മരണം യാത്രയിലാണ്‌

Wednesday 12 October 2011 10:03 pm IST

കഴിഞ്ഞ തിങ്കളാഴ്ച രാത്രി വളരെ വൈകിയാണ്‌ ആരെയും ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത അറിഞ്ഞത്‌. ആദ്യം കേട്ടത്‌ പെരുമ്പാവൂരില്‍ ഒരു ബസില്‍ യാത്ര ചെയ്തിരുന്നവര്‍ ഒരു സഹയാത്രികനെ ആക്രമിച്ചു കൊന്നു എന്നായിരുന്നു. തുടര്‍ന്ന്‌ കേട്ടത്‌ അയാളെ അടിച്ചുകൊല്ലാന്‍ കാരണം അയാള്‍ ഒരു സഹയാത്രികന്റെ പോക്കറ്റടിച്ചു എന്നാണ്‌. നിയമപാലകര്‍ നിഷ്ക്രിയരായി നോക്കിനില്‍ക്കുകയും സാധാരണക്കാര്‍ നിയമം കയ്യിലെടുക്കുകയും ചെയ്യുന്ന സമാന സംഭവങ്ങളെക്കുറിച്ച്‌ ഇതര സംസ്ഥാനങ്ങളില്‍നിന്ന്‌ സ്ഥിരമായി കേള്‍ക്കുമ്പോഴൊക്കെ സമാധാനപ്രിയരായ കേരളീയരുടെ സാംസ്ക്കാരികൗന്നത്യത്തില്‍ അടുത്തകാലംവരെ അഭിമാനം കൊണ്ടിരുന്നു. ആ സാംസ്ക്കാരികൗന്നത്യവും പ്രബുദ്ധതയുമൊക്കെ കേരളത്തിന്‌ കൈമോശം വന്നുവോ എന്ന ആശങ്കയാണ്‌ പെരുമ്പാവൂരില്‍ യാത്രക്കാരന്‍ അടിച്ചുകൊല്ലപ്പെട്ടു എന്ന വാര്‍ത്ത ഉയര്‍ത്തുന്നത്‌. അതൊരു ഒറ്റപ്പെട്ട സംഭവമായി അവഗണിക്കാനാവില്ല. അടുത്തകാലത്തായി ഇത്തരം സംഭവങ്ങള്‍ കേരളത്തിലും അങ്ങുമിങ്ങും ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നു എന്നതാണ്‌ അസ്വസ്ഥതയുളവാക്കുന്ന സത്യം. അവയിലേറെയിലേയും ഇരകള്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന്‌ കേരളത്തില്‍ പണിതേടിയെത്തുന്നവരായിരുന്നു ഇതുവരെ. ഇപ്പോഴിതാ ഒരു മലയാളിയെ തന്നെയാണ്‌ സ്വന്തം സംസ്ഥാനത്തില്‍ നാട്ടുകാര്‍ അടിച്ചുകൊന്നിരിക്കുന്നത്‌. പട്ടിയെ പേപ്പട്ടിയെന്ന്‌ പറഞ്ഞ്‌ തല്ലിക്കൊല്ലുന്നതായി കേട്ടിട്ടുണ്ട്‌. പക്ഷെ വഴിപോക്കനെ പോക്കറ്റടിക്കാരനാക്കി അടിച്ചുകൊല്ലുന്നതായി കേള്‍ക്കുന്നത്‌ ആദ്യമായാണ്‌. തൃശ്ശൂരില്‍നിന്ന്‌ ചടയമംഗലത്തേക്ക്‌ പോവുകയായിരുന്ന ബസില്‍ യാത്ര ചെയ്യാനിടയായ പാലക്കാട്‌ സ്വദേശി സ്വകാര്യ പ്ലാസ്റ്റിക്‌ കമ്പനി ജീവനക്കാരന്‍ രഘു പോക്കറ്റടിച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും അറിയുന്നത്‌ അടിച്ചുകൊല്ലപ്പെട്ടതിന്‌ അടുത്ത ദിവസമാണ്‌. അതുകൂടി അറിയുമ്പോഴാണ്‌ ആ സംഭവത്തിന്റെ ദാരുണതയും അക്രമത്തിന്റെ ഭീകരതയും പതിന്മടങ്ങ്‌ വര്‍ധിക്കുന്നത്‌. പാലക്കാട്‌ പെരുവെമ്പില്‍ തന്റെ സഹായംകൊണ്ടുമാത്രം കഴിയുന്ന വൃദ്ധയായ അമ്മയെ കാണാന്‍ പോയിമടങ്ങുകയായിരുന്നു ഒരു ദരിദ്ര കുടുംബത്തിന്റെ നാഥനായ രഘു. അത്‌ അമ്മയെക്കാണാനുള്ള അയാളുടെ അവസാനത്തെ യാത്രയാണെന്നും ഇനി മകനെ കാണാന്‍ ഒരിക്കലും ആവില്ലെന്നും ആ അമ്മയും അറിഞ്ഞിരുന്നില്ല. മൃഗീയമെന്ന്‌ വിശേഷിപ്പിച്ചാല്‍ മൃഗങ്ങള്‍ ലജ്ജിക്കുമെന്നും പൈശാചികമെന്ന്‌ പറഞ്ഞാല്‍ പിശാചുക്കള്‍കൂടി പ്രതിഷേധിക്കുമെന്നും മറ്റും ഉള്ള പതിവ്‌ പ്രയോഗങ്ങളൊന്നും പോരാ പെരുമ്പാവൂര്‍ സംഭവത്തെപ്പറ്റി പറയാന്‍. തന്റെ സ്വര്‍ണമോതിരം പണയംവെച്ച്‌ വാങ്ങിയ തുകയാണത്രെ, ഒരു വാക്ക്‌ പോലും ഉരിയാടാന്‍ അനുവദിക്കാതെ ആക്രമിച്ച്‌ കൊന്ന ആ മുപ്പത്തഞ്ചുകാരന്റെ പക്കല്‍നിന്ന്‌ പോക്കറ്റടിച്ച പണമായി കണ്ടെടുത്തത്‌. അന്ത്യശ്വാസം വലിക്കുന്നതുവരെ രഘുവിനെ തിരക്കുള്ള ബസ്‌ സ്റ്റാന്റിലിട്ട്‌ നിര്‍ദയം മര്‍ദ്ദിക്കുമ്പോള്‍, സര്‍ക്കസോ മാജിക്കോ കാണാനെന്നപോലെ അതിനുചുറ്റും നിസംഗതയോടെ ജനം വട്ടംകൂടി നോക്കി നില്‍പ്പുണ്ടായിരുന്നു. ചാലക്കുടിയ്ക്കടുത്ത്‌ ബസ്‌ എത്തിയപ്പോഴാണത്രെ ഒരു യാത്രക്കാരന്റെ പക്കലുണ്ടായിരുന്ന മൊബെയില്‍ ഫോണ്‍ പോക്കറ്റടിച്ചു പോയതായി പരാതി ഉയര്‍ന്നത്‌. യാത്രക്കാര്‍ക്കിടയില്‍നിന്ന്‌ അപ്പോള്‍ അവതരിച്ച 'കുറ്റാന്വേഷണ വിദഗ്ദ്ധര്‍' പാവം രഘുവില്‍നിന്നും 'തൊണ്ടി' കണ്ടെടുക്കുകയായിരുന്നു. നഷ്ടപ്പെട്ട മൊബെയില്‍ ഫോണല്ല മറിച്ച്‌ പതിനേഴായിരം രൂപയായിരുന്നു രഘുവില്‍നിന്ന്‌ കണ്ടെടുത്തത്‌. ആ തുക അയാളുടേതല്ലെന്നായിരുന്നു അവരുടെ വാദം. പിന്നെയങ്ങോട്ട്‌ ഭീകരമായ മര്‍ദ്ദനമായിരുന്നു. ബസ്‌ പെരുമ്പാവൂര്‍ ഡിപ്പോയിലെത്തിയിട്ടും മര്‍ദ്ദനം തുടര്‍ന്നുകൊണ്ടേയിരുന്നു. അക്രമികളില്‍നിന്ന്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രഘുവിനെ പിന്നാലെ പാഞ്ഞു പിടികൂടി, കൈകള്‍ രണ്ടും പിന്നില്‍ പിണച്ചുവെച്ച്‌ മര്‍ദ്ദിക്കുകയായിരുന്നു. അവശനായി നിലംപതിച്ചപ്പോള്‍ നിലത്തിട്ട്‌ തൊഴിക്കുന്നതിനിടയിലാണ്‌ രഘുവിന്‌ ബോധം നഷ്ടപ്പെട്ടത്‌. കെഎസ്‌ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ വിളിച്ചറിയിച്ചിട്ടും പോലീസെത്താന്‍ പതിവുപോലെ പതിനഞ്ചുമിനിട്ട്‌ വൈകിയിരുന്നു. ആശുപത്രിയിലെത്തിച്ച രഘു, തലയ്ക്കേറ്റ ആഘാതംമൂലം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന്‌ മരിച്ചെന്നാണ്‌ ചൊവ്വാഴ്ചയിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌. എത്ര ക്രൂരം! എത്ര ഭീകരം! എത്ര ഭീഭത്സം! രാഷ്ട്രീയ കൊലപാതകങ്ങളും കൊലപാതക രാഷ്ട്രീയവും കേരളത്തിന്‌ അന്യമല്ല. അദ്ധ്യാപകനെ ക്ലാസ്‌ മുറിയില്‍ കുട്ടികളുടെ മുന്നിലിട്ട്‌ വെട്ടിക്കൊലപ്പെടുത്തിയ സംഭവമുണ്ട്‌. അമ്മയുടെ മുന്നിലിട്ട്‌ മകനെ മര്‍ദ്ദിച്ചുകൊന്ന സംഭവമുണ്ട്‌. അവയുടെയൊക്കെ പിന്നില്‍ അംഗീകരിക്കാനാവാത്തതും അനുവദിക്കാനാവാത്തതുമെങ്കിലും രാഷ്ട്രീയവും രാഷ്ട്രീയകാരണങ്ങളും ഉണ്ട്‌. വ്യക്തി വൈരാഗ്യത്തിന്റെയും കുടിപ്പകയുടേയുമൊക്കെ ഫലമായുള്ള കൊലപാതകങ്ങളും കേരളത്തില്‍ പതിവാണ്‌. പക്ഷെ ഇവിടെ പെരുമ്പാവൂരില്‍ നിരപരാധിയായ ഒരു യുവാവിന്റെ ദാരുണമായ കൊലപാതകത്തിനിടയാക്കിയത്‌ പറയത്തക്ക പ്രകോപനമൊന്നുമില്ലാതെ നടത്തിയ ആക്രമണമാണ്‌. അതും ഒരു പാര്‍ലമെന്റംഗത്തിന്റെ സുരക്ഷാചുമതലയുള്ള പോലീസുകാരന്റെ നേതൃത്വത്തില്‍. ഇത്രയൊക്കെയായിട്ടും ആ അക്രമിയെ ന്യായീകരിക്കാനും സംരക്ഷിക്കാനും ഖദറണിഞ്ഞ ഒരു പാര്‍ലമെന്റംഗം തന്നെ പരസ്യമായി രംഗത്തെത്തുന്നുവെന്നതാണ്‌ കേരളീയര്‍ അവകാശപ്പെടുന്ന രാഷ്ട്രീയ പ്രബുദ്ധതയേയും സാംസ്ക്കാരികൗന്നത്യത്തേയും വെല്ലുവിളിക്കുന്നത്‌. തത്സമയ പ്രതികരണശേഷിക്ക്‌ പേരുകേട്ട നമ്മുടെ സാംസ്ക്കാരിക നായകരോ മനുഷ്യാവകാശ പ്രവര്‍ത്തകരോ ഇതുവരെ പെരുമ്പാവൂര്‍ സംഭവം അറിഞ്ഞതായി ഭാവിച്ചില്ല. അതും അഭിനവ കേരളീയതയുടെ സ്വതസിദ്ധവും സ്വാഭാവികവുമായ ശൈലിയാവാം. പാവം രഘുവിന്‌ പിന്നില്‍ വോട്ട്ബാങ്കുകള്‍ ഇല്ലല്ലൊ! മലയാളിക്ക്‌ എന്തു സംഭവിച്ചു എന്നിരുത്തി ചിന്തിപ്പിക്കുന്നതാണ്‌ ഈ പുതിയ പെരുമാറ്റം. പെരുമ്പാവൂര്‍ സംഭവം മാറിവരുന്ന മലയാളി മനസ്സിന്റേയും മലയാളിയുടെ മരവിച്ച മനഃസാക്ഷിയുടേയും മകുടോദാഹരണം മാത്രം. ഏതാനും ആഴ്ച മുമ്പ്‌ മാത്രമാണ്‌ ഓര്‍ക്കാന്‍ ഭയക്കുന്ന മറ്റൊരു സംഭവം എറണാകുളത്ത്‌ ഇടപ്പള്ളിയില്‍ ഒരു ആശുപത്രിക്ക്‌ തൊട്ടടുത്തുള്ള റെയില്‍പാളത്തിലുണ്ടായത്‌. ആശുപത്രിയിലേക്ക്‌ പോകുന്നവരും അവിടെനിന്ന്‌ മടങ്ങുന്നവരും കാല്‍നടയായി ഇവിടെ കൂട്ടംകൂട്ടമായി പാളം മുറിച്ചു കടക്കുക പതിവാണ്‌. അതിനിടെയാണ്‌ അതുവഴി ചീറിപാഞ്ഞുവന്ന ഒരു തീവണ്ടിയ്ക്കു മുന്നില്‍ ചാടി ഒരു പുരുഷന്‍ ആത്മഹത്യ ചെയ്തത്‌. ശിരസും ശരീരവും ചോര ചീറ്റിക്കൊണ്ട്‌ തത്സമയം രണ്ടായി തെറിച്ചു വീണു. തലയറ്റ ശരീരം ഏതാനും മിനിട്ടുനേരത്തേക്ക്‌ പിടയ്ക്കുന്നുണ്ടായിരുന്നു. ആ കബന്ധത്തിനു ചുറ്റും കാണികള്‍ കൂടി. ഹൃദയഭേദകമായ ആ കാഴ്ച മൊബെയില്‍ ക്യാമറയില്‍ പകര്‍ത്താന്‍ അവരില്‍ ചിലര്‍ അഹമഹമിഹയ മത്സരിക്കുന്നുണ്ടായിരുന്നു. അവരും മലയാളികളായിരുന്നു. വേദനയോടെ വീണ്ടും ചോദിച്ചുപോവുകയാണ്‌ - മലയാളിക്ക്‌ എന്തു പറ്റി? ഹരി എസ.്‌ കര്‍ത്താ