സിപിഎം ചാരുംമൂട് ലോക്കല്‍ കമ്മറ്റിയില്‍ വാക്കേറ്റവും കൈയാങ്കളിയും

Thursday 13 November 2014 9:15 pm IST

ചാരുംമൂട്: സിപിഎം ചാരുംമൂട് ലോക്കല്‍ കമ്മിറ്റിയില്‍ വാക്കേറ്റവും കൈയാങ്കളിയും. സിപിഎം ഭരിക്കുന്ന കണ്ണനാകുഴി സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം രമേശ് ചെന്നിത്തലയെകൊണ്ട് ഉദ്ഘാടനം ചെയ്യിക്കുവാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ലോക്കല്‍ കമ്മിറ്റി ബഹളത്തില്‍ കലാശിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ചാരുംമൂട് ലോക്കല്‍ കമ്മിറ്റിയിലെ രണ്ട് അംഗങ്ങളെ സസ്‌പെന്റ് ചെയ്യുകയും ഒരാളെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു. ചാരുംമൂട് ലോക്കല്‍ കമ്മറ്റി അംഗങ്ങളായിരുന്ന വര്‍ഗീസ് കാരൂര്‍, ഡി. സന്തോഷ് എന്നിവരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും സജീവ് കുമാറിനെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനുമാണ് തീരുമാനിച്ചത്. പാര്‍ട്ടിയിലെ ഒരു വിഭാഗം ഇടപെട്ട് രമേശ് ചെന്നിത്തലയെ ഉദ്ഘാടനത്തിന് ക്ഷണിച്ചെന്ന് ആയിരുന്നു മറു വിഭാഗത്തിന്റെ  ആരോപണം. തുടര്‍ന്ന് പാര്‍ട്ടി ജില്ലാ നേത്യത്വം ഇടപെട്ട് ഉദ്ഘാടനം തടഞ്ഞു. ഇതിനുശേഷം കരിമുളയ്ക്കല്‍ ലോക്കല്‍ കമ്മറ്റി ഓഫീസില്‍ ഡിവൈഎഫ്‌ഐ നടത്തിയ കമ്മറ്റി യോഗത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും നടന്നിരുന്നു. സമ്മേളനങ്ങളില്‍ ശക്തമായ വിഭാഗീയത ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. കണ്ണനാകുഴി ബാങ്ക് ജീവനക്കാരനായിരുന്ന സന്തോഷിനെതിരെ ഉയര്‍ന്നിട്ടുള്ള സാമ്പത്തിക ക്രമക്കേടും അഴിമതി ആരോപണവും പാര്‍ട്ടി അന്വേഷിക്കുകയാണ്. വിഭാഗീയതയുടേയും, തമ്മില്‍ തല്ലിന്റേയും, വാക്കേറ്റത്തിന്റേയും പേരില്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകാതെ പോയ ചാരുംമൂട് എല്‍സിയുടെ കീഴിലുള്ള നാല്  ബ്രാഞ്ച് സമ്മേളനങ്ങള്‍ നേതാക്കളായ സജി ചെറിയാന്‍, അഡ്വ. സി.എസ്. സുജാത എന്നിവരുടെ നേത്യത്തില്‍ കഴിഞ്ഞദിവസം നടത്തിയതായി അറിയുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചാരുംമൂട്ടില്‍ നടന്ന ലോക്കല്‍ സമ്മേളനത്തില്‍ സെക്രട്ടറിയായി ഏരിയകമ്മറ്റി അംഗം ശ്രീധരന്‍ പിള്ളയെ തെരഞ്ഞെടുത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.