തിരുവനന്തപുരം: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന നാഷണല്‍ ഗെയിംസിനായി ആകാശവാണിയും തയ്യാറെടുക്കുന്നു. ഗെയിംസ് ദേശീയതലത്തില്‍ പ്രക്ഷേപണം ചെയ്യുന്നതിന് ആകാശവാണി വിപുലമായ പദ്ധതിയാണ് തയ്യാറാക്കുന്നത്. കേരളത്തിലെ ഏഴ് നിലയങ്ങളും 10 ചാനലുകളുമടക്കം കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ എല്ലാ റേഡിയോ സ്റ്റേഷനുകളും, എഫ്എംസ്റ്റേഷനുകളും വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഗെയിംസ് ആരംഭിക്കുന്നതിനു മുന്‍പുതന്നെ പ്രക്ഷേപണം ചെയ്തു തുടങ്ങും.
ദേശീയതലത്തില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ഗെയിംസ് പരിപാടികള്‍ പ്രക്ഷേപണംചെയ്യും. ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളിലും പ്രക്ഷേപണം ചെയ്തുവരുന്ന യുവവാണി അടക്കമുള്ള പരിപാടികളില്‍ നാഷണല്‍ ഗെയിംസ് പ്രത്യേകം വിഷയമാകും. ഗെയിംസിന്റെ ഉദ്ഘാടന-സമാപന ചടങ്ങുകള്‍ തത്സമയം പ്രക്ഷേപണം ചെയ്യും. ഓരോമണിക്കൂര്‍ ഇടവിട്ട് ഗെയിംസുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള് തുടര്‍ച്ചയായി നല്‍കും. മത്സരദിനങ്ങളില്‍ എല്ലാദിവസവും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്പെഷ്യല്‍ ഹൈലൈറ്റ്സ് ഉണ്ടായിരിക്കും. എല്ലാ മാസവും ആദ്യ വെള്ളിയാഴ്ച്ച ഹിന്ദിയിലും ഇംഗ്ലീഷിലും ആകാശവാണി പുറത്തിറക്കുന്ന വാര്‍ത്താ മാഗസിന് ഇനി സ്പെഷ്യല്‍ ഗെയിംസ് എഡിഷനായി അവതരിപ്പിക്കും. ബാസ്ക്കറ്റ്ബോള്‍, ഹോക്കി, ഫുട്ബോള്‍, ബാഡ്മിന്റണ്‍, കബഡി, ടെന്നീസ്, വോളീബോള്‍, അത്ലറ്റിക്സ് എന്നിവ നടക്കുന്ന വേദികളില്‍നിന്നും ദൃക്സാക്ഷി വിവരണമുണ്ടായിരിക്കും. മത്സരം നടക്കുന്ന വിവിധ ജില്ലകളെ ഏകോപിപ്പിക്കുന്നതിന് ആകാശവാണിയുടെ ഗ്രാന്‍ഡ് സ്റ്റാന്റ് തിരുവനന്തപുരത്തു സ്ഥാപിക്കും.
കേരളത്തിന്റെ കായിക ചരിത്രത്തിലെ പ്രമുഖതാരങ്ങളെക്കുറിച്ചുള്ള പ്രത്യേക പരിപാടികളും പ്രക്ഷേപണം ചെയ്യും.
ഗെയിംസ് സംബന്ധമായ വാര്‍ത്തകള്‍, ചര്‍ച്ചകള്‍, അവലോകനം എന്നിവ കോര്‍ത്തിണക്കിക്കൊണ്ടുള്ള പ്രഭാത പരിപാടികള്‍ ജനുവരി ഒന്നുമുതല്‍ പ്രക്ഷേപണമാരംഭിക്കാനാണു ലക്ഷ്യമിടുന്നത്.
കേരളത്തിന്റെ ഗെയിംസ് മുന്നൊരുക്കങ്ങള്‍ വിളിച്ചറിയിക്കുന്ന കര്ട്ടന് റെയ്സറുകള്‍, എല്ലാ ദിവസവും ഗെയിംസ് കൗണ്ട്ഡൗണ്‍ തുടങ്ങിയവയുമുണ്ടാകും. കായികരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തത്സമയ ഫോണ്‍-ഇന്‍ പരിപാടിയും പ്രധാന ആകര്‍ഷണമാണ്. ഗെയിംസിനായി ഹരിഹരന് ചിട്ടപ്പെടുത്തുന്ന തീംസോംങ്ങും അവസാനഘട്ടത്തിലാണ്. കേള്‍വിക്കാരില്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് നിറച്ച് അവരെ ആവേശത്തിലെത്തിക്കുന്ന രീതിയിലാണു സോങ് ചിട്ടപ്പെടുത്തുന്നത്. ജാവേദ് അക്തറാണു മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള തീംസോംങ് രചിച്ചിരിക്കുന്നത്. യേശുദാസ്, ശ്രേയഘോഷ്വാല്, സലിം മര്‍ച്ചന്റ്, ശ്രുതിഹാസന് എന്നിവര്‍ക്കൊപ്പം ഹരിഹരനും പാടുന്നു. ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷനാണ് ഗാനത്തിന്റെ പകര്‍പ്പവകാശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: