എട്ടംഗ ക്വട്ടേഷന്‍സംഘം പിടിയില്‍

Sunday 16 November 2014 9:20 pm IST


മണ്ണഞ്ചേരി പോലീസ് പിടികൂടിയ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍

മുഹമ്മ: കൊലപാതക കേസിലെ പ്രതി ഉള്‍പ്പെടെ ക്വട്ടേഷന്‍, കവര്‍ച്ചാ സംഘത്തിലെ എട്ടുപേര്‍ പോലീസ് പിടിയിലായി. കലവൂര്‍, പാതിരപ്പള്ളി പ്രദേശങ്ങളിലെ രണ്ടു പ്രധാന ക്വട്ടേഷന്‍ സംഘങ്ങളാണ് മണ്ണഞ്ചേരി പോലീസിന്റെ വലയിലായത്. 13ന് കലവൂരില്‍ എടിഎം കൗണ്ടറില്‍ നിന്ന് പണമെടുക്കാനെത്തിയ ദമ്പതിമാരെ ആക്രമിച്ച് ഭീഷണിപ്പെടുത്തി 5,000 രൂപ തട്ടിയ കേസിലെ മുഖ്യപ്രതി ആര്യാട് പഞ്ചായത്ത് രാമവര്‍മ്മ ജങ്ഷന് സമീപം പുതുമനവെളി നന്ദു (19), ആലപ്പുഴ കൊറ്റംകുളങ്ങര ഹരിവൃന്ദം വീട്ടില്‍ ഹരികൃഷ്ണന്‍ (പുന്നമട ഹരി-20), ആര്യാട് വെള്ളാപ്പാടി കോളനിയില്‍ പുതുവല്‍വെളി സാജന്‍ (24), ആര്യാട് വെള്ളാപ്പാടി കോളനിയില്‍ ജിനീഷ് (27) എന്നിവരെ ശനിയാഴ്ച രാത്രിയോടെയാണ് പിടികൂടിയത്.

ആര്യാട് രണ്ടാം വാര്‍ഡ് കുന്നുകുഴി ലക്ഷം വീട് കോളനിവാസികളായ വിനോദി (37) നെയും ഭാര്യ മഞ്ജുവിനെയും ആക്രമിച്ചാണ് 5,000 രൂപ കവര്‍ച്ചാസംഘം തട്ടിയെടുത്തത്. കവര്‍ച്ചാസംഘത്തിലെ സാജനെ ചോദ്യം ചെയ്തതില്‍ നിന്ന് ഒക്‌ടോബര്‍ രണ്ടിന് തിരുവനന്തപുരം സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ കില്ലര്‍ സുരേഷിനെ കലവൂരില്‍ രാത്രി 10ന് വെട്ടി പരിക്കേല്‍പ്പിച്ച പ്രതികളെ കുറിച്ചും പോലീസിന് വിവരം ലഭിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 15-ാം വാര്‍ഡ് ആര്യാട് നോര്‍ത്ത് കോളനിയില്‍ ജോബി (28), 15-ാം വാര്‍ഡ് ഋഷഭം വീട്ടില്‍ പീറ്റര്‍ സുരേഷ് (33), പുന്നപ്ര വടക്ക് പഞ്ചായത്ത് 14-ാം വാര്‍ഡ് ആപ്പൂരുവെളിയില്‍ അനീഷ് (35), മാരാരിക്കുളം തെക്ക് പഞ്ചായത്ത് 20-ാം വാര്‍ഡ് എസ്എസ് ഭവനില്‍ സുബാഷ് (അനി-27) എന്നിവരെയാണ് കില്ലര്‍ സുരേഷിനെ വെട്ടിയ കേസില്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ മറ്റു പല കേസുകളിലും പ്രതികളാണ്.

2014 മാര്‍ച്ച് 28ന് നെടുമുടിയില്‍ ജയേഷ് എന്ന ആളെയും 2010 മാര്‍ച്ചില്‍ കൊമ്മാടിയില്‍ ഇര്‍ഷാദ് എന്ന ആളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നന്ദു. ജയേഷിന്റെ കൊലപാതകത്തില്‍ സാജനും സഹായിയായിരുന്നു. ഹരികൃഷ്ണന്‍ പുന്നപ്ര സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ 2013ലെ വധശ്രമകേസിലും ആലപ്പുഴ നോര്‍ത്തിലെ ഭവനഭേദന കേസിലും പ്രതിയാണ്. ജിനീഷാകട്ടെ ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷനില്‍ നിരവധി അടിപിടി കേസുകളില്‍ പ്രതിയുമാണ്. കഞ്ചാവ്, ക്വട്ടേഷന്‍ സംഘാംഗങ്ങളായ സുബാഷ്, പീറ്റര്‍, സുരേഷ്, അനീഷ്, ജോബി എന്നിവര്‍ക്ക് കഞ്ചാവ് വില്‍പനയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കില്ലര്‍ സുരേഷുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കില്ലര്‍ സുരേഷിനെ കലവൂരിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ഈ ക്വട്ടേഷന്‍ സംഘവുമായി കില്ലര്‍ സുരേഷിന് ഉണ്ടായിരുന്ന ബന്ധം ഇയാള്‍ മറച്ചുവച്ചുവെന്നും പോലീസ് വ്യക്തമാക്കി.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ചേര്‍ത്തല ഡിവൈഎസ്പി: കെ. ജി. ബാബുമോന്‍, മാരാരിക്കുളം സിഐ: കെ.എന്‍. രാജേഷ്, ഒസേപ്പച്ചന്‍, ജോര്‍ജ്, എഎസ്‌ഐ: ബൈജു, സിപിഒമാരായ സഞ്ജു സത്യന്‍, അബിന്‍കുമാര്‍, മനു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.