മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമലനട തുറന്നു

Monday 17 November 2014 12:33 am IST

ശബരിമല:ശരണഘോഷങ്ങളാല്‍ മുഖരിതമായ സായാഹ്നത്തില്‍ മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട് 5.30ന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.നാരായണന്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. ഇതോടെ 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലക്കാലത്തിന് തുടക്കമായി. ദീപംതെളിയിച്ച ശേഷം മേല്‍ശാന്തി പതിനെട്ടാംപടിയിറങ്ങി താഴെതിരുമുറ്റത്തെ ആഴി ജ്വലിപ്പിച്ചു. തുടര്‍ന്നാണ് കാത്തുനിന്ന ഭക്തസഹസ്രങ്ങളെ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിച്ചത്. ഭക്തരുടെ നീണ്ടനിര ശരംകുത്തിയും പിന്നിട്ടിരുന്നു. ഏഴുമണിയോടെ സന്നിധാനത്തേയും മാളികപ്പുറത്തേയും മേല്‍ശാന്തിമാരായ ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരി, എസ്.കേശവന്‍ നമ്പൂതിരി എന്നിവരുടെ അവരോധിക്കല്‍  ചടങ്ങുകള്‍ നടന്നു. സോപാനത്ത് തന്ത്രിയുടെ കാര്‍മികത്വത്തില്‍ കലശാഭിഷേകത്തിനുശേഷം മേല്‍ശാന്തിമാര്‍ക്ക് ശ്രീകോവിലിനുള്ളില്‍വെച്ച് മൂലമന്ത്രം ചൊല്ലിക്കൊടുത്തു. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ സുഭാഷ് വാസു, പി.കെ.കുമാരന്‍, ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണര്‍ കെ.ബാബു, എഡിജിപി പത്മകുമാര്‍ എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു. നാളെ വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് തിരുനട തുറക്കുന്നത്. മണ്ഡല മകരവിളക്ക് ഉത്സവക്കാലത്തിന് നടതുറക്കുന്നതിന് മുമ്പുതന്നെ വന്‍ ഭക്തജനാവലിയാണ് ശബരിമലയിലേക്ക് എത്തിയത്. തീര്‍ത്ഥാടകര്‍ക്കായി അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ദേവസ്വംബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.