കേന്ദ്രസംഘം കാലവര്‍ഷക്കെടുതി നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

Friday 14 November 2014 9:29 pm IST


കേന്ദ്രസംഘം ജില്ലയിലെ പാടശേഖരങ്ങള്‍ സന്ദര്‍ശിക്കുന്നു

ആലപ്പുഴ: കാലവര്‍ഷക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഹിതേഷ് മക്‌വാനയുടെ നേതൃത്വത്തില്‍ സംഘം കാലവര്‍ഷക്കെടുതി നേരിട്ട മാര്‍ത്താണ്ഡം പാടശേഖരം, വലിയതുരുത്ത്, കൈനകരി, ഉമ്പിക്കാനം, കരുവാറ്റ പവര്‍ഹൗസ് ജങ്ഷന്‍, വീയപുരം, ചെറുതന, വീയപുരം, എടത്വാ മങ്കോട്ടച്ചിറ പാടശേഖരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ച് നഷ്ടം വിലയിരുത്തി.

ധനകാര്യകമ്മിഷന്‍ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. പി.ജി.എസ്. റാവു, കൃഷി മന്ത്രാലയം പള്‍സസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ഡോ. എ. കെ. ആന്റണി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇടുക്കിയില്‍നിന്ന് രാവിലെ തണ്ണീര്‍മുക്കത്ത് എത്തിയ കേന്ദ്രസംഘത്തെ കളക്ടര്‍ എന്‍. പത്മകുമാറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ആലപ്പുഴയില്‍നിന്ന് ബോട്ടിലാണ് കുട്ടനാടന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. ഉച്ചകഴിഞ്ഞ് വാഹനത്തില്‍ കരുവാറ്റ, ചെറുതന, വീയപുരം, എടത്വാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മടവീണ് കൃഷി നശിച്ച മാര്‍ത്താണ്ഡം പാടശേഖരത്തിലെ കര്‍ഷകരുമായി കേന്ദ്രസംഘം ആശയവിനിമയം നടത്തി. കനത്തകാറ്റിനെത്തുടര്‍ന്ന് പോസ്റ്റുകളും മറ്റും നശിച്ച കരുവാറ്റ പവര്‍ഹൗസ് ജങ്ഷനിലെത്തിയ സംഘം കെഎസ്ഇബി ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്ന് വെള്ളപ്പൊക്കത്തില്‍ മത്സ്യകൃഷി നശിച്ച എടത്വാ മങ്കോട്ടച്ചിറ പാടശേഖരം സന്ദര്‍ശിച്ച് കര്‍ഷകരോട് വിവരങ്ങള്‍ തിരക്കി.

ജില്ലയില്‍ കാലവര്‍ഷത്തില്‍ 12 പേര്‍ മരിച്ചതായും വിവിധ മേഖലകളിലായി 90.92 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായും ജില്ലാ കളക്ടര്‍ സംഘത്തെ ധരിപ്പിച്ചു. 37 വീടുകള്‍ പൂര്‍ണമായും 1137 വീടുകള്‍ ഭാഗികമായും നശിച്ചതുമൂലം 1.61 കോടി രൂപയുടെ നഷ്ടമുണ്ടായി. 7914.74 ഹെക്ടറിലെ കൃഷി നശിച്ചു. കാര്‍ഷിക മേഖലയില്‍ 69.79 കോടി രൂപയുടെയും റോഡുകള്‍ തകര്‍ന്ന് 14.33 കോടിയുടെയും നഷ്ടമുണ്ടായി.

കെഎസ്ഇബിക്ക് 1.13 കോടി രൂപയുടെയും ജലസേചനവകുപ്പിന് 25 ലക്ഷത്തിന്റെയും ജല അതോറിറ്റിക്ക് നാലു ലക്ഷത്തിന്റെയും നാശനഷ്ടം നേരിട്ടു. കാലവര്‍ഷത്തില്‍ കന്നുകാലികള്‍ ചത്തതുമൂലവും കന്നുകാലി തൊഴുത്തുകള്‍ നശിച്ചതുമൂലവും 87.91 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 479 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 42,556 കുടുംബങ്ങള്‍ ദുരിതാശ്വാസക്യാമ്പുകളില്‍ അഭയംതേടിയതായും കളക്ടര്‍ സംഘത്തെ അറിയിച്ചു. കൃഷി-ഫിഷറീസ്-റവന്യൂ-കെഎസ്ഇബി ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തി.
കളക്ടര്‍ എന്‍. പത്മകുമാര്‍, കൊല്ലം ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതി നാഥ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ഗീതാമണി, എഡിഎം: ആന്റണി ഡൊമനിക്, സബ് കളക്ടര്‍മാരായ ഡോ. കാര്‍ത്തികേയന്‍, ഡി. ബാലമുരളി, ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) കെ.ആര്‍. ചിത്രാധരന്‍, ആര്‍ഡിഒ: ടി.ആര്‍. ആസാദ്, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്. രാജ്കുമാര്‍, അഡാക്ക് ഡപ്യൂട്ടി ഡയറക്ടര്‍ സി.പി. അനിരുദ്ധന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ.ജി. അബ്ദുള്‍ കരീം, തഹസില്‍ദാര്‍മാരായ എ. ഹുസൈന്‍, കെ.ബി. ഷിബുകുമാര്‍, പി. സുനില്‍കുമാര്‍, എന്‍.കെ. രമേശ് കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് പ്രേംജി എന്നിവര്‍ സംഘത്തെ അനുഗമിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.