കേരളോത്സവം ഓണാഘോഷത്തിന്റെ ഭാഗമാക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല

Monday 10 November 2014 7:47 pm IST

ആലപ്പുഴ: കേരളോത്സവ നടത്തിപ്പ് പ്രഹസനമാകുന്നത് ഒഴിവാക്കാന്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടത്താനുള്ള സംസ്ഥാന യുവജനബോര്‍ഡിന്റെ തീരുമാനം കടലാസില്‍ ഒതുങ്ങി. യുവജനബോര്‍ഡും ത്രിതല പഞ്ചായത്തുകളും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം ഇപ്പോള്‍ വെറും ചടങ്ങായി മാറുകയാണ്. ഗ്രാമപഞ്ചായത്തുകള്‍ക്ക് 15,000 ബ്ലോക്ക് പഞ്ചായത്തിന് 30,000 ജില്ലാ പഞ്ചായത്തിന് 50,000 എന്നീ ക്രമത്തിലാണ് കേരളോത്സവം സംഘടിപ്പിക്കുന്നതിന് ഫണ്ട് അനുവദിക്കുക. സ്‌കൂള്‍ കലോത്സവങ്ങളിലും യുവജനോത്സവങ്ങളിലും പങ്കെടുക്കാന്‍ കഴിയാത്ത ഗ്രാമീണ മേഖലകളിലെ കല, കായിക, സാഹിത്യരംഗംങ്ങളില്‍ താല്‍പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് കേരളോത്സവം സംഘടിപ്പിക്കുന്നതെന്നാണ് പറയുന്നതെങ്കിലും ഇതൊന്നും നടപ്പാകാറില്ല. വാര്‍ഡുകളില്‍ നിന്നും കേരളോത്സവത്തില്‍ പങ്കാളികളാകാന്‍ കഴിവുള്ളവരെ മത്സര വേദികളിലെത്തിക്കാന്‍ ജനപ്രതിനിധികള്‍ പോലും താത്പര്യം കാട്ടാറില്ല. പഞ്ചായത്തുതലത്തില്‍ കഴിവുള്ള കലാസാഹിത്യകാരന്മാരെ ഒഴിവാക്കിയാണ് മേള സംഘടിപ്പിക്കുന്നതെന്ന ആക്ഷേപം വ്യാപകമാണ്. മേളയില്‍ വിധികര്‍ത്താക്കളായി എത്തുന്നവരില്‍ നല്ലൊരുശതമാനവും യോഗ്യരല്ലാത്തവരാണെന്നും പരാതികളുണ്ട്. പലയിനങ്ങളിലും മത്സരിക്കാന്‍ ആളില്ലാതെ വരികയും മത്സരിക്കുന്നത് ഒരാളാണെങ്കില്‍പോലും ഇവരെ വിജയിയായി പ്രഖ്യാപിക്കുന്നതും സാധാരണമാണ്. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ സംഘടിപ്പിക്കപ്പെടുന്ന ഇത്തരം മേളകള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് പഞ്ചായത്തുതലം മുതല്‍ ദുര്‍വിനിയോഗം ചെയ്യപ്പെടുന്നതായും പരാതികള്‍ നിരവധിയാണ്. മത്സരാര്‍ത്ഥികളുടെയും ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ കേരളോത്സവം ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയാല്‍ ഗുണകരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം മുതല്‍ നടത്തിപ്പില്‍ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇക്കുറിയും ഒക്‌ടോബറിലും നവമ്പറിലുമായി കേരളോത്സവം പതിവു പോലെ ആളും ആരവുമില്ലാതെ പ്രഹസനമായി നടന്നുവരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.