സമൂഹത്തെ നയിക്കേണ്ടത് ധര്‍മ്മാചാര്യന്മാര്‍: മോഹന്‍ ഭാഗവത്

Wednesday 12 November 2014 10:04 pm IST

കര്‍ണാടകയിലെ തുംകൂറിലെ സിദ്ധഗംഗാ മഠത്തില്‍ നടക്കുന്ന ധര്‍മ്മാചാര്യ സമ്മേളനത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ശ്രീ ശ്രീ രവിശങ്കറെയും ആചാര്യന്മാരെയും വണങ്ങുന്നു,

തുംകൂര്‍ (കര്‍ണാടക): അറുനൂറിലേറെ പ്രമുഖ സന്യാസിമാര്‍ പങ്കെടുത്ത സന്ത് സമ്മേളനം തുംകൂറിലെ സിദ്ധഗംഗാ മഠത്തില്‍ മഠാദ്ധ്യക്ഷന്‍ ഡോ. ശിവ്കുമാര്‍ സ്വാമിജിയും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിശ്വഹിന്ദു പരിഷത്താണ് സന്യാസി സമ്മേളനം സംഘടിപ്പിച്ചത്.

സ്വാമി വിശ്വേശതീര്‍ത്ഥ (പേജാവര്‍), സ്വാമി നിര്‍മലാനന്ദാനന്ദ (ആദിചുച്ചങ്ഗിരി), സ്വാമി ശിവരാത്രി ദേശികേന്ദ്ര, ശ്രീ ശ്രീ രവിശങ്കര്‍ (ആര്‍ട്ട് ഓഫ് ലിവിങ്), സ്വാമി സ്വര്‍ണ്ണവല്ലി സോന്ദ, ഡോ. വീരേന്ദ്ര ഹെഗ്‌ഡേ (ധര്‍മ്മശാല) തുടങ്ങി വിവിധ സന്യാസി മഠങ്ങളുടെ അധിപതികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഹിന്ദു സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയാണ് യോഗലക്ഷ്യമെന്ന് വിഎച്ച്പി ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായ് വിശദീകരിച്ചു.

ആഗോള ആത്മീയ ഏകതയുടെ സ്രോതസ് ഭാരതമാണെന്ന് സര്‍ സംഘചാലക് മോഹന്‍ ഭാഗവത് വിശദീകരിച്ചു. സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തിലെ ഓരോ പൗരന്മാരുടെയും ജീവിതത്തില്‍ ആത്മീയ മൂല്യങ്ങള്‍ നിറയ്‌ക്കേണ്ടതിനെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം സന്യാസിമാരോട് അഭ്യര്‍ത്ഥിച്ചു.

തെറ്റായ വഴിയില്‍ നയിക്കപ്പെട്ടവരെ നേര്‍വഴിക്കു നയിക്കാനുള്ള പദ്ധതികളും പരിപാടികളും അവയെങ്ങനെ നടപ്പാക്കാമെന്നതും തീരുമാനിക്കണം. ഈ ശ്രമം സ്വാമിമാരിലൂടെയെ സാര്‍ത്ഥകമാക്കാനാവൂ. ആര്‍എസ്എസ്-വിഎച്ച്പി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ അതിന് പിന്നില്‍ പ്രവര്‍ത്തിക്കും. സന്യാസിമാരും ധര്‍മ്മാചാര്യന്മാരും സമൂഹത്തെ നയിച്ചാല്‍ ആ മത നേതൃത്വത്തെ പിന്തുടരാന്‍ ഞങ്ങള്‍ ഉണ്ടാകും, മോഹന്‍ ഭാഗവത് പറഞ്ഞു.

ചില ശക്തികള്‍ ഹിന്ദു സമൂഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. അവര്‍ നമ്മുടെ ജനതയെ കൈപ്പിടിയിലാക്കുന്നു. അവര്‍ പിന്നീട് ഹിന്ദു വിരുദ്ധരാകുന്നു. അവരെ തിരികെ ഹിന്ദു സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ കഴിയണം, സര്‍സംഘ ചാലക് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.