വിലക്കയറ്റം: പ്രതിപക്ഷം ഇറങ്ങിപ്പോയി

Thursday 13 October 2011 12:42 pm IST

തിരുവനന്തപുരം: വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. മരുന്നുകളുടെ വിലക്കയറ്റം നിയന്ത്രിക്കാനായി ഈ മാസം 20ന് മരുന്ന് ഉത്പാദകരുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും മരുന്നുകളുടെയും വില ക്രമാതീതമായി കുതിച്ചുയര്‍ന്നുവെന്ന്‌ അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയ സി.പി.ഐയിലെ വി.എസ്‌. സുനില്‍കുമാര്‍ ആരോപിച്ചു. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. രാസവളങ്ങളുടെ വില കുത്തനെ കൂട്ടി. വളത്തിന്റെ സബ്സിഡി കുറച്ച കേന്ദ്രത്തിനെതിരെ ഒരക്ഷരം സംസാരിക്കാന്‍ സര്‍ക്കാരിന് ധൈര്യമില്ല. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്റെ ബൈലോ ഭേദഗതി ചെയ്ത് മരുന്ന് വില്‍ക്കാന്‍ അവര്‍ക്ക് അനുമതി നല്‍കണമെന്നും സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. ചുക്കും ചുണ്ണാമ്പും അറിയാത്ത ആരോഗ്യ മന്ത്രി മരുന്നുകമ്പനികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു. മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സമിതിക്ക് രൂപം നല്‍കിയതായി അറിയിച്ചു. മരുന്ന് ഉത്പാദകരുടെ യോഗം ഈ മാസം ഇരുപതിന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മരുന്നുകള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ അരി ഉള്‍പ്പെടെ ഭൂരിപക്ഷം അവശ്യസാധനങ്ങള്‍ക്ക്‌ വിലവര്‍ദ്ധിച്ചിട്ടില്ലെന്നും കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി സ്ഥാപിച്ചു. അതേസമയം, ഔഷധത്തിന്റെയും രാസവളത്തിന്റെയും വില വര്‍ദ്ധിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം സമ്മതിച്ചു. മരുന്നു കമ്പനികളുടെ ചൂഷണം നിര്‍ത്താനാവുമോയെന്ന് ഈ സര്‍ക്കാര്‍ കാണിച്ചു തരാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് സംസാരിച്ച സി.പി.എം നിയമസഭാകക്ഷി ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ സാധനവില കുറഞ്ഞുവെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത്‌ ശരിയല്ലെന്ന് പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ അതിവേഗം വളര്‍ന്നത് വിലനിലവാരം മാത്രമാണ്. മരുന്നിന് വില കൂട്ടി വിറ്റവര്‍ക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് ചോദിച്ച കോടിയേരി വിലക്കയറ്റം വര്‍ദ്ധിക്കുമ്പോഴും മുഖ്യമന്ത്രി നമശിവായ മജിസ്ട്രേറ്റിനെ പോലെ മിണ്ടാതിരിക്കുകയാ‍ണെന്നും ഇറങ്ങിപ്പോകുന്നതിന് മുമ്പായി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.