വളമംഗലത്ത് വീണ്ടും ഗുണ്ടാ ആക്രമണം

Wednesday 12 November 2014 9:45 pm IST

തുറവൂര്‍: വളമംഗലത്ത് വീണ്ടും ഗുണ്ടാആക്രമണം. പെട്ടിയോട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. മത്സ്യസംസ്‌കരണ ശാലയില്‍ നിന്നും ചെമ്മീന്‍ തലയുമായി വന്ന വാഹനത്തിനുനേരെയാണ് ഗുണ്ടാആക്രമണമുണ്ടായത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടിനാണ് തുറവൂര്‍ പഞ്ചായത്തിലെ വളമംഗലം പ്രദേശത്തായിരുന്നു സംഭവം. മാരകായുധങ്ങളുമായെത്തിയ എട്ടംഗഗുണ്ടാസംഘമാണ് വാഹനം ആക്രമിച്ചത്. ഡ്രൈവറെ പെട്ടി ആട്ടോയില്‍ നിന്നും പുറത്തേക്ക് വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ അരൂര്‍ ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് മാതേല വെളിയില്‍ ഇസഹാക്കി (34)നെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരറിയിച്ചതിനെ തുടര്‍ന്നു കുത്തിയതോട് എസ്‌ഐ: ബിജു വി.നായരുടെ നേതൃത്വത്തിലുളള പോലീസ് സംഘമെത്തി വളമംഗലം പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ആക്രമണം നടത്തിയവരെ പിടികൂടാനായില്ല. വളമംഗലം മേഖലയില്‍ ഗുണ്ടാആക്രമണം ദിനംപ്രതി വര്‍ദ്ധിച്ചുവരുകയാണ്. കഴിഞ്ഞ ദിവസം പ്രദശത്തെ സ്വകാര്യകോളജിലെ വിദ്യാര്‍ത്ഥികളെ ഗുണ്ടാസംഘം ആക്രമിച്ചിരുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെ മാരകായുധങ്ങളുമായി ഗുണ്ടകള്‍ വളമംഗലത്ത് നേര്‍വാഴ്ച നടത്തുകയാണെന്നു നാട്ടുകാര്‍ പറയുന്നു. ഗുണ്ടാസംഘത്തിന്റെ നേതൃത്തിലാണ് ഇവിടെ മദ്യം-മയക്കുമരുന്നു-കഞ്ചാവ് വില്‍പന നടത്തുന്നതെന്നു ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.