പകരം വീട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സ്; ആധിപത്യമുറപ്പിക്കാന്‍ മുംബൈ

Wednesday 12 November 2014 12:32 am IST

കൊച്ചി: ഒരു എലാനോയോ, ഫിക്രുവോ, അനല്‍ക്കയോ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന ചിന്തയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച പന്തടക്കം നടത്തിയിട്ടും ഗോളടിക്കുന്നതില്‍ കഴിവുതെൡയിച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവമാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. സ്വന്തം മണ്ണില്‍ മൂന്നാം അങ്കത്തിനാണ് ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. എതിരാളികള്‍ ഫ്രഞ്ച് സൂപ്പര്‍താരം നിക്കോളാസ് അനല്‍ക്ക ഉള്‍പ്പെട്ട മുംബൈ സിറ്റി എഫ്‌സിയും. കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ രാത്രി 7നാണ് കളിയുടെ കിക്കോഫ്. മുംബൈയില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം മുംബൈ സിറ്റി എഫ്‌സിക്കൊപ്പം നിന്നു. അന്ന് സൂപ്പര്‍താരം നിക്കോളാസ് അനല്‍ക്കയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളിലാണ് മുംബൈ വിജയിച്ചുകയറിയത്. ഈ പരാജയത്തിന് പകരംവീട്ടുക എന്ന ലക്ഷ്യത്തോടെയായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുക. അതേസമയം മുന്‍ മത്സരത്തിലെ ആധിപത്യം ഊട്ടിയുറപ്പിക്കുക എന്നതായിരിക്കും മുംബൈയുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം ദല്‍ഹി ഡൈനാമോസിനെതിരെ സൂപ്പര്‍താരം ഇയാന്‍ ഹ്യൂമും ഓസ്‌ട്രേലിയന്‍ സ്‌ട്രൈക്കര്‍ ആന്‍ഡ്രൂ ബരിസിച്ചും ആദ്യ ഇലവനില്‍ ഇറങ്ങിയിട്ടും ബ്ലാസ്‌റ്റേഴ്‌സിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. മറ്റൊരു സ്‌ട്രൈക്കറായ മലയാളി താരം സബീത്ത് ഗോവ എഫ്‌സിക്കെതിരെ ഒരു ഗോള്‍ നേടിയതൊഴിച്ചാല്‍ ഗ്രൗണ്ടി പൂര്‍ണ്ണ പരാജയമാണെന്ന് പറയാതെ വയ്യ. ഈയൊരവസ്ഥയിലാണ് ബ്ലാസ്‌റ്റേഴ്‌സ് നല്ലൊരു സ്‌ട്രൈക്കറുടെ അഭാവം ശരിക്കും തിരിച്ചറിഞ്ഞുതുടങ്ങിയത്. മധ്യനിരയില്‍ കളിനിയന്ത്രിക്കുന്ന സ്റ്റീഫന്‍ പിയേഴ്‌സണ്‍ മുന്നേറ്റനിരക്കാര്‍ക്ക് തുടര്‍ച്ചയായി പന്തുകള്‍ എത്തിച്ചുകൊടുത്തിട്ടും അത് മുതലാക്കാന്‍ കഴിയാതിരുന്നതോടെയാണ് കഴിഞ്ഞ ദിവസം ദല്‍ഹി ഡൈനാമോസുമായി ഗോള്‍രഹിത സമനില ബ്ലാസ്‌റ്റേഴ്‌സിന് പാലിക്കേണ്ടിവന്നത്. എന്നാല്‍ മറ്റൊരു താരമായ ക്യാപ്റ്റന്‍ പെന്‍ ഓര്‍ജി ഇതുവരെ മികച്ച ഫോമിലേക്കുയരാത്തതും ബ്ലാസ്‌റ്റേഴ്‌സിനെ ബുദ്ധിമുട്ടിലാക്കുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്ന ന്യൂകാസില്‍ മുന്‍താരം മൈക്കല്‍ ചോപ്ര ഇന്ന് കളിച്ചേക്കുമെന്നാണ് കരുതുന്നത്. