ഗതാഗതക്കുരുക്കില്ലാതെ നോര്‍ത്ത്‌ മേല്‍പ്പാലം പൊളിച്ചുനീക്കുന്നു

Wednesday 12 October 2011 11:07 pm IST

പാലങ്ങള്‍ പൊളിച്ചുനീക്കുന്ന ജോലി പുരോഗമിക്കുന്നു. പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട്‌ നഗരത്തില്‍ കടുത്ത ഗതാഗതക്കുരുക്ക്‌ ഉണ്ടാകുമെന്ന്‌ ഭയപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ്‌ പാലം പൊളിച്ചുനീക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലായത്‌. മൂന്നുദിവസമായി നഗരത്തില്‍ ഇതുമായി ബന്ധപ്പെട്ട്‌ യാതൊരുവിധ ഗതാഗതസ്തംഭനവും ഉണ്ടായില്ലെന്നത്‌ ജനങ്ങള്‍ക്കും പോലീസിനും ജില്ലാ ഭരണകൂടത്തിനും ഏറെ ആശ്വാസകരമായിരുന്നു. മെട്രോ റെയില്‍ കോര്‍പ്പറേഷനുവേണ്ടി നിര്‍മ്മാണത്തിന്‌ മേല്‍നോട്ടം വഹിക്കുന്ന ദല്‍ഹി മെട്രോറെയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തിലും നിയന്ത്രണത്തിലുമാണ്‌ പാലം പൊളിച്ചുനീക്കുന്ന പണികള്‍ നടക്കുന്നത്‌. ഇതിന്‌ ആവശ്യമായ യന്ത്രസാമഗ്രികളും ക്രയിനുകളും എത്തിയിട്ടുണ്ട്‌. പാലത്തിന്‌ സമീപമുള്ള കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ പാത ബ്ലോക്കുകളായി മുറിച്ചുനീക്കുകയാണ്‌. ലിസ്സി ഭാഗത്തുള്ള പാലത്തിന്റെ പൊളിച്ചുനീക്കല്‍ രണ്ട്‌ ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. കോര്‍പ്പറേഷന്‍ റോഡുകള്‍ സഞ്ചാരയോഗ്യമാകുന്നതനുസരിച്ച്‌ പാലത്തിന്റെ മറുഭാഗവും പൊളിച്ചുനീക്കാന്‍ ആരംഭിക്കും. കോര്‍പ്പറേഷന്‍ ഇടറോഡുകള്‍ സമയബന്ധിതമായി നന്നാക്കുന്നില്ലെന്നതാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകുന്നതിന്‌ തടസ്സമാകുന്നത്‌. കഴിഞ്ഞ ഞായറാഴ്ച രാവിലെ പൂജയോടെയായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ തുടക്കം. ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പ്രൊജക്ട്‌ ഡയറക്ടര്‍ പി. ശ്രീറാമാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.