സര്‍ക്കാര്‍ അലംഭാവം തീര്‍ത്ഥാടകരോടുള്ള വെല്ലുവിളി: ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍

Friday 14 November 2014 10:32 pm IST

കോട്ടയം: ശബരിമല തീര്‍ത്ഥാനമാരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴും സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം ശബരിമല തീര്‍ത്ഥാടകരോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭയിലെ നാല് പ്രമാണിമാര്‍ ഉണ്ടായിട്ടും കോട്ടയം ജില്ലയിലെ ശബരിമല മുന്നൊരുക്കങ്ങള്‍ എങ്ങും എത്തിയിട്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. ശബരിമലയില്‍ എത്തുന്ന ഭക്തജനങ്ങളില്‍ ബഹുഭൂരിപക്ഷവും എരുമേലി വഴിയാണെത്തുക. തീര്‍ത്ഥാടകര്‍ക്ക് കുളിക്കുന്നതിനുള്ള വെള്ളം ലഭ്യമാക്കുന്നതിനോ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിനോ യാതൊരു നടപടിയും എടുത്തിട്ടില്ല. കോട്ടയത്ത് ഇന്നലെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിളിച്ചുചേര്‍ത്ത അവലോകനയോഗം പ്രഹസനമായി. ഒരു മുന്നൊരുക്കങ്ങളും നടത്താതെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നതിനായി തീര്‍ത്ഥാടനാരംഭത്തിന്റെ തലേദിവസം യോഗം വിളിച്ച മന്ത്രിയുടെ നടപടി പരിഹാസ്യമാണ്. കെഎസ്ആര്‍ടിസി ബസ്സുകള്‍ പമ്പയിലേക്ക് നടത്തുന്ന സര്‍വ്വീസുകളില്‍ മറ്റുയാത്രക്കാര്‍ക്കും കയറാം എന്ന തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്നും ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം ഇടത്താവളമാക്കി തീരുമാനമെടുത്തിട്ടും ആയത് നടപ്പിലാക്കുവാന്‍ നടപടിയില്ല. വൈക്കത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനോ പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോ നടപടിയില്ല. കടുത്തുരുത്തിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് മാര്‍ഗ്ഗമില്ല. കടപ്പാട്ടൂര്‍, പൊന്‍കുന്നം, ചിറക്കടവ് ഭാഗത്തെ സ്ഥിതിയും വ്യത്യസ്ഥമല്ലെന്നും ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.