ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് വിചാരണ നാല് മാസത്തിനകം പൂര്‍ത്തിയാക്കണം: സുപ്രീംകോടതി

Friday 14 November 2014 10:13 pm IST

ന്യൂദല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ വിചാരണ നാലുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. കേസിന്റെ വിചാരണ തീരുംവരെ പ്രതി അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യം നീട്ടിനല്‍കിയിട്ടുണ്ട്. മദനിക്കെതിരായ ഗുരുതര പരാമര്‍ശങ്ങളുള്ള സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ച കര്‍ണ്ണാടക സര്‍ക്കാര്‍ അഭിഭാഷകര്‍ ഇന്നലെ കോടതിയില്‍ മൗനം പാലിച്ചത് ശ്രദ്ധേയമായി. മദനിയുടെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റീസ് ജെ. ചെലമേശ്വര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് വിചാരണ പൂര്‍ത്തിയാകുന്നതുവരെ പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഒരുമാസത്തേക്ക് ജാമ്യം അനുവദിച്ച ജൂലൈ 11ലെ ഉത്തരവിലെ വ്യവസ്ഥകള്‍ ജാമ്യകാലാവധി അവസാനിക്കും വരെ തുടരുമെന്നും കോടതി വ്യക്തമാക്കി. കേരളത്തില്‍ എത്തി ആയുര്‍വ്വേദ ചികിത്സ നടത്തണമെന്ന മദനിയുടെ ആവശ്യം സുപ്രീംകോടതി ഇന്നലെയും തള്ളിയിട്ടുണ്ട്. വിചാരണ പൂര്‍ത്തിയാകും വരെ മദനി ബാംഗ്ലൂരില്‍ത്തന്നെ തുടരണം. കേസിന്റെ വിചാരണ മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഇന്നലെ മദനിക്കുവേണ്ടി ഹാജരായ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിചാരണ നടപടികള്‍ നാലുമാസത്തിനകം പൂര്‍ത്തീകരിക്കാനാവുമെന്ന കര്‍ണ്ണാടക സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതി അംഗീകരിച്ചു കോടതിയുടെ രേഖകളിലുള്‍പ്പെടുത്തി. ബാംഗ്ലൂര്‍ വിട്ടുപുറത്തുപോകരുത്, താമസസ്ഥലത്തിന്റെ വിലാസം പോലീസിനെയും സര്‍ക്കാരിനെയും അറിയിക്കണം, മദനി സാക്ഷികളെ സ്വാധീനിക്കുന്നതു തടയുന്നതിനു കര്‍ണ്ണാടക സര്‍ക്കാരിന് നിരീക്ഷണം ഏര്‍പ്പെടുത്താം എന്നീ നിര്‍ദ്ദേശങ്ങളാണ് മദനിക്ക് ജാമ്യം നല്‍കിക്കൊണ്ടുള്ള ജൂലൈ 14ലെ ഉത്തരവിലുള്ളത്. ഇതു പാലിക്കുന്നുണ്ടോയെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. അഭിഭാഷകരുടെ സഹായത്തോടെ മദനി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അഭിഭാഷകരുടെ ഫോണുകളില്‍ നിന്നും സാക്ഷികള്‍ക്ക് ഫോണുകള്‍ ചെല്ലുന്നുണ്ടെന്നും 9പേജുള്ള സത്യവാങ്മൂലത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സത്യവാങ്മൂലത്തിലെ പ്രധാനകാര്യങ്ങളൊന്നും കേസ് പരിഗണിച്ചപ്പോള്‍ കര്‍ണ്ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രന്‍, അനിത ഷേണായി എന്നിവര്‍ കോടതിയെ ബോധിപ്പിച്ചില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.