അടിത്തട്ട് മണല്‍പ്പരപ്പ് ജലരഹിതമായി കിടന്നു. 2004 ല്‍ അറാള്‍ക്കടല്‍ വിസ്തീര്‍ണ്ണം വെറും 17160 ചതുരശ്ര കി.മീറ്ററായി. തുറന്നഭാഗത്ത് മണലില്‍നിന്നും കീടനാശിനികളും കളനാശിനികളും മധ്യ ഏഷ്യയില്‍ കാറ്റിലൂടെ വീശാന്‍ തുടങ്ങി. പ്രതിവര്‍ഷം ഈ പൊടിക്കാറ്റ് 10 മുതല്‍ 20 വരെ ദശലക്ഷം ടണ്‍ വരെയാണ്. ജലത്തില്‍ ലവണാംശം ക്രമാതീതമായി വര്‍ധിച്ചു. പ്രാദേശിക കാലാവസ്ഥയെ അറാള്‍ക്കടലിന്റെ ചുരുങ്ങല്‍ ഏറെ ബാധിച്ചു. വേനല്‍ക്കാലത്ത് ചൂട് വര്‍ധിക്കുകയും മഞ്ഞുകാലത്ത് പതിവില്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടുകയും ചെയ്തു. അറാള്‍ക്കടല്‍ തീരകൃഷിയും പച്ചപ്പും നഷ്ടമായി. കുടിവെള്ള ക്ഷാമം രൂക്ഷമായി. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ജലലഭ്യത കുറഞ്ഞു. മത്സ്യബന്ധന ജോലികളില്‍ ഏര്‍പ്പെട്ടവര്‍ പട്ടിണിയിലായി. അറാള്‍ക്കടല്‍ മത്സ്യനാശം സോവിയറ്റ് യൂണിയന്റെ മത്സ്യസമ്പത്ത് 1/6 കുറച്ചു. അറാള്‍ക്കടല്‍ ജലം മാലിന്യപൂരിതമായി. ഖര-ദ്രവ മാലിന്യ തോത് വര്‍ധിച്ചു. ജലം ഒരാവശ്യത്തിനും ഉപയോഗിക്കുവാന്‍ പറ്റാതായി. അറാള്‍ക്കടലിന് ചുറ്റും താമസിക്കുന്നവര്‍ക്ക് മാരകരോഗങ്ങള്‍ പിടിപെട്ടു. തൊണ്ട, രക്തം,കിഡ്‌നി, കരള്‍ എന്നിവയുടെ കാന്‍സര്‍ വ്യാപകമായി. കടല്‍ സംബന്ധമായ രോഗങ്ങള്‍ പതിന്മടങ്ങായി വര്‍ധിച്ചു. ജനങ്ങളില്‍ മരണസംഖ്യ വര്‍ധിച്ചു. ജനനവൈകല്യമുള്ള ശിശുജനനത്തോത് ഗണ്യമായി കൂടി. ശിശുമരണ നിരക്ക് ആയിരത്തില്‍ 110 എന്ന നിരക്കിലായി. ഗര്‍ഭം അലസിപ്പോകുന്നതും ഗര്‍ഭസ്ഥ ശിശുക്കളുടെ മരണവും വളരെയേറെ കൂടി. 1950-1960 കാലഘട്ടത്തില്‍ ജനങ്ങള്‍ ഏറെ ദുരിതമനുഭവിച്ച സമയമായിരുന്നു. 1970 വരെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുനിന്നു. സോവിയറ്റ് യൂണിയന്റെ ഭരണനേതൃത്വത്തിനും ആസൂത്രണബോര്‍ഡിനും ഡോക്ടര്‍മാര്‍ക്കും ശാസ്ത്രജ്ഞന്മാര്‍ക്കും വികസനത്തിനായി നദികളെ തിരിച്ചുവിട്ടതുകൊണ്ടുള്ള ദുരിതങ്ങള്‍ നേരില്‍ ബോധ്യമായി. അതുകൊണ്ടുതന്നെ ഈ പ്രശ്‌നപരിഹാരത്തിന് സൈബീരിയന്‍ നദികളെ വഴിതിരിച്ച് അറാള്‍ക്കടലില്‍ എത്തിക്കുന്നതിനുള്ള പദ്ധതികളെ സോവിയറ്റ് യൂണിയനിലെ ആസൂത്രണ വിദഗ്ദ്ധര്‍ എതിര്‍ത്തു. 1987 ല്‍ അറാള്‍ക്കടല്‍ പ്രശ്‌നത്തെക്കുറിച്ച് പഠിക്കുവാന്‍ കമ്മീഷനെ നിയമിച്ചു. 2005 ല്‍ അറാള്‍ക്കടലില്‍ 21 ക്യൂബിക് കീ.മീറ്റര്‍ ജലം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്തു. എന്നാല്‍ 1991 ല്‍ സോവിയറ്റ് യൂണിയന്‍ തകരുകയും പ്രത്യേകം പ്രത്യേകം രാജ്യങ്ങളായി മാറുകയും ചെയ്തു. 