മദനിയുടെ ജാമ്യം വിചാരണ പൂര്‍ത്തിയാകുന്നതുവരെ നീട്ടി

Friday 14 November 2014 4:43 pm IST

ന്യൂദല്‍ഹി: ബംഗളുരു സ്ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യം കേസില്‍ വിചാരണ പൂര്‍ത്തിയാകുന്നതുവരെ നീട്ടി നല്‍കി. വിചാരണ നാല് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. വിചാരണ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി നാല് മാസത്തെ കാലാവധി അനുവദിച്ചത്. എന്നാല്‍, മദനിയുടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കാന്‍ കോടതി തയ്യാറായില്ല. അതുപോലെ, കേരളത്തില്‍ ചികില്‍സ നടത്താന്‍ അനുവദിക്കണമെന്ന് അപേക്ഷയും കോടതി നിരാകരിച്ചു. ബംഗളുരു വിട്ടുപോകരുതെന്നും കോടതി വ്യക്തമാക്കി. മദനിയ്ക്ക് ജാമ്യം നീട്ടുന്നതിനെ എതിര്‍ത്ത് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മദനി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും അഭിഭാഷകരുടേത് ഉള്‍പ്പെടെയുള്ള ഫോണുകളില്‍ നിന്നും മദനി സാക്ഷികളെ ബന്ധപ്പെടുന്നു എന്ന് സത്യവാങ്മൂലത്തില്‍ കരണാടക വ്യക്തമാക്കിയിരുന്നു. മദനിയുടെ പെരുമാറ്റം സംശയാസ്പദമാണെന്നും സത്യവങ്മൂലത്തില്‍ പറയുന്നു. ഇതുകൂടാതെ കൂറുമാറിയ സാക്ഷികളുടെ പട്ടികയും കര്‍ണാടക കോടതിയില്‍ സമര്‍പ്പിച്ചു. മദനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ യാതൊന്നും ഇല്ല. കേസിലെ ഭൂരിഭാഗം സാക്ഷികളും കേരളത്തില്‍ നിന്നുള്ളവരാണ് ഈ സാഹചര്യത്തില്‍ കേരളത്തില്‍ പോകാന്‍ അനുവദിച്ചാല്‍ കൂടുതല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാകും അതിനാല്‍ ചികിത്സയ്ക്കായി കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്ന മദനിയുടെ ആവശ്യം തള്ളണമെന്നും കര്‍ണാടക ആവശ്യപ്പെടുന്നു. ജൂലൈ പതിനാലിനാണ് ചികിത്സക്കായി മദനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. കേരളത്തിതിലെ ശ്രീധരീയം ആശുപത്രിയില്‍ ചികിത്സ നടത്താന്‍ അനുവദിക്കണമെന്നാണ് മദനിയുടെ ആവശ്യം. ശ്രീധരീയത്തില്‍ ചികിത്സ വേണമെങ്കില്‍ അത് കേരളത്തിനു പുറത്തും ആകാമെന്നും ബംഗളുരു‍, ദല്‍ഹി, റായ്‌പൂര്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ശ്രീധരീയത്തിന് ശാഖകളുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.