മണ്ണെണ്ണ പെര്‍മിറ്റ് പരിശോധന നീട്ടിവച്ചത് വിവാദമാകുന്നു

Saturday 15 November 2014 10:26 pm IST

ആലപ്പുഴ: മത്സ്യഫെഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ണെണ്ണ പെര്‍മിറ്റ് പരിശോധന നീളുന്നതില്‍ പ്രതിഷേധമുയരുന്നു. മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള സംയുക്ത പരിശോധന ഇന്ന് നടത്തുമെന്നാണ് നേരത്തെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ യാതൊരു കാരണവും പറയാതെ പരിശോധന മാറ്റിവയ്ക്കുകയായിരുന്നു. ഡിസംബര്‍ അവസാന വാരം പെര്‍മിറ്റ് പരിശോധന നടത്താനാണ് തീരുമാനമെന്നാണ് അറിയുന്നത്. മത്സ്യഫെഡിന്റെ തെരഞ്ഞെടുപ്പ് നടത്തിയ ശേഷം പരിശോധന നടത്തിയാല്‍ മതിയെന്ന രഹസ്യ തീരുമാനത്തിന്റെ ഭാഗമായാണ് മാറ്റമെന്ന് ആരോപണമുണ്ട്. ഡിസംബറിലാണ് മത്സ്യഫെഡ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സഹകരണ സംഘങ്ങളെയും ഗ്രൂപ്പുകളെയും വരുതിക്ക് നിര്‍ത്തുകയെന്നതാണ് പരിശോധന നീട്ടിവയ്ക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ വി. ദിനകരന്‍ ചെയര്‍മാനായ താത്ക്കാലിക ഭരണസമിതിയാണ് മത്സ്യഫെഡിനുള്ളത്. ക്രമക്കേടുകള്‍ ഒഴിവാക്കാനായി ഔട്ട്‌ബോര്‍ഡ് എന്‍ജിനുള്ള മത്സ്യബന്ധന വള്ളങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കാനുള്ള സംയുക്ത പരിശോധന ഇത്തവണ മുതല്‍ വീഡിയോ ക്യാമറയില്‍ പകര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ പരിശോധനാ കേന്ദ്രങ്ങളിലും വീഡിയോ ചിത്രീകരണത്തിനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തും. രണ്ടുവര്‍ഷം കൂടുമ്പോഴാണ് മണ്ണെണ്ണ പെര്‍മിറ്റ് നല്‍കുന്നതിന് സിവില്‍ സപ്ലൈസും മത്സ്യഫെഡും ഫിഷറീസ് വകുപ്പും സംയുക്തമായി പരിശോധന നടത്തുന്നത്. ഒരേദിവസം തന്നെയാണ് എല്ലാ കേന്ദ്രങ്ങളിലും പരിശോധന. ഒരേ എന്‍ജിന്‍ തന്നെ പല കേന്ദ്രങ്ങളിലും എത്തിച്ച് വ്യാജ പെര്‍മിറ്റ് നേടുന്നത് ഒഴിവാക്കാനാണിത്. പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള എന്‍ജിനുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കില്ല. പരിശോധന ഇത്രയും കര്‍ശനമാണെങ്കിലും വ്യാജ പെര്‍മിറ്റുകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് അനുവദിക്കുന്ന മണ്ണെണ്ണ പെര്‍മിറ്റുകള്‍ പലതും കരിഞ്ചന്ത മാഫിയകള്‍ കൈയടക്കിയിരിക്കുകയാണ്. പെര്‍മിറ്റ് പണയം വച്ച് വന്‍ പലിശയ്ക്ക് പണം കടം വാങ്ങി കെണിയില്‍പ്പെട്ട മത്സ്യത്തൊഴിലാളികളും ഏറെയാണ്. സംയുക്ത പരിശോധന വൈകുന്നത് പുതിയ അപേക്ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.