ചാത്തന്നൂരില്‍ സിപിഎം ലോക്കല്‍ സമ്മേളനം വിഭാഗീയതയില്‍ മുങ്ങി

Friday 14 November 2014 9:40 pm IST

ചാത്തന്നൂര്‍: സിപിഎം ചാത്തന്നൂര്‍ ലോക്കല്‍ സമ്മേളനത്തില്‍ വിഭാഗീയതയും തമ്മിലടിയും രൂക്ഷമായി. ബ്രാഞ്ച് സമ്മേളനങ്ങളില്‍ ആരംഭിച്ച വിഭാഗീയതയും ഏറ്റുമുട്ടലുകളും അഴിമതി ആരോപണങ്ങളും ലോക്കല്‍ സമ്മേളനത്തില്‍ എത്തിയപ്പോള്‍ കൂടുതല്‍ രൂക്ഷമായി. പിണറായി പക്ഷത്തിന്റെ ചാത്തന്നൂര്‍ ഏരിയായിലെ പ്രബലനായ എല്‍സി സെക്രട്ടറി ആമ്പിലഴികം വിജയകുമാറിനെതിരെ സിപിഎം ഏരിയാകമ്മിറ്റി ഓഫീസ് സെക്രട്ടറി കൃഷ്ണകുമാര്‍ തന്നെ മത്സരിച്ച് ജയിച്ചത് വിഭാഗീയതയുടെ തെളിവായി. സമ്മേളനനിരീക്ഷകരായി എത്തിയ നേതാക്കളുടെ നിര്‍ദ്ദേശങ്ങള്‍പോലും അവഗണിച്ചാണ് സഖാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പിണറായി പക്ഷത്തെ പ്രമുഖരായ നേതാവ് എല്‍സി മെമ്പര്‍ പ്രദീപിനെയും ഏരിയാകമ്മിറ്റി അംഗവും എന്‍എസ് ഹോസ്പിറ്റല്‍ ഭരണസമിതി അംഗവുമായ പി.കെ.ഷിബുവിനെയും തെരഞ്ഞുപിടിച്ച് തോല്‍പിക്കാന്‍ വിഎസ് പക്ഷത്തുനിന്നും ഡിവൈഎഫ്‌ഐ നേതാക്കളായ അഡ്വ.കൃഷ്ണകുമാറും സയനും മത്സരിച്ചതും നാലും ആറും വോട്ടുകളുടെ വ്യത്യാസത്തില്‍ പിന്നില്‍ പോയതും വിഎസ് പക്ഷം സിപിഎമ്മില്‍ നടത്തിയ വെട്ടിനിരത്തലിന്റെ ശക്തമായ തെളിവുകളായി. മത്സരവും തോല്‍വിയും മുന്നില്‍ കണ്ട് പി.കെ.ഷിബു ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും സ്വയം ഒഴിവായി. നിരീക്ഷകനായി എത്തിയ ജില്ലാസെക്രട്ടറിയേറ്റംഗം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മത്സരത്തിന് തയ്യാറായവര്‍ പിന്മാറിയില്ല. ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ തന്നെ എല്‍സി പിടിച്ചെടുക്കാന്‍ വിഎസ് പക്ഷം ഗൂഡാലോചന നടത്തിയതായി പിണറായി പക്ഷത്തെ പ്രമുഖര്‍ ആരോപിക്കുന്നു. പലയിടത്തും നിലവിലുള്ള ബ്രാഞ്ച് സെക്രട്ടറിമാരെ മത്സരത്തിലൂടെ മാറ്റിയിരുന്നു. സിപിഎം ഭരിക്കുന്ന ചാത്തന്നൂര്‍ പഞ്ചായത്തിലും സഹകരണ സംഘങ്ങളിലും നടമാടുന്ന അഴിമതിക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് പ്രതിനിധികള്‍ ഉന്നയിച്ചത്. എല്‍സി മെമ്പറും വരിഞ്ഞം വാര്‍ഡ് മെമ്പറും കൂടിയായ വരിഞ്ഞം ഷാജിയെ എല്‍സിയില്‍ നിന്നും ഒഴിവാക്കിയത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. വരിഞ്ഞം സുബ്രഹ്മണ്യക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹിയായതും എസ്എന്‍ഡിപിയിലെ സജീവപ്രവര്‍ത്തനവും ആരോപിച്ച് കൊണ്ടാണ് ഇദ്ദേഹത്തെ ഒഴിവാക്കിയതെന്ന് സിപിഎം കേന്ദ്രങ്ങള്‍ രഹസ്യമായി സമ്മതിക്കുമ്പോള്‍ ഷാജിയെ ഒഴിവാക്കിയതില്‍ എസ്എന്‍ഡിപിക്കാരായ പാര്‍ട്ടി അനുഭാവികളില്‍ ശക്തമായ പ്രതിഷേധം ഉണ്ടായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.