1992 ല്‍ 5 റിപ്പബ്ലിക്കുകള്‍ ജലപരിപാലനത്തിനായി ഒരു കരാറില്‍ ഒപ്പുവച്ചു. ഇന്ന് അറാള്‍ക്കടലിന്റെ ഒരു ഭാഗം ഉസ്ബക്കിസ്ഥാനിലും മറ്റൊരു ഭാഗം കസാക്കിസ്ഥാനിലുമാണ്. അറാള്‍ക്കടലിന്റെ വൃഷ്ടിപ്രദേശങ്ങള്‍ ഉസ്‌ബെക്കിസ്ഥാന്‍, താജ്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലായാണ് കിടക്കുന്നത്. വടക്കേ അറാള്‍ക്കടല്‍ തെക്കേ അറാള്‍ക്കടല്‍ എന്നിങ്ങനെയാണ് അറാള്‍ക്കടല്‍ ഇന്ന് പ്രധാനമായും അറിയപ്പെടുന്നത്. ഇവയ്ക്ക് ഇടയിലായി മറ്റൊരു ചെറിയ തടാകം കൂടിയുണ്ട്. 2009 ല്‍ തെക്കുകിഴക്കേ അറ്റത്ത് കിടക്കുന്ന ഈ തടാകം വറ്റിവരണ്ടുപോയി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജലത്തിന്റെ ഒഴുക്ക് വര്‍ധിച്ചതിനാല്‍ സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട്. 2014 ആഗസ്റ്റ് മാസത്തില്‍ അമേരിക്കയുടെ നാസ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളില്‍ അറാള്‍ക്കടലിന്റെ കിഴക്കേ ബേസിന്‍ (തടം)പൂര്‍ണമായി വറ്റിയതായി സ്ഥിരീകരിച്ചു. അത് ഇന്ന് അറാള്‍ക്കും മരുഭൂമിയെന്നാണ് അറിയപ്പെടുന്നത്. താരതമ്യേന സമ്പന്നരാഷ്ട്രമായ കസാക്കിസ്ഥാനില്‍ ഉള്‍പ്പെട്ട അറാള്‍ക്കടല്‍ ഭാഗം പുനരുജ്ജീവിപ്പിക്കാന്‍ ആ രാജ്യം 2005 ല്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. കസാക്കിസ്ഥാനിലെ അറാള്‍ക്കടല്‍ വടക്കേ അറാള്‍ക്കടലാണ്. ഇതിന്റെ പുനരുജ്ജീവനത്തിനായി 2005 ല്‍ ഒരു അണക്കെട്ട് കസാക്കിസ്ഥാന്‍ പൂര്‍ത്തിയാക്കി. 2008 ല്‍ വടക്കേ അറാള്‍ക്കടലിന്റെ 39 അടി ജലനിരപ്പ് 2003 നേക്കാള്‍ ഉയര്‍ത്താനായത് വലിയ നേട്ടമായിട്ടാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ലവണാംശം ജലത്തില്‍ കുറഞ്ഞുവരുന്നതായും മത്സ്യസമ്പത്ത് വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നോര്‍ത്ത് അറാള്‍ക്കടലിന്റെ ആഴം 138 അടിയാണിന്ന്. അറാള്‍ക്കടലിന്റെ തെക്കുഭാഗത്ത് ഒഴുകിയിരുന്ന അമുദാറിയ നദിയും കിഴക്കുഭാഗത്ത് ഒഴുകിയിരുന്ന സിര്‍ദാറിയ നദിയും ക്രമാതീതമായ ജലസേചന ഉപയോഗംമൂലം നശിച്ചമട്ടിലാണ് ഒഴുകുന്നത്. ഒരുകാലത്ത് പരുത്തിയും തണ്ണിമത്തനും പയറും നെല്ലും ഈ നദികളിലെ ജലമുപയോഗിച്ച് കൃഷി ചെയ്തിരുന്നു. ഉസ്‌ബെക്കിസ്ഥാന്‍ 1988വരെ പരുത്തിയുടെ ഏറ്റവും വലിയ ഉല്‍പ്പാദകരായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും അറാള്‍ക്കടല്‍ വറ്റിവരണ്ടതും സ്ഥിതിഗതികള്‍ തകിടം മറിച്ചു. സിര്‍ദാറിയയും അമുദാറിയയും തിരിച്ചുവിട്ട് നടത്തിയ കൃഷി ജലലഭ്യത കുറവുമൂലം നിലച്ച മട്ടാണിന്ന്. 