ഛത്തീസ്ഗഡ് ദുരന്തം: പണിമുടക്കിയ ഡോക്ടര്‍മാര്‍ പ്രതിഷേധറാലി നടത്തി

Sunday 16 November 2014 5:15 pm IST

ബിലാസ്പൂര്‍: ഛത്തീസ്ഗഡില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ ഐഎംഎയുടെ നേതൃത്വത്തില്‍ പണിമുടക്കി. സംസ്ഥാനത്തെ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കി പങ്കു ചേര്‍ന്ന് പുറത്താക്കപ്പെട്ട ഡോക്ടര്‍മാര്‍ക്ക് പിന്തുണ അറിയിച്ചു. എല്ലാ സ്വകാര്യ നഴ്‌സിംഗ് ഹോമുകളും ആശുപത്രികളും പൂര്‍ണമായും സ്തംഭിച്ചു. അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിച്ചു. ശസ്ത്രക്രിയാ വിദഗ്ധരായ ഡോ ആര്‍.കെ. ഗുപ്ത, ആര്‍.കെ. ഭാഞ്ചെ എന്നിവരെ അന്വേഷണം പോലും നടത്താതെ പിരിച്ചുവിട്ടതിനെതിരെയാണ് ഐഎംഎ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ദുരന്തത്തിന് ഇരയായവര്‍ക്ക് നല്‍കിയ മരുന്നില്‍ എലി വിഷത്തില്‍ ചേര്‍ക്കുന്ന രാസവസ്തു കണ്ടെത്തിയ വിവരം പുറത്തു വന്നിട്ടും ഡോക്ടര്‍മാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് ഡോക്ടര്‍മാരുടെ സംഘടന കുറ്റപ്പെടുത്തി. അറസ്റ്റു ചെയ്ത ഡോ ഗുപ്തയെ ഉടന്‍ വിട്ടയയ്ക്കണമെന്നും സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഐഎംഎ മുഖ്യമന്ത്രി രമണ്‍സിംഗിനും ബിലാസ്പൂര്‍ ജില്ലാ കളക്ടര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. ബിലാസ്പൂരിലെ 300 ലധികം ഡോക്ടര്‍മാരാണ് ഡോ ഗുപ്തയെ പിന്തുണച്ച് നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.