അമര്‍സിങ്ങിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18ലേക്ക് മാറ്റി

Wednesday 12 October 2011 11:40 am IST

ന്യൂദല്‍ഹി: വോട്ടിന്‌ നോട്ട് കേസില്‍ അറസ്റ്റിലായ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ്‌ അമര്‍ സിങ്ങിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ ദല്‍ഹി ഹൈക്കോടതി ഒക്‌ടോബര്‍ 18ലേക്ക്‌ മാറ്റിവച്ചു. കേസില്‍ ദല്‍ഹി പോലീസ്‌ സമര്‍പ്പിച്ച രണ്ടാം കുറ്റപത്രത്തിലെ കണ്ടെത്തല്‍ ചൂണ്ടികാട്ടിയാണ്‌ അമര്‍സിങ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്‌. ബി.ജെ.പി എം.പിമാര്‍ക്ക്‌ കൈമാറിയ പണം അമര്‍സിങിന്റേതാണെന്നതിന്‌ തെളിവില്ലെന്നാണ്‌ രണ്ടാം കുറ്റപത്രത്തില്‍ പോലീസ്‌ പറയുന്നത്‌. കൂടാതെ ആരോഗ്യസ്ഥിതി മോശമാകുന്ന കാര്യവും ജാമ്യാപേക്ഷയില്‍ അമര്‍സിങ് ചൂണ്ടികാട്ടിയിട്ടുണ്ട്‌. അമര്‍സിങ് ഇപ്പോള്‍ എയിംസില്‍ ചികിത്സയിലാണ്‌. വിചാരണാകോടതി നേരത്തെ അമര്‍സിങിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.