സിബിഎസ്ഇ സംസ്ഥാന കലോത്സവം തിരുവനന്തപുരത്ത്

Monday 10 November 2014 11:17 pm IST

തിരുവനന്തപുരം : ഈ വര്‍ഷത്തെ സിബിഎസ്ഇ സംസ്ഥാന കലോത്സവം തിരുവനന്തപുരം സര്‍വ്വോദയ സെന്‍ട്രല്‍ വിദ്യാലയത്തില്‍ നടക്കും. അനന്തപുരി സഹോദയാ സ്‌കൂള്‍സ് കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍ മാര്‍ഇവാനിയോസ് വിദ്യാനഗര്‍ ക്യാമ്പിലെ പതിനേഴ് വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ കേരളത്തിലെ പതിനാറു സഹോദയകളില്‍ നിന്നുള്ള 600 സ്‌കൂളുകളെ പ്രതിനിധീകരിച്ച് ഒന്നും രണ്ടും സ്ഥാനക്കാരായ അയ്യായിരത്തോളം കുട്ടികള്‍ വിവിധയിനങ്ങളിലായി മാറ്റുരയ്ക്കുന്നു. 14ന് രാവിലെ 9.30ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കലോത്സവം ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്കാ സഭയുടെ മെത്രാന്‍ ഡോ. തോമസ് മാര്‍ അന്തോണിയോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ സിബിഎസ്ഇ റീജിനല്‍ ഓഫീസര്‍ മഹേഷ് ധര്‍മ്മാധികാരി, നടന്‍ ജഗദീഷ്, ഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ജാന്‍സി ജയിംസ്, മാര്‍ ഇവാനിയോസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജിജി തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ അവസാനിപ്പിച്ചതായും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ജനറല്‍ കണ്‍വീനറും പ്രിന്‍സിപ്പലുമായ ഡോ. കെ.റ്റി. ചെറിയാന്‍ പണിക്കര്‍ അറിയിച്ചു. കലോത്സവ നഗരിയില്‍ വിവിധ സ്ഥാപനങ്ങളും സ്റ്റോളുകള്‍, മീഡിയ സെന്റര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഏകദേശം രണ്ടായിരിത്തോളം പേര്‍ക്ക് ഇരിക്കാവുന്ന സര്‍വ്വോദയ സെന്‍ട്രല്‍ വിദ്യാലയ ഓഡിറ്റോറിയമാണ് പ്രധാനവേദിയായ ഒരുക്കിയിരിക്കുന്നത്. മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് കലാകാരന്മാര്‍ക്കും അധ്യാപകര്‍ക്കും താമസം ഒരുക്കിയിരിക്കുന്നത്. മാര്‍ ഇവാനിയോസ് കോളേജ് ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്ന ഭക്ഷണശാലയ്ക്ക് പുറമെ നിരവധി ഭക്ഷണ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. 16ന് വൈകുന്നേരം 5.30ന് നടക്കുന്ന സമാപനം സമ്മേളനത്തില്‍ മേയര്‍ അഡ്വ. കെ. ചന്ദ്രിക, കെ. മുരളീധരന്‍ എംഎല്‍എ, കളക്ടര്‍ ബിജു പ്രഭാകര്‍, ഡോ. മാത്യുമനക്കറകാവില്‍ കോര്‍എപ്പിസ് കോപ്പ, കോണ്‍ഫെഡറേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.