അടിച്ചുകൊന്നത്‌ നിരപരാധിയെ

Wednesday 12 October 2011 11:12 am IST

പെരുമ്പാവൂര്‍: ബസ്‌യാത്രക്കാരന്‍ പോക്കറ്റടിച്ചു എന്നാരോപിച്ച്‌ യാത്രക്കാരനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി രണ്ടുപേരെ പോലീസ്‌ അറസ്റ്റുചെയ്തു. കെ.സുധാകരന്‍ എംപിയുടെ ഗണ്‍മാനായ തിരുവനന്തപുരം കടുവിളാകം സതീഷ്‌ (36), സഹയാത്രികനായ മൂവാറ്റുപുഴ ശാന്താലയം സന്തോഷ്‌ (28) എന്നിവരാണ്‌ അറസ്റ്റിലായത്‌. മര്‍ദ്ദനത്തെത്തുടര്‍ന്ന്‌ മരണമടഞ്ഞ പാലക്കാട്‌ പെരുവമ്പ്‌ തണ്ടായം വീട്ടില്‍ ചന്ദ്രന്റെ മകന്‍ രഘു (40) പോക്കറ്റടിക്കാരനല്ലെന്നും നിരപരാധിയാണെന്നും പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്‌. രഘുവിന്റെ മൃതദേഹം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
തിങ്കളാഴ്ച രാത്രി എട്ടുമണിക്ക്‌ തൃശൂരില്‍നിന്നും ചടയമംഗലത്തേക്ക്‌ പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സില്‍വെച്ചും പെരുമ്പാവൂര്‍ കെഎസ്‌ആര്‍ടിസി ബസ്സ്റ്റാന്റില്‍വെച്ചുമാണ്‌ രഘുവിന്‌ മര്‍ദ്ദനറ്റേത്‌. മരണമടഞ്ഞ രഘു പോക്കറ്റടിക്കാരനല്ലെന്നും തീര്‍ത്തും നിരപരാധിയാണെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പെരുമ്പാവൂരിനടുത്ത്‌ തൊടാപറമ്പിലുള്ള ഒമേഗ പ്ലാസ്റ്റിക്‌ കമ്പനിയിലെ ജീവനക്കാരനായ രഘു പാലക്കാട്ടുള്ള വീട്ടില്‍ പോയി ഭാര്യാപിതാവിന്‌ ചികിത്സക്കുള്ള പണം ഉണ്ടാക്കുന്നതിനായി ഭാര്യയുടെ സ്വര്‍ണം പണയംവെച്ച വകയില്‍ ലഭിച്ച 19,500 രൂപയുമായി പെരുമ്പാവൂരിലേക്ക്‌ വന്നതാണെന്നും രഘുവിന്റെ അനുജന്‍ രാജു മാധ്യമങ്ങളോട്‌ പറഞ്ഞു. എന്നാല്‍ ബസ്സില്‍വെച്ച്‌ പ്രതി സന്തോഷിന്റെ മൊബെയില്‍ ഫോണ്‍ കളഞ്ഞുപോവുകയും ഇതെടുത്തത്‌ രഘുവാണെന്ന്‌ ആരോപിച്ച്‌ പരിശോധന നടത്തിയെങ്കിലും ഫോണ്‍ ബസ്സില്‍നിന്ന്‌ തന്നെ ലഭിക്കുകയുംചെയ്തു. ഈ പരിശോധനയില്‍ രഘുവിന്റെ കൈവശം അമിതമായി പണം കണ്ടപ്പോള്‍ രണ്ട്‌ പ്രതികളും മറ്റൊരാളും ചേര്‍ന്ന്‌ ഇയാളെ ചോദ്യംചെയ്തെന്നും ഉപദ്രവിക്കുകയുമായിരുന്നുവെന്നും പ്രതികളില്‍ ആരുടെയും പണം നഷ്ടപ്പെട്ടിട്ടില്ലെന്നും സഹയാത്രികരും ബസ്‌ കണ്ടക്ടര്‍ ഷിനാസും പറയുന്നു. ബസ്‌ പെരുമ്പാവൂര്‍ സ്റ്റാന്റില്‍ എത്തിയപ്പോള്‍ രഘുവിനൊപ്പം ഇറങ്ങിയ പ്രതികള്‍ ഇയാളുടെ കൈകള്‍ പിന്നിലേക്ക്‌ പിടിച്ച്‌ ഭിത്തിയില്‍ ചേര്‍ത്ത്‌വെച്ച്‌ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ഇയാള്‍ നിലത്ത്‌വീഴുകയായിരുന്നുവെന്നും സ്റ്റാന്റിലെ തന്നെ മറ്റൊരു കണ്ടക്ടറായ സുബൈര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്‌. തുടര്‍ന്ന്‌ ഓടിക്കൂടിയ ജീവനക്കാര്‍ പ്രതികളെ തടഞ്ഞുവെച്ചപ്പോള്‍ പ്രതിയായ സതീഷ്‌ താന്‍ കെ. സുധാകരന്‍ എംപിയുടെ ഗണ്‍മാനാണെന്നും പോലീസാണെന്നും പറഞ്ഞ്‌ ആക്രോശിച്ചെന്നും നാട്ടുകാര്‍ പറഞ്ഞു. പെരുമ്പാവൂര്‍ പോലീസെത്തി രഘുവിനെ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി പെരുമ്പാവൂര്‍ സിഐ വി. റോയി പറഞ്ഞു. പ്രതികളുടെ ഒപ്പമുണ്ടായിരുന്ന മൂന്നാമനെക്കുറിച്ചും പ്രതികളുടെ കൈവശം പണം ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു. മരിച്ച രഘുവിന്റെ നെറ്റിയില്‍ ഇരുവശത്തും മുറിവിന്റെ പാടുകള്‍ ഉള്ളതായും ഇയാളുടെ പേഴ്സില്‍നിന്നും സ്വര്‍ണയം പണയംവെച്ചതിന്റെ രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ്‌ പറഞ്ഞു. സംഭവം നടന്ന സ്ഥലത്ത്‌ പ്രതികളെ കൊണ്ടുപോയി പോലീസ്‌ തെളിവെടുപ്പ്‌ നടത്തി. ഇവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മൂന്നാമനെതിരെയും കണ്ടക്ടര്‍ സുബൈറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റത്തിന്‌ കേസെടുത്തതായി പോലീസ്‌ പറഞ്ഞു. തലക്കേറ്റ ക്ഷതമാണ്‌ രഘുവിന്റെ മരണകാരണമെന്ന്‌ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവവും മരണകാരണമാണെന്ന്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.
കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്രചെയ്യവേ പോക്കറ്റടിക്കാരനെന്ന്‌ ആരോപിച്ച്‌ പാലക്കാട്‌ സ്വദേശി രഘുവിനെ എംപി സുധാകരന്റെ ഗണ്‍മാന്‍ സതീഷും കൂട്ടാളി സന്തോഷും ചേര്‍ന്ന്‌ ഇടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ വിവിധ രാഷ്ട്രീയസംഘടനകള്‍ പ്രതിഷേധിച്ചു. പോലീസിന്‌ ലഭിച്ചിരിക്കുന്നത്‌ യഥാര്‍ത്ഥ പ്രതികളെയാണെന്നും ഇവര്‍ക്ക്‌ രാഷ്ട്രീയത്തിന്റെ തണലില്‍ രക്ഷപ്പെടാന്‍ അവസരം ഒരുക്കരുതെന്നും നേതാക്കള്‍ പറഞ്ഞു. കുറ്റവാളികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണമെന്നും ഇതിനായി ഉന്നതറാങ്കിലുള്ള ഉദ്യോഗസ്ഥരെക്കൊണ്ട്‌ അന്വേഷണം നടത്തണമെന്നും ബിജെപി ദേശീയസമിതി അംഗം കെ.ആര്‍. രാജഗോപാല്‍, സംസ്ഥാനസമിതിയംഗം കെ. അജിത്കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന പോലീസ്സ്റ്റേഷന്‍മാര്‍ച്ച്‌ സ്റ്റേഷന്‌ മുന്നില്‍ പോലീസ്‌ തടഞ്ഞു. പ്രതികള്‍ക്ക്‌ ഭരണത്തിന്റെ തണല്‍ നല്‍കരുതെന്ന്‌ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുഡിഎഫ്‌ കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ മൂക്കിന്‌ താഴെ നടന്ന നരഹത്യയില്‍ കോണ്‍ഗ്രസ്‌ എംപിയുടെ ഗണ്‍മാന്‍ ഉള്‍പ്പെട്ടിട്ടും അദ്ദേഹം പ്രതികരിക്കാത്തതില്‍ വന്‍പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌.
സ്വന്തം ലേഖകന്‍