ഹിന്ദുമതത്തിലെ പ്രതീകാത്മക ആരാധന

Wednesday 12 October 2011 10:41 pm IST

ഹിന്ദുമതത്തില്‍ പ്രതീകങ്ങളുടെയും ദേവതകളുടെയും ആരാധന ഒരു വലിയ മണ്ഡലമാണ്‌. അതുകൊണ്ട്‌ നാമിവിടെ ഈശ്വരനെ ഏതെങ്കിലും ഒരു ഭാവത്തില്‍ സാക്ഷാത്കരിക്കുന്നതിനായി വൈദികകാലം മുതലേ ആരാധിക്കുവാനും ധ്യാനിക്കുവാനും പ്രതീകങ്ങളെ ഉപയോഗിച്ചുവരുന്നു. ശിവന്‍ ഒരു ലിംഗത്തിന്റെ രൂപത്തില്‍ ആരാധിക്കപ്പെടുന്നു. അതിന്റെ ആദ്യത്തെ താല്‍പര്യം എന്തായിരുന്നാലും, ശിവാരാധകര്‍ക്ക്‌ അതില്‍ ലൈംഗികാശയമൊ ന്നും തോന്നുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ലിംഗം രൂപങ്ങളില്‍ പ്രകാശിക്കുന്നു. എന്നാല്‍ അത്‌ രൂപങ്ങളെല്ലാം അതിക്രമിക്കുന്ന പരമാത്വിന്റെ ഒരു മനുഷ്യേതര പ്രതീകമാണ്‌. തന്ത്രമാര്‍ഗ്ഗം അനുശാസിക്കുന്ന ഭക്തന്മാര്‍ ദിവ്യമായ സ്ത്രീ-പുരുഷസൃഷ്ടിശക്തിയുടെ പ്രതീകമായി കണക്കാക്കുന്നു. വിഷ്ണുവിനെ പലപ്പോഴഉം ശംഖചക്രഗദാധാരിയായി നാലുകൈയുള്ള വിഗ്രഹത്തിലെ രാമകൃഷ്ണാദ്യവതാരത്തിലോ ആരാധിക്കുന്നു. വിഷ്ണുവിന്റെ ഒരു മനുഷ്യേതരപ്രതീകമാണ്‌ സാളഗ്രാമശില. താന്ത്രികരും മറ്റുചിലരും ദേവതയുടെ സൂക്ഷ്മശരീരത്തെ പ്രതിനിധീകരിക്കുന്ന തന്ത്രത്തെ പൂജിക്കുന്നു. നീളം, വീതി, ഉയരം എന്ന മൂന്നളവുകളുള്ള ദേവതാവിഗ്രഹത്തിന്‌ പകരം ചിലപ്പോള്‍ രണ്ടളവുള്ള ഒരു ചിത്രം, പടം - പ്രതീകമായി ഉപയോഗിക്കുന്നു. പലതരം പൂജയിലും വെള്ളം നിറച്ച ഒരു ഘടം, ഒറ്റയ്ക്കോ മറ്റ്‌ രൂപങ്ങളോട്‌ ചേര്‍ന്നോ അരൂപവും സര്‍വ്വവ്യാപകവുമായ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. അഗ്നി മറ്റുരൂപങ്ങള്‍ക്കുപകരം സ്ഥാനം കണ്ടേയ്ക്കാം. അതിനെ ഈശ്വര പ്രതീകമായി കണക്കുകയും അതില്‍ ദ്രവ്യങ്ങള്‍ നിവേദിച്ച്‌ ആരാധിക്കുകയും ചെയ്യുന്നു. കൂടുതല്‍ സൂക്ഷ്മമായ ആരാധനകളില്‍ ഓംകാരം പോലെയുള്ള ഒരു മന്ത്രം അല്ലെങ്കില്‍ ഒരു ദിവ്യനാമം പ്രതീകമായി സ്വീകരിക്കപ്പെടുന്നു. മന്ത്രം എന്നാല്‍ ആവര്‍ത്തനംകൊണ്ടും മനനം കൊണ്ടും ജീവനെ ബന്ധമുക്തമാക്കുന്ന ഒരുശാബ്ദപ്രതീകമെന്നര്‍ത്ഥം. - 'മനനാത്‌ ത്രായതേ ഇതി മന്ത്രഃ.' ഒരു ശബ്ദ പ്രതീകമെന്ന നിലയില്‍ 'ഓം' അഖണ്ഡബ്രഹ്മത്തെ പ്രതിനിധീകരിക്കുന്നു. മറ്റ്‌ മന്ത്രങ്ങളും നാമങ്ങളും അതേ സത്യത്തിന്റെ ഖണ്ഡഭാവങ്ങളെ പ്രതിനിധീകരിക്കുന്നു. താന്ത്രികദേവതകള്‍ക്ക്‌ പ്രത്യേകം ബീജമന്ത്രങ്ങളുണ്ട്‌. അവയ്ക്ക്‌ ധ്യാതാവിന്റെ മനസ്സില്‍ ആ വിഭിന്ന ദേവതകളുടെ രൂപം സൃഷ്ടിക്കാനുള്ള കഴിവുണ്ട്‌. ദിവ്യനാമങ്ങള്‍ ദിവ്യശക്തിയുടെ ശബ്ദരൂപത്തിലുള്ള പ്രകടനമാണ്‌. നാം അര്‍ത്ഥചിന്തയോടെ ജപിച്ചാല്‍ ആ ശക്തി ഉണരും. ദേവതയുടെ വിഭിന്ന നാമങ്ങള്‍ വിഭിന്നഭാവങ്ങളെ സൂചിപ്പിക്കുന്നു. അവയെ ജപംകൊണ്ട്‌ സാക്ഷാത്കരിക്കാം. ഒരേ ഈശ്വരന്‌ അനവധി നാമങ്ങളുപയോഗിക്കുന്ന സമ്പ്രദായം വൈദികകാലം മുതല്‍ക്കുള്ളതാണ്‌. ഈശ്വരന്‍ തന്നെയാണ്‌ പരമമായ സത്യം. മേറ്റ്ല്ലാം അതില്‍ താഴെയാണ്‌. ഏത്‌ പ്രതീകം വേണമെങ്കിലും സ്വീകരിക്കാം. ഈശ്വരനെ അച്ഛന്‍, അമ്മ, കുട്ടി, സ്നേഹിതന്‍, പ്രേമപാത്രം എന്നിങ്ങനെ ഏതം ബന്ധത്തിലും കാണാം. എന്നാല്‍, എല്ലായിപ്പോഴും ഈശ്വരനെ നിങ്ങള്‍ക്കേറ്റവും അടുത്തവനും പ്രിയപ്പെട്ടവനുമാക്കുക. - യതീശ്വരാനന്ദസ്വാമികള്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.