ട്രാക്ക് വിടാതെ പ്രതിഷേധം; ജില്ലാ കായിക മേള മാറ്റിവെച്ചു

Thursday 13 November 2014 10:46 am IST

തൃശൂര്‍: അവസാന ദിവസവും പ്രതിഷേധം കനത്തപ്പോള്‍ ജില്ലാ സ്‌കൂള്‍ കായിക മേള പൂര്‍ത്തിയാക്കാനായില്ല. കായിക അധ്യാപകരുടെയും കായിക പരിശീലന വിദ്യാര്‍ഥികളുടെയും സമരത്തെ തുടര്‍ന്ന് കായികമേള മാറ്റിവെച്ചു. മത്സരങ്ങള്‍ തുടരുന്നതു സംബന്ധിച്ച് ചര്‍ച്ചചെയ്ത് പുതിയ തീയതി പിന്നീട് തീരുമാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ ട്രാക്ക് കയ്യേറിയതോടെ ചൊവ്വാഴ്ച ഉച്ചവരെ മേള തടസപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ഇന്നലെ രാവിലെ സമരക്കാര്‍ വീണ്ടും ട്രാക്കില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സ്ഥലത്തെത്തിയ പോലീസ് സന്നാഹം സമരക്കാരായ വിദ്യാര്‍ഥികളെ ബലംപ്രയോഗിച്ച് വാനിലേക്കു നീക്കി. ഇതിനിടെ മറ്റു വിദ്യാര്‍ഥികള്‍ വാഹനം തടസപ്പെടുത്തി കിടന്നു. സമരം ചെയ്യുന്ന കായികാധ്യാപകര്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാട് കടുപ്പിച്ചതോടെ പോലീസ് അയഞ്ഞു. വാഹനത്തില്‍നിന്നും ഇറക്കിയ വിദ്യാര്‍ഥികള്‍ പിന്നീട് ഒഫീഷ്യല്‍സ് ബോക്‌സിനുനേരേ സംഘടിച്ചെത്തി മുദ്രാവാക്യം വിളികള്‍ തുടര്‍ന്നു. ഇതിനിടെ ചില വിദ്യാര്‍ഥികള്‍ ബ്ലേഡ് കൈയില്‍പിടിച്ച് ആത്മഹത്യാ ഭീഷണിയും മുഴക്കി. സമരം സംഭവബഹുലമായതോടെ മേള താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കയ്യടിയോടെയും ആര്‍പ്പുവിളികളോടെയുമാണ് സമരക്കാര്‍ അനൗണ്‍സ്‌മെന്റ് സ്വീകരിച്ചത്. ട്രാക്കിലൂടെ ഒരു റൗണ്ട് ഓടി സമരത്തിന്റെ വിജയപ്രഖ്യാപനം നടത്തി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍, പെണ്‍കുട്ടികളുടെ 3000 മീറ്റര്‍, ജൂണിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 3000 മീറ്റര്‍ ഓട്ടമത്സരങ്ങളുടെ ഫൈനല്‍ നടക്കുന്നതിനു മുമ്പായാണ് രാവിലെ 11ഓടെ മത്സരങ്ങള്‍ തടസപ്പെട്ടത്. എല്ലാ വിഭാഗങ്ങളുടെയും 400 മീറ്റര്‍ ഓട്ടവും റിലേയും അടക്കം 20 ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. 17 സ്വര്‍ണവും, 11 വെള്ളിയും, മൂന്ന് വെങ്കലവുമടക്കം വലപ്പാട് വിദ്യാഭ്യാസ ഉപജില്ല (121 പോയിന്റ്) യാണ് ഇതുവരേയും മുന്നിട്ടുനില്ക്കുന്നത്. തൃശൂര്‍ ഈസ്റ്റ്(62 പോയിന്റ്), ചാലക്കുടി(55 പോയിന്റ്) ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.