രാധാകൃഷ്ണപിള്ളയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയത് ഇടത് സര്‍ക്കാര്‍

Thursday 13 October 2011 12:23 pm IST

തിരുവനന്തപുരം: കോഴിക്കോട്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ രാധാകൃഷ്‌ണപിള്ളയ്ക്ക്‌ സ്ഥാനക്കയറ്റം നല്‍കിയത്‌ മുന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. രാധാകൃഷ്‌ണപിള്ളയ്ക്കെതിരേ വിജിലന്‍സ്‌ കേസ്‌ നിലനില്‍ക്കെയായിരുന്നു സ്ഥാനക്കയറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2008ലായിരുന്നു രാധാകൃഷ്ണപിള്ളയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയത്‌. പൊലീസിലെ ക്രിമിനലുകളെ കണ്ടെത്താന്‍ എ.ഡി.ജി.പിമാരുടെ നേതൃത്വത്തില്‍ അവലോകന കമ്മിറ്റിക്ക്‌ രൂപം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ്‌ ജനങ്ങളോട്‌ മാന്യമായി പെരുമാറണമെന്നും എല്ലാവരെയും കുറ്റവാളികളായി കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ലരീതിയില്‍ പെരുമാറാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കോഴിക്കോട്‌ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കു നേരെ വെടിവച്ച വിവാദ നായകനാണ് രാധാകൃഷ്ണപിള്ള. അതിനിടെ രാധാകൃഷ്‌ണപിള്ളയെയും മുന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിനെയും ബന്ധപ്പെടുത്തി ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്ജ്‌ നടത്തിയ പരാമര്‍ശം പ്രതിപക്ഷ ബഹളത്തിന്‌ കാരണമായി. കഴിഞ്ഞ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.കെ.പ്രേമചന്ദ്രന്‌ വേണ്ടി പ്രവര്‍ത്തിച്ച ആളാണ്‌ രാധാകൃഷ്‌ണപിള്ള എന്നായിരുന്നു പി.സി. ജോര്‍ജ്ജിന്റെ ആരോപണം. എന്നാല്‍ ഇതിനു തെളിവു സമര്‍പ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം ബഹളം വച്ചു. അംഗങ്ങളെ അപമാനിക്കുന്ന പ്രസ്‌താവന പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടത്തുള്ളത്തിലിറങ്ങി ബഹളം വച്ചു. എന്നാല്‍ പ്രതിപക്ഷത്തെ അപമാനിക്കാനല്ല താന്‍ പ്രസ്‌താവന നടത്തിയതെന്നും തന്റെ പ്രസ്‌താവനയില്‍ യാതൊരു ദു:സൂചനയും ഇല്ലെന്നും പി.സി. ജോര്‍ജ്ജ്‌ വിശദീകരിച്ചു. പ്രതിപക്ഷത്തിന്‌ പ്രയാസമുണ്ടായെങ്കില്‍ പ്രസ്‌താവന പിന്‍വലിക്കുന്നതായും പി.സി.ജോര്‍ജ്ജ്‌ പറഞ്ഞു. ജോര്‍ജ്ജിന്റെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന്‌ നീക്കണമെന്ന പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടത്‌ വീണ്ടും ബഹളത്തിനിടയാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.