നിര്‍മാണത്തിനിടെ പാലം തകര്‍ന്നു; ആറ് അന്യസംസ്ഥാനക്കാര്‍ക്ക് പരിക്കേറ്റു

Friday 14 November 2014 2:49 am IST

ആലുവ: നിര്‍മ്മാണത്തിനിടെ തടിക്കകടവ്-അടുവാത്തുരുത്ത് പാലത്തിന്റെ രണ്ട് ബീമുകള്‍ തകര്‍ന്നു. ആറ് അന്യസംസ്ഥാനക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ ആലുവയിലെയും അങ്കമാലിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കരുമാല്ലൂര്‍  കുന്നുകര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിര്‍മ്മിക്കുന്ന പാലം ഇന്നലെ രണ്ട് മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. പശ്ചിമബംഗാള്‍ കല്‍ക്കത്ത സ്വദേശികളായ അമിനുള്‍മിയ (23), മുസ്തഫ ഹുസൈന്‍ (22), ജഗാംഗീര്‍ അലാം (24), മജീദുള്‍ റഹ്മാന്‍ (35), റോജ അലി (35), അലിമുള്‍ ഹുസൈന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ അലിമുള്‍ ഹുസൈനെ അങ്കമാലിയിലെ സ്വകാര്യാശുപത്രിയിലും മറ്റുള്ളവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏഴ് സ്പാനുകളിലായി നിര്‍മ്മിക്കുന്ന പാലത്തിന്റെ പകുതിയിലേറെയും നിര്‍മ്മാണം കഴിഞ്ഞിരുന്നു. അഞ്ചും ആറും സ്പാനുകളെ ബന്ധിക്കുന്ന രണ്ട് ബീമുകളാണ് തകര്‍ന്നത്. നിര്‍മ്മാണത്തിലിരിക്കുന്ന ബീമിന്റെ എന്‍ഡ്രസ് ഒടിഞ്ഞതാണ് അപകട കാരണം. ഈ ബീം നിര്‍മ്മാണം പൂര്‍ത്തിയായവയിലേക്ക് ചെരിയുകയും തുടര്‍ന്ന് രണ്ടും പെരിയാറിലേക്ക് പതിക്കുകയുമായിരുന്നു. പെരിയാറിലേക്ക് വീണ തൊഴിലാളികള്‍ കമ്പികള്‍ക്കിടയില്‍ കുടുങ്ങാതെ നീന്തി കയറിയതിനാല്‍ കാര്യമായ പരിക്കേറ്റില്ല. കോണ്‍ക്രീറ്റിംഗ് സമയത്ത് പി.ഡബഌയു.ഡി എ.ഇയും ഓവര്‍സിയിറും കരയിലുണ്ടായിരുന്നു. 33 കോടി രൂപ ചെലവില്‍ 260 മീറ്റര്‍ നീളത്തിലും 11.5 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്. ഇടപ്പള്ളിയിലെ ഒരു കമ്പനിക്കാണ് നിര്‍മ്മാണ കരാര്‍. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ പി.പി. ബെന്നി, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജോട്ടി തോമസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി.ജി. കമലം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.