നെല്ല് സംഭരണം: കര്‍ഷകര്‍ സമരത്തിലേക്ക്

Monday 10 November 2014 10:25 pm IST

വൈക്കം: വെച്ചൂരിലെ അച്ചിനകം പാടശേഖരത്തിലും വലിയവെളിച്ചം, കൈപ്പുഴമുട്ട്, മഞ്ചാടിക്കരി ഭാഗങ്ങളില്‍ കൊയ്തുകൂട്ടിയ നെല്ല് സംഭരിക്കാന്‍ മില്ലുടമകള്‍ തയ്യാറാകാത്തത് കര്‍ഷകരെ ദുരിതത്തിലാക്കി. പത്തുദിവസം മുമ്പ് കൊയ്തുകൂട്ടിയ നെല്ല് സംരക്ഷിച്ച് രാവും പകലും പാടത്തുതന്നെ തമ്പടിക്കുകയാണ് കര്‍ഷകര്‍. നനവ് മുന്‍നിറുത്തി നാലു കിലോഗ്രാം ഒരു ക്വിന്റലിന് കിഴിവ് നല്‍കണമെന്ന് സ്വകാര്യ മില്ലുകാര്‍ നിര്‍ബന്ധം പിടിച്ചതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. കൊയ്‌തെടുക്കേണ്ട സമയം അതിക്രമിച്ചിട്ടും കൊയ്ത്തുയന്ത്രം ലഭിക്കാന്‍ വൈകിയതുമൂലം പ്രതിസന്ധിയിലായ കര്‍ഷകര്‍ നെല്ല് അടിഞ്ഞ് വിളവില്‍ ഒരുഭാഗം നഷ്ടപ്പെട്ട സമയത്താണ് കൊയ്ത്തുയന്ത്രം ലഭിച്ചത്. ഏക്കറിന് 25 ക്വിന്റലിലധികം ലഭിക്കുന്ന രീതിയില്‍ മികച്ച വിളവുണ്ടാകുമെന്ന സ്ഥിതിയില്‍ സമയം തെറ്റി കൊയ്തിട്ടും ഏക്കറിന് 20 ക്വിന്റലിലധികം നെല്ല് കര്‍ഷകര്‍ക്ക് ലഭിച്ചില്ല. അച്ചിനകം പാടശേഖരത്തില്‍ 133 ഏക്കര്‍ നിലമാണുള്ളത്. ഇതില്‍ അരയേക്കര്‍ മുതല്‍ ഒരേക്കര്‍ വരെയുള്ള 92 നിര്‍ദ്ധന കര്‍ഷകരാണുള്ളത്. അച്ചിനകം പാടശേഖരത്തില്‍ മാത്രം 2,200 ക്വിന്റലിലധികം നെല്ല് പാടത്ത് കെട്ടിക്കിടക്കുകയാണ്. ദിവസങ്ങളോളം ഉണങ്ങിയ നെല്ലില്‍ ആര്‍ദ്രത 15 മുതല്‍ 16 വരെ യാണെന്ന് കര്‍ഷകര്‍ ഉപകരണങ്ങളുടെ സഹായത്തോടെ മില്ലുടമകളെ ബോദ്ധ്യപ്പെടുത്തിയിട്ടും നെല്ലില്‍ കച്ചിയുടെ അംശമുണ്ടെന്നും പതിരുണ്ടെന്നും ന്യായം ഉന്നയിച്ച് സ്വകാര്യ മില്ലുകാര്‍ കര്‍ഷകരെ വിഷമിപ്പിക്കുകയാണ്. അച്ചിനകം പാടശേഖരത്തിലെ കര്‍ഷകര്‍ നെല്ല് സംഭരിക്കുന്നതിനായി മൂന്നു കിലോമീറ്റര്‍ അകലെയുള്ള മില്ലിലാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നതെന്ന് പാടശേഖരസമിതി പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ പറഞ്ഞു. എന്നാല്‍ നെല്ല് സംഭരിക്കുന്നതിന് മില്ലില്‍ സൗകര്യമില്ലെന്ന് പറഞ്ഞ് തങ്ങളുടെ നെല്ല് സംഭരിക്കാന്‍ വിമുഖത കാട്ടിയപ്പോഴാണ് ജില്ലാ പാഡി ഓഫീസര്‍ സ്വകാര്യ മില്ലുകാരെ നെല്ല് സംഭരിക്കുന്നതിന് ശ്രമം നടത്തിയത്. അതേസമയം പൊതുമേഖലാ സ്ഥാപനം സമീപത്തെയും മറ്റു സ്ഥലങ്ങളിലെയും നെല്ല് സംഭരിക്കുകയും ചെയ്യുന്നുണ്ട്. മഴ പെയ്താല്‍ പാടത്തു തന്നെ സൂക്ഷിച്ചിരിക്കുന്ന നെല്ല് നനഞ്ഞ് നശിക്കും. ഉണങ്ങിയ നെല്ലില്‍ നനവുണ്ടായാല്‍ കിഴിവുകൂട്ടി നെല്ല് സംഭരിച്ച് ചൂഷണം ചെയ്യാനാണ് സ്വകാര്യ മില്ലുകാര്‍ വിലപേശുന്നതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.