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ-മധ്യനിര മികച്ച ഒത്തിണക്കമാണ് കഴിഞ്ഞ മത്സരങ്ങളില്‍ പ്രകടിപ്പിച്ചത്. ഇവര്‍ക്കൊപ്പം സ്‌ട്രൈക്കര്‍മാരും ലക്ഷ്യബോധം മറക്കാതിരുന്നാല്‍ സ്വന്തം മണ്ണില്‍ ഇന്ന് രണ്ടാം വിജയം ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തമാക്കാം. റാഫേല്‍ റോമി, നിര്‍മ്മല്‍ ഛേത്രി, ഹെംഗ്ബാര്‍ട്ട്, സന്ദേശ് ജിന്‍ഗാന്‍, കോളിന്‍ ഫാല്‍വേ, സൗമിക് എന്നിവര്‍ പ്രതിരോധത്തില്‍ ഇറങ്ങാനാണ് സാധ്യത. ദല്‍ഹി ഡൈനാമോസിനെതിരെ ഇറങ്ങിയ 5-3-2 ശൈലിയില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ഇന്നും ഇറങ്ങാനാണ് സാധ്യത. അതേസമയം മുംബൈ സിറ്റിയുടെ നിക്കോളാസ് അനല്‍ക്കയെ പൂട്ടുക എന്നതായിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ വെല്ലുവിൡ അനല്‍ക്കക്കൊപ്പം ബ്രസീലിയന്‍ താരം ആന്ദ്രെ മോറിറ്റ്‌സായിരിക്കും മുന്നേറ്റനിരയില്‍ ഇറങ്ങുക. ഒപ്പം കരുത്തുറ്റ പ്രതിരോധനിരയും അവര്‍ക്ക് സ്വന്തമാണ്.  മാത്രമല്ല പ്രതിരോധക്കോട്ട കെട്ടിയുയര്‍ത്തുമ്പോഴും അതിവേഗത്തിലുള്ള പ്രത്യാക്രമണം നടത്താനുള്ള കഴിവും മുംബൈ സിറ്റി താരങ്ങള്‍ക്കുണ്ട്. സ്വീഡന്റെ ലോകകപ്പ് താരം ഫ്രെഡ്‌റിക് ല്യൂങ്ബര്‍ഗ്, അര്‍ജന്റീനക്കാരന്‍ ഡിയഗോ ഫെര്‍ണാണ്ടോ നദായ, സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള തിയാഗോ റിബെയ്‌റോ, ചെക്ക് റിപ്പബ്ലിക്കിന്റെ യാന്‍ സ്‌റ്റൊഹാന്‍സല്‍, പവേല്‍ കാമോസ്, സ്‌പെയിനില്‍നിന്നുള്ള സാവി ഫെര്‍ണാണ്ടസ്, ജര്‍മ്മന്‍ താരവും വൈസ് ക്യാപ്റ്റനുമായ മാനുവല്‍ ഫ്രെഡറിക്, ഇന്ത്യയുടെ പരിചയ സമ്പന്നനായ പ്രതിരോധനിരതാരം ദീപക് മണ്ഡല്‍, ടീം ക്യാപ്റ്റന്‍ സയിദ് റഹിം നബി, സ്‌ട്രൈക്കര്‍ നദോങ് ബൂട്ടിയ, ഗോള്‍കീപ്പര്‍ സുബ്രത പോള്‍ തുടങ്ങിയവരാണു ടീമിലെ പ്രമുഖര്‍. മലയാളിയായ മിഡ്ഫീല്‍ഡര്‍ കെ. ആസിഫും ടീമിലുണ്ട്. എന്നാല്‍ സ്വീഡിഷ് സൂപ്പര്‍താരമായ ല്യൂങ്ബര്‍ഗ് രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്‌റ്റേഴ്‌സ് എട്ട് പോയിന്റുമായി ആറാം സ്ഥാനത്താണ്. രണ്ട് വിജയവും ഒരു സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. മൂന്നെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. അതേസമയം മുംബൈ സിറ്റി എഫ്‌സി 7 കൡകളില്‍ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ വിജയിച്ച ബ്ലാസ്‌റ്റേഴ്‌സ് ഒരെണ്ണത്തില്‍ സമനില വഴങ്ങിയപ്പോള്‍ മൂന്നെണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ നിന്നായി ആറ് ഗോളുകള്‍ വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് അഞ്ച് ഗോളുകള്‍ മടക്കിയപ്പോള്‍ മുംബൈ സിറ്റി 10 വഴങ്ങുകയും എട്ട് തവണ എതിര്‍ വല കുലുക്കുകയും ചെയ്തു. ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന് വിജയിക്കാന്‍ കഴിഞ്ഞാല്‍ മുംബൈയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയരാന്‍ കഴിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.