വൈദ്യുതിയില്ല; ദീപാവലി ഇരുട്ടിലായേക്കും

Wednesday 12 October 2011 10:29 pm IST

ന്യൂദല്‍ഹി: പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി ഇത്തവണ ഇരുട്ടില്‍ ആഘോഷിക്കേണ്ടിവരുമെന്ന്‌ റിപ്പോര്‍ട്ട്‌. ദല്‍ഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്‌, മധ്യപ്രദേശ്‌ എന്നിവിടങ്ങളിലെ വൈദ്യുതി ഉല്‍പ്പാദനം താറുമാറായതാണ്‌ രാജ്യത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കുന്നത്‌. ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പ്പാദകരായ ദേശീയ താപവൈദ്യുതി കോര്‍പ്പറേഷന്റെ (എന്‍ടിപിസി) നിരവധി താപവൈദ്യുത നിലയങ്ങള്‍ കല്‍ക്കരി ക്ഷാമം മൂലം ഉല്‍പ്പാദനം വെട്ടിക്കുറച്ചതാണ്‌ പ്രശ്നമായത്‌. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ തുടര്‍ന്നുപോരുന്ന കനത്ത മഴയും ആന്ധ്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുമാണ്‌ കല്‍ക്കരി ഖാനികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയത്‌. ആവശ്യത്തിന്‌ കല്‍ക്കരി ലഭ്യമല്ലാത്തതിനാല്‍ താപവൈദ്യുത നിലയങ്ങളിലെ നിരവധി യൂണിയനുകള്‍ അടച്ചിട്ടിരിക്കുകയാണ്‌. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ ഊര്‍ജമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഖാനിവകുപ്പ്‌ മന്ത്രി ശ്രീപ്രകാശ്‌ ജസ്‌വാളുമായി ചര്‍ച്ച നടത്തി. താപവൈദ്യുതനിലയങ്ങള്‍ക്ക്‌ ആവശ്യമായ കല്‍ക്കരി എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മന്ത്രി സുശീല്‍കുമാര്‍ പിന്നീട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ 3,200 നും 3,400 മെഗാവാട്ട്‌ വൈദ്യുതി ദിനവും ആവശ്യമായുണ്ട്‌. എന്നാല്‍ വൈദ്യുതി ലഭ്യത 3,000 മെഗാവാട്ടുമായി ചുരുങ്ങിയതോടുകൂടി നഗരത്തിന്റെ പല പ്രദേശങ്ങളിലും ദിനവും നാലുമണിക്കൂറോളം ലോഡ്ഷെഡിംഗ്‌ ഏര്‍പ്പെടുത്തേണ്ടുന്ന അവസ്ഥയാണുള്ളത്‌. ഊര്‍ജമന്ത്രാലയം പറയുന്നു. ഇതേസമയം ദല്‍ഹിയിലെ വൈദ്യുതി പ്രതിസന്ധിക്ക്‌ കാരണം ഉത്തര്‍പ്രദേശും ഹരിയാനയും നല്‍കി വന്നിരുന്ന വൈദ്യുതി വെട്ടിച്ചുരുക്കിയതാണെന്ന്‌ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌ ആരോപിച്ചു. ഇതോടൊപ്പം മധ്യപ്രദേശിലും വൈദ്യുതപ്രതിസന്ധി രൂക്ഷമാവുകയാണെന്നും റിപ്പോര്‍ട്ടുണ്ട്‌. 7,500 മെഗാവാട്ട്‌ വൈദ്യുതി ആവശ്യമുള്ളിടത്ത്‌ സംസ്ഥാനത്തിന്‌ ലഭിക്കുന്നത്‌ 6,000 മെഗാവാട്ട്‌ വൈദ്യുതി മാത്രമാണ്‌. എന്നാല്‍ ഏറ്റവും ഭയാനകമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്‌. 16,500 മെഗാവാട്ട്‌ വൈദ്യുതി വേണ്ടിടത്ത്‌ സംസ്ഥാനത്തിന്‌ ലഭിക്കുന്നത്‌ 11,000 മെഗാവാട്ട്‌ വൈദ്യുതി മാത്രമാണ്‌. ഇക്കാരണത്താല്‍ സംസ്ഥാനത്തുടനീളം മണിക്കൂറുകളോളം നീളുന്ന ലോഡ്ഷെഡിംഗ്‌ സാധാരണമായിരിക്കുകയാണ്‌. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആന്ധ്രയിലാണ്‌ വൈദ്യുതി പ്രതിസന്ധി ഏറ്റവും രൂക്ഷമായിട്ടുള്ളത്‌. തെലുങ്കാന സമരത്തെത്തുടര്‍ന്ന്‌ സംസ്ഥാനത്തെ താപവൈദ്യുത നിലയങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചിരിക്കുകയാണ്‌. ആന്ധ്രാപ്രദേശിലെ ഗ്രാമീണ മേഖലകളില്‍ ദിനവും ഒന്‍പത്‌ മണിക്കൂറോളം ലോഡ്ഷെഡിംഗ്‌ നടത്തുന്നുണ്ട്‌. ആന്ധ്രയില്‍നിന്നും വൈദ്യുതി വാങ്ങുന്ന കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളേയും വൈദ്യുതി പ്രതിസന്ധി ബാധിച്ചിട്ടുണ്ട്‌. താപവൈദ്യുത നിലയങ്ങള്‍ക്കാവശ്യമായ കല്‍ക്കരി എത്തിക്കാന്‍ കേന്ദ്രം മുന്‍കൈയെടുക്കണമെന്ന്‌ കഴിഞ്ഞ ദിവസം കര്‍ണാടക ഊര്‍ജമന്ത്രി ശോഭ കരന്തല്‍ജെ ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.