47750 കി.മീ. ജലസേചന കനാലുകള്‍ ഉണ്ടായിരുന്നത് ഒട്ടുമിക്കതും തകര്‍ന്ന നിലയിലാണ്. ജലം വഴിയില്‍ പാഴായി പോകുന്നതിനാല്‍ കാര്‍ഷിക മേഖലയിലെത്തുന്നില്ല. ഉസ്‌ബെക്കിസ്ഥാനിലെ കനാലുകള്‍ വീണ്ടെടുക്കുകയെന്നത് ശ്രമകരമായി തുടരുകയാണ്. അറാള്‍ക്കടലിന്റെ തകര്‍ച്ച സോവിയറ്റ് യൂണിയന്റെ ആസൂത്രണ പാളിച്ചയായിട്ടാണ് ലോകശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ഇത് സാമ്പത്തികമായി വന്‍ നഷ്ടമായി തീര്‍ന്നു. വിഭാവനം ചെയ്ത ഗുണഭോക്താക്കളേറെ നഷ്ടം വരുത്തിയ ഒരു ബൃഹദ് പദ്ധതിയായിരുന്നു നദികളെ വഴിതിരിച്ചുവിട്ട് പരുത്തി കൃഷി നടത്തിയ പദ്ധതി. 2000-ല്‍ യുനസ്‌കോ ജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പട്ടികയില്‍ ചേര്‍ത്തവതരിപ്പിച്ച അറാള്‍ക്കടല്‍ നാശത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് ലോകരാജ്യങ്ങളുടെ വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. പ്രാദേശിക പ്രശ്‌നങ്ങള്‍ കണക്കിലെടുക്കാതെ വന്‍ പദ്ധതികള്‍ക്കായി രാജ്യങ്ങള്‍ കാണിക്കുന്ന അമിതമായ ഉത്സാഹം വിമര്‍ശിക്കപ്പെട്ടു. 2006 ല്‍ ലോകബാങ്ക് വടക്കേ അറാള്‍ക്കടല്‍ പുനരുജ്ജീവനത്തിനായി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നുണ്ട്. ഉസ്‌ബെക്കിസ്ഥാനിലെ തെക്കേ അറാള്‍ക്കടല്‍ ഏതാണ്ട് ഉപേക്ഷിച്ചമട്ടാണ്. അമുദാറിയ നദി വീണ്ടെടുക്കാന്‍ ആ രാജ്യം ഒരു താല്‍പ്പര്യവും കാണിക്കുന്നില്ല. വറ്റിവരണ്ട അറാള്‍ അടിത്തട്ടില്‍നിന്നും എണ്ണഖനനം ചെയ്യുവാനാണ് ഉസ്‌ബെക്കിസ്ഥാന്റെ പരിശ്രമം. അതുകൊണ്ട് തന്നെ തെക്കെ അറാള്‍ക്കടല്‍ പ്രദേശം മരുവല്‍ക്കരണത്തിന്റെ പിടിയിലുമാണ്. ഈ പ്രദേശങ്ങള്‍ ശക്തമായ മണല്‍ക്കാറ്റില്‍ കുടുങ്ങിയിരിക്കയാണ്. എന്നാല്‍ കസാക്കിസ്ഥാനിലെ സിര്‍ദാറി നദിയെ വീണ്ടെടുക്കുന്നതിനുള്ള തീവ്രപരിശ്രമത്തിലാണ് അവര്‍. അവര്‍ ഉദ്ദേശിച്ച ഫലം മത്സ്യസമ്പത്ത് വര്‍ധന വായും ലവണാംശം പകുതിയായി കുറഞ്ഞും പ്രായോഗികമായിരിക്കയാണ്. എന്നാല്‍ ജലലഭ്യത കുറഞ്ഞ മധ്യേഷ്യയിലെ രാജ്യങ്ങള്‍ ഈ അടുത്തകാലത്തായി ജലം പങ്കുവയ്ക്കുന്നതില്‍ വന്‍ സംഘര്‍ഷത്തിലാണ്. കിര്‍ഗിസ്ഥാനില്‍ അടുത്തിടെ നിര്‍മിച്ച ജലവൈദ്യുത പദ്ധതിമൂലം ഉസ്‌ബെക്കിസ്ഥാനില്‍ പരുത്തി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ജല ലഭ്യത കുറച്ചിരിക്കയാണ്. പ്രതിവര്‍ഷം 53 ബില്യണ്‍ ക്യുബിക് മീറ്റര്‍ ജലം ജലസേചനത്തിനായി അവര്‍ക്ക് ആവശ്യമുണ്ട്. 