മൂലമറ്റത്ത് ജനറേറ്ററുകള്‍ പണിമുടക്കി

Wednesday 12 October 2011 4:48 pm IST

ഇടുക്കി: മൂലമറ്റം പവര്‍ ഹൌസില്‍ അഞ്ച് ജനറേറ്ററുകളുടെയും പ്രവര്‍ത്തനം നിലച്ചു. ഇതില്‍ മൂന്നെണ്ണം പ്രാര്‍ത്തനക്ഷമമാക്കി. ഇടുക്കി പവര്‍ ഹൌസിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇടമലയാര്‍ പവര്‍ ഹൌസിലെ ട്രാന്‍സ്‌മിഷന്‍ ലൈനിലെ തകരാര്‍ മുലമായിരുന്നു ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചത്. ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ സംസ്ഥാനത്ത്‌ വൈദ്യുത പ്രതിസന്ധി രൂക്ഷമാകും. പവര്‍കട്ട്‌ ഏര്‍പ്പെടുത്തി പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ്‌ അധികൃതര്‍. വൈകിട്ടോടെ മുഴുവന്‍ ജനറേറ്ററുകളുടെയും പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. അമിത ഉത്പാദനത്തെത്തുടര്‍ന്നാണ് ഫീഡറിന്റെ പ്രവര്‍ത്തനം നിലച്ചതെന്നും അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ജനറേറ്ററുകള്‍ പണിമുടക്കിയത്. മൂലമറ്റം പവര്‍ ഹൗസില്‍ മുഴുവന്‍ ജനറേറ്ററില്‍ ഇത്രയും ജനറേറ്ററുകളുടെ പ്രവര്‍ത്തനം ഒരുമിച്ച്‌ നിലയ്ക്കുന്നത്‌ ഇതാദ്യമാണ്. ആറു ജനറേറ്ററുകളാണ്‌ ഇവിടെയുള്ളത്‌. ജൂണ്‍ 20 ന്‌ അഞ്ചാം നമ്പര്‍ ജനറേറ്ററില്‍ പൊട്ടിത്തെറിയുണ്ടായതിനെ തുടര്‍ന്ന്‌ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്‌.