കള്ളപ്പണം മോദി അന്താരാഷ്ട്ര സഹകരണം തേടി

Monday 17 November 2014 12:37 am IST

ബ്രിസ്‌ബെയ്ന്‍: വിദേശബാങ്കുകളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ അന്താരാഷ്ട്ര സഹകരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തില്‍ നിന്നുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ ആരംഭിച്ച ശക്തമായ നടപടികളുടെ ഭാഗമായാണ് മറ്റുരാജ്യങ്ങളുടെ സഹകരണം മോദി ആവശ്യപ്പെട്ടത്. കള്ളപ്പണ നിക്ഷേപമുള്ള രാജ്യങ്ങള്‍ ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും നിയമങ്ങള്‍ക്ക് അനുസൃതമായി കൈമാറണമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ജി 20 ഉച്ചകോടിയുടെ ഭാഗമായി നടന്ന പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി സംബന്ധിച്ച വിവരങ്ങളുള്‍പ്പെടെ കൈമാറാനാണ് മോദി മറ്റ് രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കള്ളപ്പണ നിക്ഷേപം ഉയര്‍ത്തുന്ന സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ ആഗോളതലത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂലധനത്തിന്റെ ഒഴുക്കും സാങ്കേതികവിദ്യയും നികുതി ഒഴിവാക്കുന്നതിന് ഇടയാക്കുന്നുണ്ട്. കൂട്ടായ സഹകരണത്തിലൂടെ, കള്ളപ്പണ നിക്ഷേപം ഉയര്‍ത്തുന്ന വെല്ലുവിളികളെ മാത്രമല്ല, ഭീകരവാദം, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് തുടങ്ങിയ വെല്ലുവിളികളെക്കൂടി നേരിടാനാകുമെന്നും മോദി ചൂണ്ടിക്കാട്ടി. നികുതിവെട്ടിച്ച് വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള പണത്തിന്റെ വിവരങ്ങള്‍ രാജ്യങ്ങള്‍ ആവശ്യപ്പെടാതെ തന്നെ നല്‍കുന്നതിനുള്ള രീതി കൊണ്ടുവരുന്നതിനെ ഭാരതം പിന്തുണയ്ക്കുന്നതായും മോദി പറഞ്ഞു. നികുതി നയങ്ങളിലും മറ്റ് ഭരണകാര്യങ്ങളിലും വിവരങ്ങള്‍ കൈമാറുന്നതിനും ഭാരതം പിന്തുണ അറിയിച്ചു. ബേസ് ഇറോഷന്‍ ആന്‍ഡ് പ്രോഫിറ്റ് ഷെയറിംഗ് (ബിഇപിഎസ്) സംവിധാനം നടപ്പിലാക്കുന്നതിന് മുമ്പ് വികസിത - വികസ്വര സമ്പദ്‌വ്യവസ്ഥകളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും ഭാരതം ആവശ്യപ്പെട്ടു. നികുതി വിഷയങ്ങളിലെ സുതാര്യത സംബന്ധിച്ച പ്രശ്‌നങ്ങളില്‍ 2015 ഓടെ തീര്‍പ്പുണ്ടാക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കള്ളപ്പണ വിഷയത്തില്‍ നരേന്ദ്രമോദിയുടെ ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഭാരതത്തെ സമീപിച്ചെന്ന് വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു. കള്ളപ്പണ വിഷയത്തില്‍ വിവരങ്ങള്‍ കൈമാറാമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന ആദ്യ പ്ലീനറി സെഷന്‍ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടാണ് ഉദ്ഘാടനം ചെയ്തത്. ആഗോള സമ്പദ് വ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍, യുക്രൈന്‍ പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങള്‍  പരാമര്‍ശിച്ചാണ് അബോട്ട് പ്ലീനറി സെഷന്‍ ആരംഭിച്ചത്. രണ്ട് ദിവസമായി നടന്നുവന്ന ഉച്ചകോടിയുടെ പ്രസ്താവന പുറത്തിറക്കിയാണ് ഗ്രൂപ്പ് 20 ഉച്ചകോടി ഇന്നലെ സമാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.