ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍: ഇന്ത്യക്ക് ഇരട്ടക്കിരീടം

Sunday 16 November 2014 10:49 pm IST

ഫോസൗ: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യക്ക് ചരിത്രനേട്ടത്തോടെ ഇരട്ട കിരീടം. പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക 16-ാം നമ്പര്‍ താരം കെ. ശ്രീകാന്ത് മുന്‍ ലോകചാമ്പ്യനും നിലവിലെ ഏഷ്യന്‍-ഒളിമ്പിക്‌സ് സ്വര്‍ണ്ണമെഡല്‍ ജേതാവുമായ ചൈനയുടെ ലിന്‍ ഡാനെ അട്ടിമറിച്ചാണ് കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് കിരീടം സമ്വന്തമാക്കിയത്. വനിതാ വിഭാഗം സിംഗിള്‍സില്‍ ജപ്പാന്റെ അകനെ യമാഗുച്ചിയെ കീഴടക്കിയാണ് സൈന കിരീടം സ്വന്തമാക്കിയത്. പുരുഷ വിഭാഗം സിംഗിള്‍സില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കിഡംബി ശ്രീകാന്തിന്റെ വിജയം. അഞ്ച് തവണ ലോകചാമ്പ്യനും 2008 ബീജിംഗ്, 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും 2010ലെ ഗ്വാങ്ഷു, 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും സിംഗിള്‍സ് സ്വര്‍ണ്ണം നേടിയ ബാഡ്മിന്റണ്‍ ലോകത്തെ എക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളില്‍ ഒരാളായ ചൈനയുടെ ലിന്‍ഡാനെ 21-19, 21-17 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ ബാഡ്മിന്റണിലെ പുത്തന്‍ സൂപ്പര്‍താരോദയമായ കെ. ശ്രീകാന്ത് തകര്‍ത്തുവിട്ടത്. ഫൈനല്‍ പോരാട്ടം 46 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. 21കാരനായ ശ്രീകാന്തിന്റെ ആദ്യ അന്താരാഷ്ട്ര കിരീടമാണിത്. ലോക ബാഡ്മിന്റണിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായ ലിന്‍ ഡാനെതിരെ ഒരു ഇന്ത്യന്‍ താരം നേടുന്ന ആദ്യ വിജയമാണിത്. ഇതിന് മുന്‍പ് രണ്ട് തവണ ലിന്‍ ഡാനുമായി ഏറ്റുമുട്ടിയപ്പോഴും ശ്രീകാന്ത് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം തായ്‌ലന്റ് ഓപ്പണ്‍ ഗ്രാന്റ് പ്രിക്‌സില്‍ കിരീടം ചൂടിയതായിരുന്നു ശ്രീകാന്തിന്റെ ഇതിന് മുന്‍പത്തെ ഏറ്റവും വലിയ നേട്ടം. ഈ വര്‍ഷം ഇന്ത്യന്‍ ഓപ്പണ്‍ ഗ്രാന്റ് പ്രിക്‌സില്‍ രണ്ടാം സ്ഥാനവും ശ്രീകാന്ത് നേടിയിരുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ കെ.വി.എസ്. കൃഷ്ണയുടെയും രാധയുടെയും മകനായി 1993 ഫെബ്രുവരി 7നാണ് ശ്രീകാന്തിന്റെ ജനനം. ശ്രീകാന്തിന്റെ സഹോദരന്‍ നന്ദഗോപാലും ബാഡ്മിന്റണ്‍ താരമാണ്. വനിതാ വിഭാഗത്തില്‍ യോഗ്യതാ റൗണ്ട് കടന്നെത്തി ഫൈനലിലേക്ക് കുതിച്ച ജപ്പാന്റെ അകനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യന്‍ സൂപ്പര്‍താരം സൈന നെഹ്‌വാള്‍ കിരീടം ചൂടിയത്. 42 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ 21-12, 22-20 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ എയ്‌സ് സൈനയുടെ പടയോട്ടം. ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സൈന കരീടം ചൂടുന്നത്. ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിനപ്പുറമെത്താന്‍ സൈനയ്ക്ക് കഴിഞ്ഞിട്ടില്ല. ആദ്യ ഗെയിം ഏറെക്കുറെ അനായാസമായി നേടിയ സൈനയ്ക്ക് രണ്ടാം ഗെയിമില്‍ കനത്ത വെല്ലുവിളിയാണ് അകനെ ഉയര്‍ത്തിയത്. തുടക്കം മുതല്‍ തന്നെ ഓരോ പോയിന്റും പൊരുതിനേടിയാണ് ഇരുവരും ടൈബ്രേക്കറിന്റെ വക്കുവരെയെത്തിയത്. ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനക്കാരിയായ സൈനയുടെ ഈ വര്‍ഷത്തെ മൂന്നാമത്തെ കിരീടമാണിത്. രണ്ടാമത്തെ സൂപ്പര്‍ സീരീസ് കിരീടവും. നേരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിലും ഇന്ത്യന്‍ ഗ്രാന്റ്പ്രീ ഗോള്‍ഡിലുമാണ് ഈ സീസണില്‍ സൈന കിരീടം നേടിയത്. സൈനയുടെ കരിയറിലെ എട്ടാമത്തെ സൂപ്പര്‍സീരീസ് കിരീടമാണിത്. ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസില്‍ മൂന്നു തവണയും (2009, 2010, 2012) സിംഗപ്പൂര്‍ സൂപ്പര്‍ സീരീസ് (2010), ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (2014), ഡെന്‍മാര്‍ക്ക് ഓപ്പണ്‍ (2012), ഹോങ്‌കോങ് സൂപ്പര്‍ സീരീസ് (2010) എന്നിങ്ങനെയാണ് സൈനയുടെ മറ്റ് കിരീട നേട്ടങ്ങള്‍. കൂടാതെ സ്വിസ് ഓപ്പണ്‍ ഗോള്‍ഡ് ഗ്രാന്റ്പ്രി രണ്ടുതവണയും (2011, 2012), തായ്‌ലന്റ് ഓപ്പണ്‍ ഗോള്‍ഡ് ഗ്രാന്റ് പ്രി (2012), ഇന്ത്യന്‍ ഗ്രാന്റ്പ്രീ ഗോള്‍ഡില്‍ മൂന്നുതവണയും (2009, 2010, 2014) സൈന ജേത്രിയായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.