അന്നദാന സംഘങ്ങളെ ശബരിമലയില്‍ നിന്നും പുറത്താക്കാന്‍ നീക്കം

Sunday 16 November 2014 9:26 pm IST

ശബരിമല: അന്നദാന സംഘങ്ങളെ ശബരിമലയില്‍ നിന്നും പുറത്താക്കാന്‍ ആസുത്രീത നീക്കം. തീര്‍ത്ഥാടനകാലത്തും മാസപൂജാ ദിവസങ്ങളിലും പതിനായിരക്കണക്കിന് ഭക്തര്‍ക്ക് അന്നദാനം നല്‍കുന്ന സംഘടനകളെയാണ് സന്നിധാനത്തുനിന്നും പടിയിറക്കാന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി അയ്യപ്പസേവാസമാജത്തിന് അന്നദാനം നടത്താനായി വന്‍തുക അടയ്ക്കണമെന്നുകാട്ടി ദേവസ്വം ബോര്‍ഡ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. തീര്‍ത്ഥാടനം ആരംഭിക്കുന്ന ഇന്നുമുതല്‍ പ്രതിദിനം പതിനായിരം രൂപയും  മകരവിളക്കിനോടനുബന്ധിച്ച് ജനുവരി 10 മുതല്‍ 14വരെ പ്രതിദിനം ഒരുലക്ഷം രൂപയും ദേവസ്വം ബോര്‍ഡില്‍ അടയ്ക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഈ വ്യവസ്ഥ അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ അന്നദാനം നടത്താനാവൂ എന്നും  നോട്ടീസില്‍ പറയുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമായി 150ല്‍പരം സ്ഥലങ്ങളിലാണ് അയ്യപ്പസേവാസമാജം അന്നദാനം നടത്തുന്നത്. സന്നിധാനത്ത് തുടര്‍ച്ചയായി 24 മണിക്കൂറും അന്നദാനം നല്‍കുന്ന  ഏകസംഘടനയും അയ്യപ്പസേവാസമാജമാണ്. ഇതുകൂടാതെ സന്നിധാനത്തും പമ്പയിലും നിരവധി കേന്ദ്രങ്ങളില്‍ സൗജന്യ ചുക്കുവെള്ള വിതരണവും അയ്യപ്പസേവാസമാജം നടത്തിവരുന്നു. ശബരിമലയില്‍ അയ്യപ്പസേവാസമാജത്തെകൂടാതെ അഖിലഭാരത അയ്യപ്പസേവാസംഘം, ശ്രീഭൂതനാഥ ട്രസ്റ്റ് എന്നിവരും അന്നദാനം നല്‍കുന്നുണ്ട്. ദേവസ്വം ബോര്‍ഡ് പ്രതിദിനം നല്‍കുന്നതിന്റെ നാലിരട്ടി തീര്‍ത്ഥാടകര്‍ക്കാണ് മറ്റ് സന്നദ്ധ സംഘടനകള്‍  സൗജന്യ അന്നദാനവും കുടിവെള്ളവും നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.