എസ്.ഐക്കും പോലീസുകാരനും നേരെ ആക്രമണം; നാലുപേര്‍ അറസ്റ്റില്‍

Monday 10 November 2014 10:33 pm IST

ശാന്തന്‍പാറ : അനധികൃത മദ്യവിതരണ കേന്ദ്രത്തില്‍ റെയ്ഡിനെത്തിയ എസ്.ഐക്കും സംഘത്തിനും നേരെ ആക്രമണം. ശാന്തന്‍പാറ പെരിയാനാല്‍ കോളനിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എസ്.ഐ സഞ്ചയ്, സിപിഒ രാജേഷ് എന്നിവര്‍ക്ക് നേരെയാണ് പത്തംഗ സംഘം ആക്രമണം നടത്തിയത്. ഡ്രൈഡേയില്‍ അനധികൃത മദ്യവില്‍പ്പന നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം കോളനിയിലെത്തിയത്. മദ്യം വിതരണം ചെയ്തുകൊണ്ടിരുന്ന ദുരൈപാണ്ടിയെ കസ്റ്റഡിയിലെടുത്തു. ഒരു ലിറ്റര്‍ മദ്യവും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. മഹസര്‍ തയ്യാറാക്കുന്നതിനിടെ പത്തോളം പേര്‍ എസ്.ഐയെയും ഒപ്പമുള്ള പോലീസുകാരനെയും ആക്രമിച്ച് പ്രതിയെ രക്ഷിച്ചു. വടികൊണ്ടുള്ള അടിയേറ്റ് എസ്.ഐയുടെ കൈയ്ക്ക് പരിക്കേറ്റു. എസ്.ഐയുടെ മൊബൈല്‍ഫോണും അക്രമികള്‍ കവര്‍ന്നു. രാത്രി വൈകി കൂടുതല്‍ പോലീസ് സംഘമെത്തി നാല് പേരെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പത്തോളം പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൃഷ്ണമൂര്‍ത്തി, രാജ, രമേശ് കണ്ണന്‍, ശിവ എന്നിവരെയാണ് അറസ്റ്റുചെയ്തത്. എസ്.ഐ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.