കുമ്പളങ്ങിയില്‍ ഓട്ടോചാര്‍ജ്ജ്‌ തോന്നിയപോലെ; ജനം ദുരിതത്തില്‍

Wednesday 12 October 2011 11:06 pm IST

പള്ളുരുത്തി: റോഡിനടിയിലൂടെ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതുമൂലം ഗതാഗതം ക്രമീകരിച്ച കുമ്പളങ്ങിയില്‍ ഓട്ടോയില്‍ കയറുന്നവരോട്‌ തോന്നിയതുപോലെ കൂലി വാങ്ങുന്നതായി പരാതി. പൂപ്പനക്കുന്നുമുതല്‍ തെക്കോട്ട്‌ രണ്ടര കിലോമീറ്ററോളം ദൂരം ബസ്സ്‌ സര്‍വ്വീസില്ല. ഇവിടെ ഓട്ടോയെ ആശ്രയിച്ചാണ്‌ ജനം ലക്ഷ്യസ്ഥാനത്ത്‌ എത്തുന്നത്‌. രണ്ടുകിലോമീറ്റര്‍ യാത്രക്ക്‌ ഓട്ടോറിക്ഷക്കാര്‍ തോന്നിയതുപോലെ കൂലിവാങ്ങുന്നതുമൂലം ജനത്തിന്‌ ഇരട്ടി ദുരിതമായിരിക്കുകയാണ്‌. ഡ്രൈവര്‍ ചോദിച്ച പണം നല്‍കാനില്ലാതിരുന്ന യാത്രക്കാരിയായ വീട്ടമ്മയോട്‌ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്ന്‌ കാട്ടി ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്‌. വടക്കേ അറ്റത്തുനിന്നും സ്കൂളുകളില്‍ എത്തേണ്ട വിദ്യാര്‍ത്ഥികളും ദുരിതത്തിലായിരിക്കുകയാണ്‌. മിനിമം ചാര്‍ജ്ജ്‌ 30 രൂപയാണ്‌ ഇവര്‍ വാങ്ങുന്നതെന്ന്‌ ഒരു രക്ഷിതാവ്‌ പറഞ്ഞു. ബസ്സോട്ടം നിലച്ച മേഖലയില്‍ യാത്രാദുരിതം ഒഴിവാക്കുവാന്‍ സഹകരിക്കണമെന്ന്‌ അധികൃതര്‍ ഓട്ടോറിക്ഷ തൊഴിലാളികളോട്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. അമിതചാര്‍ജ്‌ ഈടാക്കുന്ന ഓട്ടോക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ കാട്ടി നാട്ടുകാര്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ ഇത്‌ കണ്ടഭാവം നടിച്ചിട്ടില്ല. പൈപ്പിടല്‍ ജോലി പൂര്‍ത്തിയാക്കി റോഡ്‌ നിര്‍മ്മിക്കുവാന്‍ നിരവധി ആഴ്ചകള്‍ വേണ്ടിവരുമെന്നിരക്കെ ഓട്ടോക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ നാട്ടുകാര്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ക്ക്‌ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.