2013 ല്‍ കിര്‍ഗിസ്ഥാന്‍ അവരുടെ അണക്കെട്ടുകളില്‍ ജലം ശേഖരിക്കുകയും പുറത്തുവിടാതിരിക്കുകയും ചെയ്തത് ഉസ്‌ബെക്കിസ്ഥാനിലെ 11 പ്രവിശ്യകളിലെ കൃഷിയേയും കുടിവെള്ള ലഭ്യതയെയും വളരെ പ്രതികൂലമായി ബാധിച്ചു. അതുകൊണ്ട് മധ്യേഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ ഏതുനിമിഷവും യുദ്ധസാധ്യതയും നിലനില്‍ക്കുന്നു. അറാള്‍ക്കടല്‍ നാശത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതത്തില്‍ നടക്കാനിരിക്കുന്ന നദീസംയോജന പദ്ധതികളില്‍ വേണ്ടവിധത്തിലുള്ള പഠനങ്ങള്‍ അനിവാര്യമായി തീര്‍ന്നിരിക്കയാണ്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ വര്‍ധിപ്പിക്കുന്നതിനും ജലദൗര്‍ലഭ്യത്തിനും ഇടവരുത്തുകയും അരുത്. ജലം ലഭിക്കേണ്ട സംസ്ഥാനങ്ങള്‍ എല്ലാ വഴികളും ഉപയോഗിച്ച് സംയോജനം നടപ്പാക്കാന്‍ ശ്രമിക്കും. എന്നാല്‍ ജലം നഷ്ടമാകുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ സംയോജനം കേരളത്തിന് വന്‍ തിരിച്ചടിയാണ് നല്‍കുക. സംസ്ഥാനത്തിന്റെ ഏറ്റവും വലിയ തടാകായ വേമ്പനാട് കോള്‍ നശിച്ചില്ലാതാകുവാന്‍ ഈ സംയോജനം ഇടവരുത്തും. പമ്പ, മണിമലയാര്‍, അച്ചന്‍ കോവിലാര്‍, മൂവാറ്റുപുഴ, പെരിയാര്‍, ചാലക്കുടി തുടങ്ങിയ പ്രധാന പുഴകള്‍ ചെന്നെത്തുന്നത് വേമ്പനാടു കായലിലാണ്. ഈ കായലിന്റെ ജലഗുണനിലവാരം ഉറപ്പാക്കുന്നതും ഉപ്പുവെള്ളം കുറയ്ക്കുന്നതും ഈ പുഴകളില്‍ നിന്നെത്തുന്ന ശുദ്ധജലമാണ്. ലക്ഷക്കണക്കിനാളുകളാണ് വേമ്പനാട്ടു കായലിലെ മത്സ്യസമ്പത്തുകൊണ്ട് ഉപജീവനം നടത്തുന്നത്. അതുകൊണ്ട് വേമ്പനാട്ടു കായല്‍ നശിപ്പിച്ചില്ലാതാക്കുന്ന പമ്പ അച്ചന്‍കോവില്‍-വൈപ്പാര്‍ സംയോജനം വഴി തമിഴ്‌നാട്ടിലേക്ക് ജലം തിരിച്ചുവിടുന്നത് ഒഴിവാക്കണം. അതുപോലെതന്നെ ആലപ്പുഴ, എറണാകുളം ജില്ലകളുടെ കുടിവെള്ള വിതരണത്തിന് തടസ്സമായേക്കാവുന്ന നിര്‍ദ്ദിഷ്ട മൂവാറ്റുപുഴ-മീനച്ചിലാര്‍ സംയോജനവും നടപ്പിലാക്കരുത്. പെരിയാറില്‍നിന്ന് മൂലമറ്റത്തെത്തുന്ന വെള്ളം വൈദ്യുതി ഉല്‍പ്പാദനത്തിനുശേഷം ഒഴുകുന്നത് മൂവാറ്റുപുഴയാറിലാണ്. ഈ അധികജലമാണ് ഇന്ന് മൂവാറ്റുപുഴയിലെ ഒഴുക്ക് നിലനിര്‍ത്തുന്നത്. ഇത് മീനച്ചില്‍ സംയോജനം മൂലം ഇല്ലാതാകും. ദൂരവ്യാപകമായ ഈ സംയോജനങ്ങളും നദികളെ വഴിതിരിച്ചുവിടലും അറാള്‍ക്കടലിന്റെ നാശം വിതച്ച പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയിട്ടെങ്കിലും ഉപേക്ഷിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.