നെല്ല് സംഭരണം: കര്‍ഷകരെ കബളിപ്പിക്കുന്നതായി പരാതി

Monday 10 November 2014 9:34 pm IST

നെല്ലു സംഭരണത്തിലെ ചൂഷണത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നു

അമ്പലപ്പുഴ: മില്ലുകാരുമായി ഒത്തുകളിച്ച് പാടശേഖര സമിതി കര്‍ഷകരെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതായി പരാതി. പുറക്കാട് അപ്പാത്തിക്കരി പാടശേഖര സമിതിക്കെതിരെയാണ് കര്‍ഷകര്‍ രംഗത്തെത്തിയിട്ടുള്ളത്. 17 ദിവസമായി കൊയ്ത് കൂട്ടിയിരിക്കുന്ന നെല്ല് പാടശേഖരങ്ങളില്‍ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്.

കഴിഞ്ഞദിവസം പാടശേഖര സമിതിയുടെ പൊതുയോഗം കൂടി ഒരു ക്വിന്റലിന് അഞ്ച് കിലോ അധികമെന്ന നിലയില്‍ നെല്ല് മില്ലുകാര്‍ക്ക് നല്‍കാന്‍ ധാരണയായിരുന്നു. എന്നാല്‍ കര്‍ഷകര്‍ പോയ ശേഷം പാടശേഖര സമിതിയും മില്‍ ഉടമകളും തമ്മില്‍ ഒരു ക്വിന്റലിന് എട്ട് കിലോ വീതം അധികമായി നല്‍കാമെന്ന് ധരണയാകുകയായിരുന്നുവത്രെ. എന്നാല്‍ ഇതറിയാതെ നെല്ല് നല്‍കാനെത്തിയ കര്‍ഷകരോട് നെല്ല് തൂക്കുമ്പോള്‍ ഒരു ക്വിന്റലിന് എട്ട് കിലോ വീതം അധികം നല്‍കണമെന്ന് പാടശേഖര സമിതി ആവശ്യപ്പെട്ടതാണ് വിവാദത്തിനിടയാക്കിയത്.

ഇതേത്തുടര്‍ന്ന് ചെറുകിട കര്‍ഷകര്‍ വിവരങ്ങള്‍ കാട്ടി ജില്ലാ കളക്ടര്‍ക്കും മുഖ്യമന്ത്രിക്ക് ഫാക്‌സ് അയച്ചു. നെല്ല് നല്‍കേണ്ടെന്നാണ് ചെറുകിട കര്‍ഷകരുടെ തീരുമാനം. നിലവില്‍ പുറക്കാട് പഞ്ചായത്ത് ഭരണസമിതിയും ഒരു ക്വിന്റലിന് അഞ്ച് കിലോയില്‍ കൂടുതല്‍ കുറവു ചെയ്യരുതെന്ന തീരുമാനവും പാഡി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. 590 ഏക്കര്‍ വിസ്തൃതിയുള്ള അപ്പാത്തിക്കരി പാടത്ത് നാന്നൂറ്റി മുപ്പതോളം കര്‍ഷകരാണ് കൃഷി ചെയ്യുന്നത്. കര്‍ഷകരോടുള്ള സിപിഎം നേതൃത്വത്തിലുള്ള പാടശേഖര സമിതിയുടെ അവഗണനയ്‌ക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.