അനധികൃത ഇറച്ചിവെട്ടിനെതിരെ പ്രതിഷേധം വ്യാപകം

Tuesday 11 November 2014 9:34 pm IST

വൃത്തിഹീനമായ സാഹചര്യത്തില്‍ കെട്ടിയിട്ടിരിക്കുന്ന അറവുമാടുകള്‍

ചേര്‍ത്തല: ചേര്‍ത്തലയിലെ അറവുശാലകളില്‍ പോത്തിറച്ചിയെന്ന വ്യാജേന വില്‍ക്കുന്നത് പശുവിന്റെ ഇറച്ചി. വ്യാപകമായി പരാതി ഉയര്‍ന്നിട്ടും അനധികൃത ഇറച്ചിവെട്ടിനെതിരെ അധികൃതര്‍ മൗനം പാലിക്കുന്നു. പശുവിനെ അറക്കുന്നതിനെതിരെയും അനധികൃത ഇറച്ചിവെട്ടിനെതിരെയും ബിജെപിയും വിവിധ ഹൈന്ദവ സംഘടനകളും പ്രക്ഷോഭത്തിന്.

നഗരസഭയിലെ സ്ലോര്‍ട്ടര്‍ ഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചിട്ട് വര്‍ഷങ്ങളായി. ആധുനിക രീതിയിലുള്ള അറവുശാല പണിയുന്നതിനായാണ് ഇത് അടച്ചത്. എന്നാല്‍  ഇത് പുനരാരംഭിക്കാതെ നഗരസഭയിലും പ്രദേശങ്ങളിലും അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്ക് പ്രവര്‍ത്തിക്കുവാനുള്ള സൗകര്യമൊരുക്കുകയാണ് അധികൃതര്‍ എന്ന പരാതി വ്യാപകമായി.

മാംസം കച്ചവടം ചെയ്യുന്നിടത്ത് മൃഗങ്ങളെ അറക്കുവാന്‍ പാടില്ലെന്നും അറക്കുന്നതിനുമുമ്പ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പരിശോധിച്ച് അറവു മൃഗത്തിന് രോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തണമെന്ന് നിയമമുള്ളപ്പോഴാണ് നഗരസഭയുടെ മൂക്കിനു താഴെ ഇത്തരം ഹീനപ്രവര്‍ത്തികള്‍ നടക്കുന്നത്. വില്‍ക്കുന്നിടത്തു തന്നെ മൃഗങ്ങളെ അറുത്ത് അറവു മാലിന്യങ്ങള്‍ അലസമായി വലിച്ചെറിയുന്നതും, അവശിഷ്ടങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം കാരണം മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്.

ഇതിനെതിരെ ഹിന്ദു ഐക്യവേദി, ബിജെപി, വിശ്വ ഹിന്ദു പരിഷത്ത് എന്നീ സംഘടനകള്‍ നഗരസഭ അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ചു കഴിഞ്ഞു. നടപടി ഉണ്ടായില്ലെങ്കില്‍ ഗോപൂജ ഉള്‍പ്പെടെയുള്ള ശക്തമായ സമരമുറകളുമായി മുന്നോട്ടുപോകുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.